കിക്കോഫിന് 100 നാൾ; കോവിഡ് വഴിമുടക്കുമോ
text_fieldsപാരിസ്: കളി യൂറോപ്പിലായിട്ടും കാത്തിരിപ്പ് ലോകത്തിേൻറതായ യൂറോ 2020ന് ഇനി 100 നാൾ മാത്രം. 12 രാജ്യങ്ങളിലെ 12 വേദികളിലായി ജൂൺ 12ന് വേദിയുണരുന്ന മത്സരങ്ങൾ പക്ഷേ, സമയത്ത് നടത്താനാകുമോ എന്ന ആശങ്കയിലാണ് സംഘാടകർ. ഇറ്റലിയും ഇംഗ്ലണ്ടും ഉൾപ്പെടെ ആതിഥേയ രാജ്യങ്ങളിലേറെയും കോവിഡ്-19 എന്ന മഹാമാരിയുമായി മല്ലിടുേമ്പാൾ ഒന്നും പറയാനാകാതെ കുഴങ്ങുകയാണ് സംഘാടകർ.
24 ടീമുകൾ മാറ്റുരക്കുന്ന മത്സരങ്ങൾ ബാകു മുതൽ ഡബ്ലിൻ വരെയും ഗ്ലാസ്ഗോ മുതൽ റോം വരെയുമുള്ള വ്യത്യസ്ത നഗരങ്ങളിലാണ് അരങ്ങേറുക. ആദ്യ മത്സരത്തിന് വേദിയാകുക ഇറ്റലിയുടെ തലസ്ഥാനമായ റോം. ഇറ്റലിയിലാകട്ടെ, രോഗബാധിതരുടെ എണ്ണം ഇതിനകം 2000 കടന്നു. 52 പേർ മരണത്തിന് കീഴടങ്ങി. ഇംഗ്ലണ്ടിൽ അത്ര അപകടകരമല്ലെങ്കിലും ആശ്വാസകരമല്ല വർത്തമാനങ്ങൾ. ഫ്രാൻസിൽ വലിയ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയും വിദ്യാലയങ്ങൾക്ക് അവധി നൽകിയും വൈറസിനെ പിടിച്ചുകെട്ടാനുള്ള തിരക്കിട്ട നടപടികളിലാണ് സർക്കാർ. യൂറോപ്പിലുടനീളം അതിഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ എന്തുചെയ്യണമെന്ന് തിങ്കളാഴ്ച ചേർന്ന യുവേഫ യോഗം ചർച്ചചെയ്തിരുന്നു. പ്രാദേശിക, അന്താരാഷ്ട്ര അധികൃതരുമായി ബന്ധപ്പെട്ടുവരുകയാണെന്നും കാത്തിരുന്നു തീരുമാനമെടുക്കാമെന്നുമായിരുന്നു തീരുമാനം.
ടൂർണമെൻറിനായി ഇതിനകം 2.8 കോടി ടിക്കറ്റുകൾക്ക് അപേക്ഷ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്- 2016ലേതിെൻറ ഇരട്ടി. രോഗം പിടിവിട്ട് മുന്നോട്ടുപോയാൽ പലരും പിൻവാങ്ങുമെന്നാണ് ആശങ്ക. 12 വേദികളിൽ ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിർമിച്ച പുഷ്കാസ് അറീന മാത്രമാണ് പുതിയത്.