കാര്യസ്ഥൻ ക്രോസ്
text_fieldsയന്ത്രത്തിെൻറ കൃത്യതയോടെ ഫുട്ബാൾ കളിക്കുന്ന ജർമൻകാരനാണ് ടോണി ക്രോസ്. കാൽപന്തുകളിക്കാരനായിട്ടു തന്നെയായിരുന്നു ടോണി പിറന്നത്. ആദ്യ കാല ഈസ്റ്റ് ജർമൻ ഗുസ്തിക്കാരനായിരുന്നു അച്ഛൻ റൊണാൾഡ് ക്രോസ്. പെട്ടെന്നദ്ദേഹം ഫുട്ബാളിലേക്കു തിരിയുകയും ഈസ്റ്റ് ജർമനിയിലെ അമച്വർ കളിക്കാരനാവുകയും പിന്നീട് പ്രശസ്ത ഫുട്ബാൾ പരിശീലകനാവുകയും ചെയ്തു. അമ്മ ബ്രിജിറ്റ് ക്രേമർ ആകട്ടെ കിഴക്കൻ ജർമനിയുടെ ദേശീയ ബാഡ്മിൻറൺ ടീം അംഗമായിരുന്നു. അതുകൊണ്ട് തന്നെ അവർക്കു ജനിച്ച രണ്ടു ആൺകുട്ടികളും നടക്കാൻ പഠിക്കുന്നതിനൊപ്പം കായിക വിനോദങ്ങളും അഭ്യസിച്ചു തുടങ്ങി. അടുപ്പക്കാരും അയൽക്കാരും കുട്ടികളുടെ സ്പോർട്സ് പങ്കാളിത്തം കണ്ടു നൽകിയ വിളിപ്പേരായിരുന്നു സ്പോർട്സ് ടെസ്റ്റ്ട്യൂബ് ബേബികൾ!
ടോണി പിറന്നു എട്ടു മാസങ്ങൾ കഴിഞ്ഞപ്പോൾ അവെൻറ രാജ്യംതന്നെ ഇല്ലാതായി. 1990 ജനുവരി നാലിന് അന്നത്തെ കിഴക്കൻ ജർമനിയിലെ ഗ്രീഫസ്വാൾഡിലാണ് ടോണി ജനിച്ചത്. കിഴക്കൻ ജർമനിയിലെ സോഷ്യലിസ്റ്റ് കാലഘട്ടത്തിൽ സമ്പന്നമായിരുന്നു ക്രോസ് കുടുംബം. കുടുംബത്തിന് സർക്കാർ പരിഗണന ലഭിച്ചിരുന്നതോടെയാണ് അമ്മ ദേശീയ ബാഡ്മിൻറൺ ടീം അംഗവും അച്ഛൻ ഫുട്ബാൾ പരിശീലകനുമായത്. അതുകൊണ്ടുതന്നെ ടോണി പിറന്നതും സമ്പന്നൻ ആയിട്ടുതന്നെയായിരുന്നു. എന്നാൽ, അപ്പോഴേക്കും അവിടത്തെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ ജനകീയ സമരങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഒടുവിൽ അക്കൊല്ലം ഒക്ടോബർ മൂന്നിന് ഇരു ജർമനികളും യോജിച്ചുകൊണ്ടു ഒറ്റ ഒരു രാജ്യം ആവുകയും ചെയ്തു. അതോടെ ചരിത്രത്തിെൻറ ഭാഗമായി പിറന്ന ചെക്കൻ ഫുട്ബാൾ ചരിത്രത്തിൽ പുത്തൻ അധ്യായങ്ങൾ എഴുതിച്ചേർത്തു. ലോകചാമ്പ്യനും ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് വിജയം ആഘോഷിക്കുംവരെ ആ ജൈത്രയാത്ര ചെന്നെത്തി.
ഫുട്ബാളിലെ എല്ലാ വിജയങ്ങളും സ്വന്തമാക്കിക്കഴിഞ്ഞ ടോണിയുടെ മുന്നിലുള്ള ഒരേയൊരു ചോദ്യം ലോക ചാമ്പ്യൻ പട്ടം ആവർത്തിക്കുവാൻ കഴിയുമോ എന്നു മാത്രമാണ്. ഒരു വയസ്സു ഇളയവനായ ഫെലിക്സ് ആയിരുന്നു ടോണിയുടെ ഏറ്റവുമടുത്ത കളിക്കൂട്ടുകാരൻ. പിതാവ് നിർദേശിക്കുന്ന എല്ലാ പരിശീലന മുറകളും ഇരുവരും മുടങ്ങാതെ കണിശമായി ചെയ്തിരുന്നു. അതുകൊണ്ടു ലോക ഫുട്ബാളിലെ തന്നെ ഏറ്റവും ശാരീരിക ക്ഷമതയുള്ള കളിക്കാരനായി ടോണിയെ അത്തരം പരിശീലനരീതി മാറ്റിയെടുത്തു. ഒപ്പം കളിക്കളത്തിനു അകത്തും പുറത്തുമുള്ള ഏറ്റവും മാന്യനും അച്ചടക്കവും ഉള്ള കളിക്കാരനായും അയാളുടെ മാതാപിതാക്കളുടെ ഇടപെടലുകൾ അയാളെ രൂപപ്പെടുത്തുകയും ചെയ്തു.
ഗ്രീഫ്സു വാൾഡ് അക്കാദമിയിൽ നിന്ന് പരിശീലനം പൂത്തിയാക്കിയ ടോണി 2002 മുതൽ 2006 വരെ കിഴക്കൻ ജർമനിയിലെ ഹാൻസ റോസ്റ്റോക്കിന് കളിച്ചു. അന്ന് തന്നെ കാലം കരുതിെവച്ചിരിക്കുന്ന ഏറ്റവും മികച്ച േപ്ലമേക്കർ ആണ് താനെന്ന് തെളിയിക്കുന്ന മിന്നലാട്ടങ്ങൾ ആ പ്രകടനങ്ങളിൽനിന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ജർമൻ െറേക്കാഡ് ജേതാക്കളായ ബേയൺ മ്യൂണിക്കിൽനിന്ന് ക്ഷണം ലഭിച്ചത്. അത് ടോണിയുടെ പന്തുകളിയുടെയും ജീവിതത്തിെൻറയും വഴിത്തിരിവാവുകയും ചെയ്തു. 2007 മുതൽ 2014 വരെയുള്ള അവിടത്തെ മത്സരപങ്കാളിത്തം അയാളെ ലോകത്തിലെ ഏറ്റവും മികച്ച ഒരു മധ്യനിരക്കാരനാക്കി മാറ്റി. കൂടെ അദ്ദേഹത്തിെൻറ കാലിൽനിന്ന് പറന്നകന്ന ഫ്രീകിക്കുകളുടെ സൗന്ദര്യവും കൃത്യതയും എതിരാളികളുടെപോലും ആദരവ് പിടിച്ചെടുത്തു.
2014ൽ റയൽ മഡ്രിഡിൽ ചെന്നെത്തിയ ശേഷം അവരുടെ നേട്ടങ്ങൾക്കൊക്കെ റൊണാൾഡോക്കും ബെയ്ലിനും മോഡ്രിച്ചിനും ഒപ്പം പങ്കാളിയായി. തുടർച്ചയായ മൂന്നു ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിലെ പരിചയസമ്പന്നതയും ആയിട്ടാണ് ടോണി ലോക ചാമ്പ്യന്മാർക്കൊപ്പം റഷ്യയിൽ എത്തുന്നത്. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ബ്രസീലിനെതിരെ മികച്ച രണ്ടു ഗോളുകൾ നൽകുന്ന ആത്മവിശ്വാസവും ഇത്തവണ ഈ ഈസ്റ്റ് ജർമൻകാരന് കൈമുതലാകും.ജർമൻ ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ ക്രോസ്, മിഷായേൽ ബാലാക്കിനു ശേഷം കിഴക്കൻ ജർമനിയിൽനിന്നുള്ള ദേശീയ ടീമിലെ പ്രബലനാണ്. ലോക ചാമ്പ്യന്മാരുടെ നായകന് തുല്യമായ സ്ഥാനമാണ് ഈ പരിചയസമ്പത്ത്. ഖെദീര, ഒാസിൽ, ഗുൻഡോഗൻ എന്നിവരടങ്ങിയ അതിശക്തമായ മധ്യനിരയിൽ ക്രോസിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിെൻറ ഗതിവേഗവും പന്തെത്തിക്കുന്നതിലുള്ള കൗശലവും ഫ്രീകിക്കുകളുമാണ്. ഒപ്പം നിർണായക നിമിഷങ്ങളിൽ അത്യപൂർവ ഗോളുകളും. ജർമനിക്കു ഇത്തവണ വേണ്ടതും അതാണ്. അതുകൊണ്ടുതന്നെ ജർമൻ ടീമിെൻറ ലോകകപ്പ് കുതിപ്പ് ടോണിയുടെ മികവിനെ ആശ്രയിച്ചാകും.
(ജർമൻ ഭാഷയിൽ ‘KROOS’ എന്ന് എഴുതിയാലും ‘KROSS’ എന്നാണ് ശരിയായ ഉച്ചാരണം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
