ഇന്ത്യക്കായി ആദ്യ ഗോളടിച്ച് ഒാടിയത് പാക് ആരാധകരുടെ അടുത്തേക്ക് -സുനിൽ ഛേത്രി
text_fieldsമുംബൈ: ഇന്ത്യക്കായി തൻെറ ആദ്യ ഗോൾ പാക് ആരാധകർക്കൊപ്പമാണ് ആഘോഷിച്ചതെന്ന് സുനിൽ ഛേത്രി. ഇന്ന് ഇൻറർകോണ്ടിനെൻറൽ കപ്പ് ഫുട്ബാളിൽ ഇന്ത്യൻ ജഴ്സിയിൽ നൂറാം മത്സരത്തിറങ്ങാനിരിക്കെയാണ് സുനിൽ ഛേത്രിയുടെ വെളിപ്പെടുത്തൽ.
'ഞാൻ ഇപ്പോഴും എന്റെ ആദ്യ മത്സരം ഓർക്കുന്നു. ഞങ്ങൾ പാകിസ്താനിലായിരുന്നു, സയ്യിദ് റഹീം നബിയും ഞാനും ടീമിൽ പുതുമുഖങ്ങളായിരുന്നു. കളിയിൽ ഒരു ഒരു ഗോൾ നേടിയ ഞാൻ ഗ്യാലറിയിലെ പാക് ആരാധകരിലെത്തിയാണ് ഗോൾനേട്ടം ആഘോഷിച്ചത്. എനിക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു. പക്ഷെ നൂറ് അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കണമെന്ന് സ്വപ്നം കണ്ടിട്ടില്ല. ഇത് അവിശ്വസനീയമാണ്. എന്റെ സ്വപ്നത്തിനും അപ്പുറത്തുള്ള ഒരു കാര്യമാണ്. ഞാൻ എത്ര സന്തോഷവാനാണെന്ന് പറയാൻ കഴിയില്ല. ഈ ബഹുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ കളിക്കാരൻ, അവിശ്വസനീയം- ഛേത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ ഇന്ന് കെനിയയെ നേരിടുേമ്പാൾ എല്ലാ കണ്ണുകളും നായകൻ സുനിൽ ഛേത്രിയിലേക്കാണ്. തായ്പേയിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അന്താരാഷ്ട്ര കരിയറിലെ മൂന്നാം ഹാട്രിക്കോടെ കളം നിറഞ്ഞ താരം നീല ജഴ്സിയിൽ ഇന്ന് സെഞ്ച്വറി തികയ്ക്കും. ഇതിഹാസതാരം ബെയ്ചുങ് ബൂട്ടിയക്ക് (104) ശേഷം സെഞ്ച്വറി ക്ലബിലെത്തുന്ന ആദ്യ താരമാവും ഛേത്രി. 2005ൽ പാകിസ്താനെതിരെ അരങ്ങേറ്റം കുറിച്ച ഛേത്രി 59 ഗോളുമായി നീലക്കടുവകളുടെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനും കൂടിയാണ്.
ഇന്നത്തെ മത്സരത്തിലെ ജയം ടീമിെൻറ ഫൈനൽ പ്രവേശനം എളുപ്പമാക്കും. ആദ്യ മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ചൈനീസ് തായ്പേയിയെ ഗോളിൽ മുക്കിയിരുന്നു. ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിനെ 2-1ന് തോൽപിച്ച് കെനിയയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.