വെള്ളിക്കപ്പ് കണ്ട സന്തോഷത്തിൽ കുട്ടിത്താരങ്ങൾ
text_fieldsകൊച്ചി: കൗമാര ലോകകപ്പ് ജേതാക്കൾക്കുള്ള വെള്ളിക്കപ്പ് തൊട്ടടുത്ത് കാണാനായതിെൻറ ആവേശത്തിലായിരുന്നു കേരളത്തിെൻറ കുട്ടിത്താരങ്ങൾ. ട്രോഫിക്കുചുറ്റും ആർപ്പുവിളിച്ച് ചുവടുവെച്ച കുട്ടിക്കൂട്ടം പന്തുകളി പാഠങ്ങൾ അഭ്യസിക്കാൻ ബൂട്ടുകെട്ടി കളത്തിലിറങ്ങി. അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി കൊച്ചിയിൽ സംഘടിപ്പിച്ച മിഷൻ ഇലവൻ മില്യൻ പ്രോഗ്രാമിെൻറ സംസ്ഥാനതല സമാപന പരിപാടിയാണ് കുട്ടിത്താരങ്ങളുടെ കളിയുത്സവ വേദിയായത്.
വിന്നേഴ്സ് കപ്പ് പ്രദർശിപ്പിച്ച എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിലായിരുന്നു മിഷൻ ഇലവൻ മില്യെൻറ സമാപനോത്സവം. രാവിലെ ഒമ്പതിന് തുടങ്ങിയ ഫെസ്റ്റിവലിൽ ആയിരത്തിലേറെ കുട്ടികൾ പങ്കെടുത്തു. സംസ്ഥാനത്തെ 650ഓളം സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് സമാപനപരിപാടിക്ക് അർഹത നേടിയത്. ജില്ലക്കുപുറമെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ളവർ പങ്കെടുത്തു.
