ആതിഥേയർ കൊളംബിയക്കെതിരെ; ഇന്ന് രണ്ടിലൊന്നറിയാം
text_fieldsന്യൂഡല്‍ഹി: നിറമുള്ള സ്വപ്നങ്ങളിലേക്ക് ഇന്ത്യ ഇന്ന് വീണ്ടും പന്തു തട്ടുന്നു. ലോകകപ്പ് ഫുട്ബാള്‍ ചരിത്രത്തില്‍ ഇടംനേടിയ ആദ്യ പോരാട്ടത്തില്‍ അമേരിക്കയോട് ഇടറിവീണെങ്കിലും കളിക്കളത്തില്‍ ആവേശക്കാഴ്ച തീര്‍ത്ത് രാജ്യത്തിെൻറ കൈയടി നേടിയ ആതിഥേയര്‍ക്ക് ഇന്ന് നിര്‍ണായക പോര്. രാത്രി എട്ടിന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തെക്കെ അമേരിക്കന്‍ ശക്തികളായ കൊളംബിയയാണ് എതിരാളി. ഘാനയോട് തോറ്റ കൊളംബിയയും ആദ്യ ജയം തേടിയാണ് പോരിനിറങ്ങുക. ഗാലറികളില്‍ ഇരമ്പിയാര്‍ക്കുന്ന കാണികളുടെ പിന്തുണയില്‍ അത്ഭുതങ്ങള്‍ കാട്ടാന്‍ അമര്‍ജിതും കൂട്ടരും രണ്ടും കല്പിച്ചിറങ്ങുമ്പോള് നിലനില്‍പിെൻറ പോരാട്ടമാണ് തോമസ് ഗ്വിറ്ററിസ് നയിക്കുന്ന സംഘത്തിന്. ആദ്യ രണ്ട് സ്ഥാനക്കാര്‍ അടുത്ത റൗണ്ടില്‍ യോഗ്യത ഉറപ്പിക്കുമ്പോള്‍ പ്രി ക്വാര്‍ട്ടറില്‍ മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും അവസരമുണ്ടെന്നത് ഈ പോരാട്ടത്തിന് കൂടുതല്‍ വീര്യം പകരും.
കരുത്തരായ എതിരാളികളോട് പ്രതിരോധത്തിെൻറ ഉരുക്ക്കോട്ട തീര്‍ക്കുകയെന്ന തന്ത്രം അമേരിക്കയോട് ഒരര്‍ഥത്തില്‍ പാളിപ്പോയ ഇന്ത്യ കൂടുതല്‍ വ്യക്തമായ ഗെയിം പ്ലാനോടു കൂടിയാവും കളത്തിലിറങ്ങുക. പ്രതിരോധത്തിനപ്പുറം കൂടുതല്‍ ശക്തമായ പ്രത്യാക്രമണത്തിന് ഈ കൗമാരക്കൂട്ടത്തിന് കഴിയുമെന്ന് ആദ്യ മത്സരം ഡിമാറ്റിസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വലിയ ജനക്കൂട്ടത്തിനു മുന്നില്‍ ആദ്യമായി കളിക്കാനിറങ്ങിയവർ തുടക്കത്തില്‍ പകച്ചുപോയെങ്കിലും കളിയുടെ താളംവീണ്ടെടുത്ത് അവസാന വിസില്‍വരെ അക്ഷീണം പൊരുതി. മൂന്നു ഗോള്‍ വഴങ്ങേണ്ടിവന്ന അവര്‍ ഒന്നിലേറെ തവണ ഗോളിന് അടുെത്തത്തുകയും ചെയ്തു. പരിചയസമ്പത്തിലും കരുത്തിലും തടിമിടുക്കിലും അമേരിക്കയെപോലെ ശക്തരായ കൊളംബിയയെ അതിജയിക്കാന്‍ ദൗര്‍ബല്യങ്ങളെക്കുറിച്ച തിരിച്ചറിവില്‍ കളിക്കളത്തില്‍ പൂര്‍ണ സമര്‍പ്പണമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അമേരിക്കക്കെതിരെ അതിെൻറ നല്ല ലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്തിരുന്നു.
പ്രതിരോധം, ആക്രമണം
എതിരാളികളെ പരമാവധി നേരം ഗോളടിക്കാൻ അനുവദിക്കാതിരിക്കുകയെന്ന തന്ത്രം തന്നെയാവും ഇന്നും അവലംബിക്കുക. പ്രതിരോധത്തില്‍ കോട്ട തീര്‍ക്കുന്ന അന്‍വര്‍ അലിക്കും ജിതേന്ദ്ര സിങ്ങിനും സഞ്ജീവ് സ്റ്റാലിനും പിന്നില്‍ ഗോള്‍ വലയം കാക്കുന്ന ധീരജ് സിങ്ങും അപാര ഫോമിലാണ്. മധ്യനിരയില്‍ കയറിയുമിറങ്ങിയും കളിക്കുന്ന നായകന് അമര്ജിതിനും സുരേഷ് വാങ്ജമിനും മീട്ടിക്കും അഭിജിത് സര്‍ക്കാറിനും കളിയുടെ നിയന്ത്രണമേറ്റെടുക്കാന്‍ കഴിഞ്ഞാല്‍ ആതിഥേയര്‍ക്ക് പിടിച്ചുനില്‍ക്കുക പ്രയാസമാവില്ല. മലയാളിയായ രാഹുലിന് കണങ്കാലിന് പരിക്കേറ്റത് ബോറിസ് സിങ്ങിന് ആദ്യ ഇലവനില്‍ അവസരമൊരുക്കും.
അതേസമയം, പകരക്കാരായിറങ്ങിയ അവസാന മിനിറ്റുകളില്‍ ഒന്നാന്തരം പന്തടക്കം കാണിച്ച റഹീം അലിക്കും ഇടതു വിങ്ങര്‍ നിന്തോയിബ നോറമിനും ആദ്യ ഇലവനില്‍ ഇടം നല്‍കാനുള്ള സാധ്യതയും ഡിമാറ്റിസ് തള്ളിക്കളയുന്നില്ല. മുന്‍നിരയില്‍ ആക്രമണത്തിെൻറ ചുക്കാന്‍ ഏല്പിച്ച അനികേതിന് വെള്ളിയാഴ്ച കാണികളുടെ കൈയടി നേടിയ കോമള്‍ തട്ടാല്‍ ഒന്നാന്തരം കൂട്ടാണ്. കാലില്‍ ഒട്ടിപ്പിടിപ്പിച്ച പന്തുമായി തിണ്ണബലമുള്ള എതിരാളികളെ തിരിഞ്ഞുവെട്ടിക്കയറുന്ന കോമളില്നിന്ന് ഒരുഗോള്‍ ഏതുനേരവും പ്രതീക്ഷിക്കാം. ബ്രിക്സ് കപ്പില്‍ ബ്രസീലിനെതിരെ നേടിയ ഗോള്‍ ആരും മറന്നിട്ടില്ല.
ഇന്ത്യക്കെതിരെ ഈയിടെ മെക്സികോയില്‍ നടന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെൻറില്‍ നേടിയ വിജയത്തിെൻറ പിന്‍ബലവുമായാണ് കൊളംബിയയുടെ ഒരുക്കം. ഒരു സമനില അര്‍ഹിച്ചിരുന്ന മത്സരത്തില്‍ ഘാനയോട് തോറ്റുപോയതിെൻറ സങ്കടവും അവർക്ക് തീർക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
