പൈതൃകം കൈമുതലാക്കി ക്രൊയേഷ്യ
text_fieldsപഴയ യൂഗോസ്ലാവ്യയുടെ ഫുട്ബാൾ പൈതൃകം അതുപടി പകർന്നുകിട്ടിയിരിക്കുന്നത് ഇന്നത്തെ ക്രൊയേഷ്യക്കാണ്. യുദ്ധാനന്തരം യൂഗോസ്ലാവ്യ ഏഴ് സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കപ്പെടുകയുണ്ടായി, ബോസ്നിയ ഹെർസഗോവിന, ക്രൊയേഷ്യ, കൊസാവോ, മോണ്ടിനെഗ്രോ, മാസിഡോണിയ, സെർബിയ, സ്ലൊവീനിയ. ഇതിൽ ക്രൊയേഷ്യയും സെർബിയയും ഇത്തവണ ലോകകപ്പിന് യോഗ്യത നേടി. യൂറോപ്പിൽ ലാറ്റിനമേരിക്കൻ ശൈലിയിൽ പന്തുകളിക്കുന്നവർ എന്ന് വിശേഷണമുള്ള ക്രൊയേഷ്യക്കാർക്ക് മഹത്തായ ഒരു പാരമ്പര്യമുണ്ട് കാൽപ്പന്തുകളിയിൽ.
ഫ്രാൻയോ ബുച്ചാർ എന്ന എഴുത്തുകാരനായിരുന്നു 19ാം നൂറ്റാണ്ടിൽ ‘നോഗോമേറ്റു’ എന്ന് പേരുണ്ടായിരുന്ന കാൽപ്പന്തുകളി ക്രൊയേഷ്യൻ മേഖലയിൽ കൊണ്ടെത്തിച്ചത്. അയൽക്കാരായ സ്ലൊവീനിയക്കാരും ഇതേപേരിൽ പുതിയകളി അവരുടേതായി ഉൾക്കൊണ്ടു. ഒന്നാം ലോകയുദ്ധത്തിനുശേഷമായിരുന്നു അവിടെ അംഗീകൃത ഫുട്ബാൾ ക്ലബുകൾ രൂപവത്കൃതമായത്. തുടർന്ന് ക്രൊയേഷ്യ യുഗോസ്ലാവ്യയുടെ ഭാഗമാവുകയും 1990ലെ ആഭ്യന്തര യുദ്ധകാലം വരെ അതിെൻറ ഭാഗമായിത്തുടരുകയും ചെയ്തു. അക്കാലമത്രയും നിരവധി ക്രൊയേഷ്യൻ കളിക്കാർ അക്കാലത്ത് ലോക ഫുട്ബാൾ ശക്തിയായിരുന്ന യൂഗോസ്ലാവ്യൻ ടീമിൽ അംഗമായിരുന്നു.
വീണ്ടും ക്രൊയേഷ്യ സ്വതന്ത്ര രാജ്യമായപ്പോൾ യൂഗോ ഫുട്ബാൾ പാരമ്പര്യം അവരുടേതായി. 1990ൽ സ്വാതന്ത്ര്യം നേടിയതോടെ യൂറോപ്യൻ ഫുട്ബാൾ യൂനിയനിൽ അംഗമായ ക്രൊയേഷ്യക്കാർ ഫിഫയിലും അംഗമായി. അതോടെ അവരുടെ ടീമിന് മറ്റൊരു ടീമിനും ലഭിക്കാതിരുന്ന സ്ഥാനവും ഫുട്ബാൾ ചരിത്രത്തിൽ ലഭിച്ചു. ഒറ്റയടിക്ക് 80 സ്ഥാനങ്ങളാണവർ ഫിഫ റാങ്കിങ്ങിൽ മുന്നോട്ടുകുതിച്ചത്. 1998ലെ ഫ്രാൻസ് ലോകകപ്പിൽ വിഖ്യാതരായ ജർമനിയെ ക്വാർട്ടറിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയതോടെ ഡാവോർ സുക്കർ എന്നൊരു കളിക്കാരനും ക്രൊയേഷ്യ എന്നൊരു ടീമും ഫുട്ബാൾ ഭൂപടത്തിൽ ഇടംപിടിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുടെ നാടുകളിലൊന്നായാണ് അവർ അറിയപ്പെടുന്നത്. യുവൻറസിെൻറ മാരിയോ മാൻസൂക്കിച്ച്, റയൽ മഡ്രിഡിെൻറ ലൂക മോഡ്രിച്ച, ബാഴ്സലോണയുടെ ഇവാൻ റാകിടിച്ച്, ഇൻറർ മിലാെൻറ ഇവാൻ പെരിസിച്ച് എന്നിവരൊക്കെ വ്യക്തിഗത മികവിലും ക്രൊയേഷ്യൻ ടീമിെൻറ കരുത്തിലും ഒരുപോലെ പങ്കാളികളാകുന്നു.
ലോകകപ്പിലെ പുത്തൻ ശക്തികളായ ക്രൊയേഷ്യയിലാണ് ലോകത്തിലെ ഏറ്റവും ചെറിയ നഗരം സ്ഥിതിചെയുന്നത്. അവരുടെ ഉത്തര പടിഞ്ഞാറൻ മേഖലയിലെ ഹും എന്ന നഗരത്തിലെ ജനസംഖ്യ കേവലം 17നും 23നും ഇടയിലാണ്. ക്രൊയേഷ്യയിലെ തീരദേശങ്ങൾ അറിയപ്പെടുന്നത് ഡാൽമേഷ്യൻസ് എന്നാണ്. വെള്ളയിൽ കറുത്ത പുള്ളികളുള്ള പ്രത്യക ജനുസ്സിൽപ്പെട്ട നായ്ക്കളുടെ നാടാണ് ക്രൊയേഷ്യയെങ്കിലും ആ പേര് ആദ്യം കിട്ടിയത് തീരദേശത്തിനുതന്നെ. പിന്നീടാണ് അത്തരം നായ്ക്കൾ ആ പേരിൽ അറിയപ്പെട്ടുതുടങ്ങിയത്. വജ്രത്തെക്കാൾ വിലയുള്ളതാണ് കുമിൾ വർഗത്തിൽപ്പെട്ട ട്രഫിൽ. രുചിയുടെ പര്യായമായ ഈ സസ്യത്തിന് സാധാരണ ഗതിയിൽ ഒരെണ്ണത്തിന് എട്ടോ പത്തോ ഗ്രാമുകളെ ഉണ്ടാകൂ. എന്നാൽ, 1999ൽ ജിയാൻ കാർലോ സൈനറെ എന്ന ഭാഗ്യാന്വേഷിയുടെ കണ്ണിൽപെട്ട ട്രഫിലിെൻറ ഭാരം 1.301 കിലോഗ്രാം. ഒറ്റദിവസംകൊണ്ട് അയാൾ കോടീശ്വരനാവുകയും ക്രൊയേഷ്യക്ക് അത് കണ്ടെത്തിയ രാജ്യം എന്നുള്ള പേരും കിട്ടി ചരിത്രത്തിൽ ഇടംകിട്ടുകയും ചെയ്തു. യൂറോപ്പിൽ ഏറ്റവും അധികം സൂര്യപ്രകാശം ലഭിക്കുന്ന ക്രൊയേഷ്യയിൽത്തന്നെയാണ് യൂറോപ്പിലെ ഏറ്റവും മനോഹരമായ സമുദ്രതീരങ്ങളുള്ളതും. സൈക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് മാർക്കോ മറൂളീച്ച് എന്ന ക്രൊയേഷ്യൻ എഴുത്തുകാരനായിരുന്നു.
ലോകത്ത് ഏറ്റവും അധികം ലാൻഡ് മൈനുകൾ വിതറപ്പെട്ട രാജ്യമായിരുന്നു പന്തുകളിക്കാരുടെ നാട്. അതുകൊണ്ടുതന്നെ കുറേക്കാലത്ത് അവരുടെ തുറസ്സായ സ്ഥലങ്ങളിൽ പന്തുകളിക്കാൻ നിയന്ത്രണവും ഉണ്ടായിരുന്നു. ഇത്തവണ ഐസ്ലൻഡ്, ഉക്രെയ്ൻ, തുർക്കി, ഫിൻലൻഡ്, കൊസോവോ എന്നീ രാജ്യങ്ങളുടെ ഗ്രൂപ്പിൽ ആയിരുന്ന ക്രൊയേഷ്യ, ഐസ്ലൻഡിനു പിന്നിൽ രണ്ടാമതായിട്ടാണ് യോഗ്യത നേടിയത്. എന്നാൽ, അവർക്ക് ഇവിടെയും തങ്ങളെ വിറപ്പിച്ചുവിട്ട ഹിമപുത്രന്മാരെത്തന്നെ വീണ്ടും ഒപ്പംകിട്ടിയിരിക്കുന്നു. പിന്നെ കൂടെയുള്ളത് കഴിഞ്ഞതവണത്തെ രണ്ടാംസ്ഥാനക്കാരായ അർജൻറീനയും ആഫ്രിക്കൻ വമ്പന്മാരായ നൈജീരിയയും.
ഏറ്റവും സന്തുലിതമായ ടീമാണ് യൂഗോസ്ലാവിയയുടെ പിൻതലമുറക്കുള്ളത്. മൊണാകോയുടെ വലകാക്കുന്ന ഡാനിയേൽ സുബാസിച്ച് മുതൽ മുൻനിരയിലെ മാൻസൂകിച്ച് വരെ ഒരേ കണ്ണിയിൽ കോർത്തെടുത്തതുപോലുള്ള ഒരുമയാണവർക്ക്. എന്നാൽ, അവരുടെ മധ്യനിരയാകും ഒരുപേക്ഷ, ഏറ്റവും മികച്ചത്. മോഡ്രിച്ചും റാക്കിറ്റിച്ചും കോവാസിച്ചും കൊണ്ടക്കൊടുക്കുന്ന പന്തുകൾ വലക്കുള്ളിലാക്കാൻ മാൻസൂകിച്ചും പെരിസിച്ചും ഉള്ളപ്പോൾ ഏത് പ്രതിരോധവും ഒന്ന് വിറക്കും.
പ്രവചനം: അർജൻറീനക്കൊപ്പം ക്രൊയേഷ്യയും അടുത്ത റൗണ്ടിൽ ഉണ്ടാകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
