അടച്ചിട്ട ഗാലറിയിലും കളികാണാൻ ‘നവാരോ’ ഉണ്ടായിരുന്നു
text_fieldsവലൻസിയ: കോവിഡ് ഭീതിയിൽ ഫുട്ബാൾ ലോകത്തെ നിരവധി മത്സരങ്ങളാണ് ആരാധക ആരവങ്ങ ളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കുന്നത്. എന്നാൽ, കഴിഞ്ഞദിവസം ചാമ്പ്യൻസ് ലീഗിൽ വലൻസിയ സ്വന്തം മൈതാനമായ മെസ്റ്റല്ലയിൽ അത്ലാൻറയെ നേരിടുേമ്പാൾ കളി കാണാൻ ഒരു ആരാധകൻ പോലുമില്ലെന്ന സങ്കടമില്ലായിരുന്നു. കാരണം 15ാം വരിയിലെ 164ാം നമ്പർ സീറ്റിൽ കളികണ്ടുകൊണ്ട് ഒരാൾ ഇരിപ്പുണ്ടായിരുന്നു. വിൻസെൻറ് നവാരോ അപാരിസിയോ എന്ന സൂപ്പർ ഫാൻ.
കക്ഷി മൂന്നു വർഷം മുമ്പ് മരിച്ചുപോയെങ്കിലും ജീവൻ തുടിക്കുന്ന വെങ്കലപ്രതിമയായി നവാരോ ഗാലറിയിൽ ഇരുന്നു. പ്രിയപ്പെട്ട ആരാധകനോടുള്ള ആദരവായി വെങ്കലപ്രതിമ നിർമിച്ച് ഗാലറിയിൽ ഇരുത്തിയത് നന്നായെന്ന് വലൻസിയ ആശ്വസിച്ച ദിവസം കൂടിയാവും കഴിഞ്ഞരാത്രി. ആരവമൊഴിഞ്ഞ് പ്രേതാലയമായി മാറിയ ഗാലറിയിൽ ഒറ്റയാനായി വിൻസെൻ നവാരോ ഉണ്ടെങ്കിൽ പേടിക്കാനില്ലെന്നായിരുന്നു കളിക്കാരുടെ വിശ്വാസം. 2019ലാണ് വെങ്കലപ്രതിമ അദ്ദേഹത്തിെൻറ സ്വന്തം സീറ്റിൽ സ്ഥാപിച്ചത്.
1960 മുതൽ സ്റ്റേഡിയത്തിലെ സ്ഥിരസാന്നിധ്യമായിരുന്നു ഇദ്ദേഹം. 54ാം വയസ്സിൽ കാഴ്ച നഷ്ടമായിട്ടും ക്ലബിനോടുള്ള ആരാധന വിട്ടില്ല. ഇരുൾകയറിയ കണ്ണിലും മകെൻറ കൈപിടിച്ച് 40വർഷത്തിലേറെക്കാലം നവാരോ ഗാലറിയിലെത്തിയിരുന്നു. മകെൻറ വിവരണത്തിലൂടെ അകക്കണ്ണിെൻറ വെളിച്ചത്തിൽ കളിയാസ്വദിച്ച നവാരോ വലൻസിയൻ കളിക്കാർക്ക് സൂപ്പർ സ്റ്റാറായി. മൂന്നു വർഷങ്ങൾക്കു മുമ്പായിരുന്നു അന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
