ക്രൊയേഷ്യൻ വിജയം കാണാൻ കൊതിയോടെ ഗോവൻ ഗ്രാമം
text_fieldsപനാജി: ഞായറാഴ്ച രാത്രി ലുഷ്നികി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഫ്രാൻസ് െക്രായേഷ്യയെ നേരിടുേമ്പാൾ മറ്റുപല രാജ്യങ്ങളുടെയും ആരാധകർ ഇരുപക്ഷത്തിനുമായി ആർപ്പുവിളിക്കുകയാണ്. എന്നാൽ, ഒരു രാജ്യത്തിെൻറ മുഴുവൻ പ്രതീക്ഷകളും നെഞ്ചിലേറ്റി ആദ്യ ഫൈനലിനിറങ്ങുന്ന ക്രോട്ടുകളുടെ വിജയത്തിനായി പ്രാർഥിക്കുന്ന ഒരു ഗ്രാമം ഗോവയിലുണ്ട്.
ഒാൾഡ് ഗോവയിൽനിന്ന് നാലു കിലോമീറ്റർ മാത്രം അകലെയുള്ള ഗൻഡൗലിം ഗ്രാമമാണ് ലൂക മോഡ്രിചും കൂട്ടരും സ്വർണ്ണക്കപ്പുയർത്തുന്നത് കാണാൻ കാത്തിരിക്കുന്നത്. 16ാം നൂറ്റാണ്ടിൽ ക്രൊയേഷ്യയിൽനിന്ന് ഗോവയിൽ കപ്പലിറങ്ങിയ ഒരു സംഘം പ്രദേശത്തെ ജനങ്ങളുടെ ആശ്രയകേന്ദ്രമായി സാവോ ബ്രാസ് പള്ളി കംബർജുവാ കനാൽ കരയിൽ സ്ഥാപിച്ച് അന്നാട്ടിലെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനംപിടിച്ചു.
എന്നാൽ, പിൽക്കാലത്ത് സംസ്കൃതത്തിൽ ഗവേഷണം നടത്താനെത്തിയ ഡ്രാവ്ക മാറ്റിസിറ്റാണ് തെൻറ രാജ്യവും ഗോവയും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ക്രൊയേഷ്യയിലെ ഡബ്രോവ്നികിലെ സ്വെറ്റി വ്ലാഹോ ചർച്ചിെൻറ ചെറുപതിപ്പായിരുന്നു സാവോ ബ്രാസിലെ പള്ളിയെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയ അവർ സന്തോഷത്താൽ മതിമറന്നു. എന്നാൽ, പ്രാദേശിക സർക്കാർ നടത്തിയ ഗതാഗത പരിഷ്കാരങ്ങൾ കാരണം പള്ളിയുടെ പൈതൃകം നശിപ്പിക്കപ്പെട്ടതുകണ്ട അവർ അതിസങ്കടത്തിലായി. കപ്പൽ നിർമാണത്തിൽ വിദഗ്ധരായ ക്രൊയേഷ്യക്കാരെ പോർചുഗീസുകാരാണ് ഗോവയിലെത്തിച്ചതെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തൽ.
1999ൽ ക്രൊയേഷ്യൻ അംബാസഡറുടെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക സംഘവും ഗോവൻ വേരുകൾ ചികഞ്ഞ് ഇന്ത്യയിലെത്തിയിരുന്നു. സംഘത്തിെൻറ സന്ദർശനത്തിനു പിന്നാലെ വിനോദസഞ്ചാരത്തിെൻറയും മറ്റും ഭാഗമായി ഗോവയിലെത്തുന്ന ക്രൊയേഷ്യക്കാർ തങ്ങളുടെ പള്ളി സന്ദർശിക്കാതെ മടങ്ങാറില്ലെന്ന് ഗ്രാമവാസിയായ ബ്രാസ് സിൽവെയ്റ സാക്ഷ്യപ്പെടുത്തി. പള്ളി സന്ദർശിച്ച പലരും നാട്ടിലേക്ക് മടങ്ങിയ ശേഷം പള്ളിക്കായുള്ള സംഭാവനയും മറ്റുമായി മടങ്ങിയെത്തിയ കാര്യവും അദ്ദേഹം ഒാർത്തെടുത്തു. ഇത് തെളിയിക്കുന്നത് ആ രാജ്യത്തിന് ഇൗ കൊച്ചുഗ്രാമത്തോടുള്ള വൈകാരിക അടുപ്പത്തെയാണ്. അതുതന്നെയാണ് ഒന്നടങ്കം അവരുടെ വിജയത്തിനായി പ്രാർഥിക്കാൻ ഇവരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും.