പ്രീക്വാർട്ടറിൽ ഇന്ന് നാലു മത്സരങ്ങൾ
text_fieldsകൗമാര ലോകകപ്പിൽ ഇന്ന് നോക്കൗട്ടിെൻറ പൂരം. പ്രീക്വാർട്ടറിൽ എട്ടു ടീമുകൾ മൂന്നു വേദികളിലായി കളത്തിലിറങ്ങും. ഗോവയിൽ ഇറാൻ മെക്സികോയെയും, മാലി ഇറാഖിനെയും നേരിടുേമ്പാൾ, ഗുവാഹതിയിൽ യൂറോപ്പിലെ വമ്പന്മാർ മാറ്റുരക്കും. ടൂർണമെൻറിൽ ഏറ്റവുമധികം ഗോളടിച്ചുകൂട്ടിയ ഫ്രാൻസും ഒഴുക്കുള്ള കളിയുമായെത്തിയ സ്പെയിനുമാണ് ഗുവാഹതിയിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ മാറ്റുരക്കുന്നത്. കലാശപ്പോരിെൻറ വേദിയായ കൊൽക്കത്ത സാൾട്ട് ലേക്കിൽ ജപ്പാനും ഇംഗ്ലണ്ടും ഏറ്റുമുട്ടും.
ഇറാൻ x മെക്സികോ
(ഗോവ, 5.00 pm)
കിരീടം മോഹിച്ചെത്തിയ ജർമനിയെ വെള്ളംകുടിപ്പിച്ച ഇറാനായിരുന്നു ഗ്രൂപ് റൗണ്ടിലെ കറുത്തകുതിരകൾ. മൂന്നിൽ മൂന്നും ജയിച്ച് ഗ്രൂപ് ‘സി’ ജേതാക്കളായ ഇറാൻ, യൂറോപ്യൻ ക്ലബ് താരങ്ങളടങ്ങിയ ജപ്പാനെ 4-0ത്തിന് തരിപ്പണമാക്കിയാണ് എതിരാളികളെയെല്ലാം ഞെട്ടിച്ചത്. മൂന്നു കളിയിൽ 10 ഗോൾ അടിച്ചുകൂട്ടിയപ്പോൾ ഒരു ഗോൾ മാത്രം വഴങ്ങിയ ഇറാൻ കിരീടഫേവറിറ്റുകളായാണ് പ്രീക്വാർട്ടറിൽ കളത്തിലിറങ്ങുന്നത്.
മറുപകുതിയിൽ അണിനിരക്കുന്ന മെക്സികോയാവെട്ട, കരുത്തരുടെ ഗ്രൂപ്പിൽ പടവെട്ടി മൂന്നാം സ്ഥാനവുമായാണ് പ്രീക്വാർട്ടറിലെത്തിയത്. ഇറാഖിനെയും ചിലിയെയും സമനിലയിൽ പിടിച്ചുകെട്ടിയ മിടുക്ക് അവരുടെ മികവിനുള്ള അംഗീകാരമാണ്. ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും അവരുടെ വലയിൽ (3-2) രണ്ടു ഗോൾ അടിച്ചുകയറ്റാൻ മെക്സിക്കൻ തിരമാലകൾക്ക് കഴിഞ്ഞു.
തിരിച്ചടി: ക്യാപ്റ്റനും പ്രതിരോധത്തിലെ തലയെടുപ്പുമായ മുഹമ്മദ് ഗൊബെഷാവിയില്ലാതെയാവും ഇറാഖ് ഇന്നിറങ്ങുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മഞ്ഞക്കാർഡ് വാങ്ങിയ താരം സസ്പെൻഷനിലാണ്.
സ്റ്റാർ വാച്ച്: കഴിഞ്ഞ മൂന്നു കളിയിലും ടീമിെൻറ ഗോളവസരമൊരുക്കിയത് യൂനിസ് ഡെൽഗി-അലാഹയാർ സയ്യിദ് കൂട്ടിെൻറ ബുദ്ധിപരമായ നീക്കങ്ങളായിരുന്നു. ഇരുവരും രണ്ടു വീതം ഗോളടിച്ചു. മധ്യനിരയിൽ മുഹമ്മദ് ഖാദരിയും മുഹമ്മദ് ശരീഫിയും നിർണായക സാന്നിധ്യങ്ങൾ. രണ്ടു തവണ ലോകജേതാക്കളായ മെക്സികോയുടെ പ്രതീക്ഷകളുമായി മുന്നേറ്റതാരം ഡീഗോ ലെയ്നസുണ്ട്.
സ്പെയിൻ x ഫ്രാൻസ്
(ഗുവാഹതി, 5.00 pm)
കപ്പിൽ മുത്തമിടാൻ കൊതിച്ചെത്തിയ രണ്ടു യൂറോപ്യൻ പവർഹൗസുകൾ പ്രീക്വാർട്ടറിൽ പോരടിച്ച് വീഴുേമ്പാൾ നഷ്ടം ആരാധകർക്കാണ്. തുല്യശക്തികളിൽ ഒരാളുടെ ചിറകുകൾ ഇന്ന് അരിഞ്ഞുവീഴ്ത്തപ്പെടും. അത് സ്പെയിനോ അതോ ഫ്രാൻസോ? ‘ഇ’ ചാമ്പ്യന്മാരായ ഫ്രാൻസ് പ്രാഥമിക റൗണ്ടിൽ ഏറ്റവും കൂടുതൽ (14) ഗോൾ അടിച്ചുകൂട്ടിയവരാണ്. വഴങ്ങിയതാവെട്ട മൂന്നും. മറുപാതിയിലിറങ്ങുന്ന സ്പെയിൻ മരണഗ്രൂപ്പിലെ വെല്ലുവിളി അതിജയിച്ചാണ് വരുന്നത്. ബ്രസീൽ, നൈജർ (4-0), ഉത്തര കൊറിയ (2-0) എന്നിവരെ എതിരിട്ട് ഗ്രൂപ് ‘ഡി’യിൽനിന്ന് നേടിയ രണ്ടാം സ്ഥാനം ഒന്നാം സ്ഥാനത്തിന് തുല്യമാണ്. ആദ്യ മത്സരത്തിൽ ബ്രസീലിനോട് മാത്രമാണ് (2-1) കീഴടങ്ങിയത്.
ശക്തരായ എതിരാളികളുടെ പരീക്ഷണം അതിജയിച്ചാണ് സ്പെയിനിെൻറ വരവെങ്കിൽ താരതമ്യേന എളുപ്പമായിരുന്നു ഫ്രാൻസിെൻറ മത്സരങ്ങൾ. അരങ്ങേറ്റക്കാരായ ന്യൂകാലിഡോണിയ (7-1), ജപ്പാൻ (2-1), ഹോണ്ടുറസ് (5-1) എന്നിവരിൽനിന്ന് പ്രതിരോധം പരീക്ഷിക്കപ്പെടുന്ന വെല്ലുവിളി ഉണ്ടായില്ല എന്നു പറയാം. എന്നാൽ, ഇന്ന് കാത്തിരിക്കുന്നത് അബേൽ റൂയിസും ഫെറാൻ ടോറസും മുഹമ്മദ് മുഖ്ലിസും അടങ്ങിയ ടൂർണമെൻറിലെ കരുത്തുറ്റ മുന്നേറ്റനിരയെയാണ്. ഫ്രഞ്ച് പ്രതിരോധത്തിെൻറ കരുത്തളക്കപ്പെടുന്ന മത്സരം. അഞ്ചു മാസം മുമ്പ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഏറ്റുമുട്ടിയപ്പോൾ സ്പെയിനിനായിരുന്നു (3-1) ജയം.
സ്റ്റാർ വാച്ച്: ടൂർണമെൻറിലെ ടോപ് സ്കോററായി കുതിക്കുന്ന അമിനെ ഗോറിയുടെ ബൂട്ടുകളാണ് ഫ്രാൻസിെൻറ പ്രതീക്ഷ. സ്പെയിനിന് അബേൽ റൂയിസ്, സെർജിയോ ഗോമസ്, മുഹമ്മദ് മുഖ്ലിസ് എന്നിവരുണ്ട്.
ജപ്പാൻ x ഇംഗ്ലണ്ട്
(കൊൽക്കത്ത, 8.00 pm)
മൂന്നിൽ മൂന്നും ജയിച്ച് ഗ്രൂപ് ‘എഫ്’ ജേതാക്കളായ ഇംഗ്ലണ്ടും ‘ഇ’യിലെ റണ്ണർഅപ്പായ ജപ്പാനും തമ്മിലാണ് സാൾട്ട് ലേക്കിലെ പോരാട്ടം. ഗോളടിയിൽ ഫ്രാൻസിന് പിന്നിൽ രണ്ടാമതാണ് (11) ഇംഗ്ലണ്ട്. വഴങ്ങാനും മടി (2). ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വിവിധ ക്ലബുകളുടെ താരങ്ങളുമായെത്തിയ ഇംഗ്ലണ്ട് ടൂർണമെൻറിൽ ഏറ്റവും മികച്ച കൗമാരപ്പടകൂടിയാണ്. നിലവിലെ അണ്ടർ 20 ലോകചാമ്പ്യന്മാർ, അണ്ടർ 17 യൂറോപ്യൻ റണ്ണർഅപ്പ് തുടങ്ങിയ നേട്ടങ്ങളുള്ള സംഘം ഇന്ത്യയിൽ കിരീടഫേവറിറ്റ് കൂടിയാണ്.
അതേസമയം, ഏഷ്യൻ കരുത്തരായ ജപ്പാനെ നിസ്സാരക്കാരാക്കാനാവില്ല. ഫ്രാൻസിനു പിന്നിൽ ഗ്രൂപ് ‘ഇ’ റണ്ണർഅപ്പായിരുന്ന ജപ്പാന് അതിവേഗ ഗെയിമാണ് കരുത്ത്. ഗോളടിച്ചുകൂട്ടുന്ന ഫ്രാൻസിനെ രണ്ടു ഗോളിൽ പിടിച്ചു കെട്ടിയതുതന്നെ സാക്ഷ്യം.
തിരിച്ചടി: മൂന്നു ഗോൾ നേടിയ ജാഡ്സൺ സാഞ്ചോ ഗ്രൂപ് മത്സരം കഴിഞ്ഞ് ബൊറൂസിയ ഡോർട്മുണ്ടിലേക്ക് തിരിച്ചുപോയത് ഇംഗ്ലണ്ടിന് ക്ഷീണമാവും. എങ്കിലും സാഞ്ചോയുടെ അസാന്നിധ്യം നികത്താൻ മിടുക്കുള്ള ഒരുപിടി യുവതാരങ്ങൾ ഇംഗ്ലണ്ടിനൊപ്പമുണ്ടെന്ന് കോച്ച് സ്റ്റീവ് കൂപർ.
സ്റ്റാർ വാച്ച്: എയ്ഞ്ചൽ ഗോമസ്, ഡാനി ലോഡർ, ഫിൽ ഫോഡൻ, റിയാൻ ബ്രെസ്റ്റർ എന്നിവർ ഗോൾ പട്ടികയിൽ ഇടംപിടിച്ച ഇംഗ്ലീഷ് താരങ്ങളാണ്. പ്രതിരോധത്തിൽ സസ്പെൻഷൻ കഴിഞ്ഞ് തിമോതി ഇയോമ തിരിച്ചുവരുന്നത് നല്ലവാർത്തയാണ്. ടൂർണമെൻറിലെ ഏക ഹാട്രിക്കിനുടമയായ കെയ്റ്റോ നകാമുറ (നാലു ഗോൾ) ആണ് ജപ്പാെൻറ കരുത്ത്.
ഇറാഖ് x മാലി
(ഗോവ, 8.00 pm)
ഗ്രൂപ് ‘എഫ്’ റണ്ണർഅപ്പായ ഇറാഖും ‘ബി’ റണ്ണർഅപ്പായ മാലിയും തമ്മിലെ അങ്കം തുല്യശക്തികളുടെ പോരാട്ടമാവും. മെയ്ക്കരുത്താണ് മാലിയുടെ മികവെങ്കിൽ അതിവേഗ ഗെയിമാണ് ഇറാഖിെൻറ മിടുക്ക്. രണ്ടുതവണ ചാമ്പ്യന്മാരും നിലവിലെ ഫൈനലിസ്റ്റുമെന്ന പെരുമക്കൊത്ത പ്രകടനം ഇതുവരെ മാലിയിൽനിന്ന് പുറത്തുവന്നിട്ടില്ല. ഗ്രൂപ് റൗണ്ടിൽ പരഗ്വേയോടടക്കം പതറിയ (3-2) ആഫ്രിക്കൻ സംഘം തുടർച്ചയായ രണ്ടു ജയത്തോടെയാണ് പ്രീക്വാർട്ടറിലെത്തിയത്. അതേസമയം, ആദ്യമായി നോക്കൗട്ടിൽ കടന്ന ഇറാഖ് പ്രീക്വാർട്ടറിൽ പടനായകനില്ലാതെയാണിറങ്ങുന്നത്. നായകനും ടീമിെൻറ ടോപ് സ്കോററുമായ മുഹമ്മദ് ദാവൂദ് സസ്പെൻഷൻ കാരണം ഇന്നിറങ്ങില്ല.
സ്റ്റാർവാച്ച്: മൂന്നു ഗോളടിച്ച സ്െട്രെക്കർ ലാസന്ന ദിയെ, രണ്ടു ഗോൾ നേടിയ ദിമുസ റോറെ എന്നിവരാണ് മാലിയുടെ കരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
