ഖദീജക്ക് ഖൽബാണ് കാൽപ്പന്ത്
text_fieldsകാൽപ്പന്ത് കളിയോട് അടങ്ങാത്ത മുഹബ്ബത്ത് കൊണ്ടുനടന്ന പിതാവും ദേശീയ, അന്തർദേശീയ താരങ്ങളായ സഹോദരങ്ങളുമുള്ള വീട്. ഇവിടെനിന്ന് ഫുട്ബാളിനെ നെഞ്ചോടുചേർത്ത കുടുംബത്തിലേക്ക് വിവാഹം കഴിച്ചയച്ചതോടെ ഖദീജക്ക് ‘പന്തുതട്ടി’ നടക്കാൻ വയ്യാതായി.
അഞ്ച് ആൺമക്കളും ജനിച്ചുവീണത് മമ്പാടിെൻറ കളിമുറ്റത്തേക്ക്. ഇവർ വളർന്ന് വലുതായതും ഫുട്ബാൾ താരങ്ങളായിത്തന്നെ. മുൻ കേരള ക്യാപ്റ്റൻ ആസിഫ് സഹീറടക്കം നാലുപേർ ദേശീയതലത്തിൽ മികവറിയിച്ചപ്പോൾ മമ്പാട് റഹ്മാൻറെ പെങ്ങൾ അനുഗ്രഹിക്കപ്പെട്ട ഉമ്മയായി. പരേതനായ കൊടലിക്കുത്ത് അലവിയുടെ മകളാണ് ഖദീജ. സഹോദരൻ മമ്പാട് റഹ്മാൻ ഒരു കാലത്ത് ഇന്ത്യൻ ടീമിെൻറ നട്ടെല്ലായിരുന്നു. 12 വർഷം ഫെഡറേഷൻ കപ്പിൽ പങ്കെടുത്ത താരം മലയാളക്കരയിൽ വേറെയില്ല.
കേരളം, രാജസ്ഥാൻ, മഹാരാഷ്ട്ര ടീമുകൾക്ക് വേണ്ടി സന്തോഷ് േട്രാഫിയിലിറങ്ങി. കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിരയിലെ പ്രമുഖനായിരുന്നു മറ്റൊരു സഹോദരൻ അക്ബറലി. ഇദ്ദേഹം കേരള ജഴ്സിയിൽ സന്തോഷ് േട്രാഫി കളിച്ചു. സഹോദരപുത്രൻ ഷാക്കിറും സന്തോഷ് േട്രാഫി താരമായിരുന്നു. ഖദീജയുടെ മകനും ആസിഫ് സഹീറിൻറെ സഹോദരനുമായ ഷഫീഖലിയും ഷാക്കിറും ഒരുമിച്ചാണ് കേരള സംഘത്തിലുണ്ടായിരുന്നത്. എസ്.ബി.ടി സ്ൈട്രക്കർ ആസിഫ് സഹീർ എട്ടുതവണ സന്തോഷ് േട്രാഫിയിൽ പന്ത് തട്ടി, മറ്റൊരു മകൻ ഷബീറലി അഞ്ച് പ്രാവശ്യവും. ആസിഫിനും ഷബീറിനും ഷഫീഖിനും പുറമെ ഖദീജയുടെ മക്കളിൽ മൂത്തവനായ ഹബീബ് റഹ്മാനും സംസ്ഥാന ടീമിൽ കളിച്ചിട്ടുണ്ട്.
1982ൽ ദേശീയ സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മുത്തമിട്ട കേരള ടീമിെൻറ ഉപനായകനായിരുന്നു ഹബീബ്. ഷബീർ എസ്.ബി.ടിയിലും ഷഫീഖലി ഏജീസ് ഓഫിസിലുമാണിപ്പോൾ. രണ്ടാമത്തെ മകൻ അബ്ദുൽ ഗഫൂറും ഫുട്ബാൾ താരമായിരുന്നു. പേരക്കുട്ടികളും കളിക്കാര്യത്തിൽ ഒട്ടും മോശമല്ല. പ്രശസ്തരുടെ സഹോദരിയും ഉമ്മയുമാവാൻ കഴിഞ്ഞതിലെ സന്തോഷം പ്രായം 70ലെത്തുമ്പോഴും ഖദീജ മറച്ചുവെക്കുന്നില്ല. ഭർത്താവ് തച്ചങ്ങോടൻ മുഹമ്മദ് എന്ന വലിയ മാനുക്കോയയുടെ പിന്തുണ തന്നെയാണ് മക്കളെ അവരുടെ വഴിക്കുവിടാൻ ഇവർക്ക് ധൈര്യം നൽകിയത്.