ബ്രസീലിനും ഇംഗ്ലണ്ടിനും പരിശീലനം മുംബൈയിൽ
text_fieldsമുംബൈ: അണ്ടർ 17 ലോകകപ്പിനുള്ള ബ്രസീലും ഇംഗ്ലണ്ടും ഉൾപ്പെടെ നാലു ടീമുകളുടെ പരിശീലന ക്യാമ്പ് മുംബൈയിൽ. ഗ്രൂപ് ‘ഡി’യിൽ കൊച്ചിയിൽ കളിക്കുന്ന ബ്രസീൽ, ഗ്രൂപ് ‘എഫിൽ’ കൊൽക്കത്തയിൽ കളിക്കേണ്ട ഇംഗ്ലണ്ട് ടീമുകൾക്ക് പുറമെ പരഗ്വേ, ന്യൂസിലൻഡ് ടീമുകളും മുംബൈയിൽ തന്നെ ക്യാമ്പ് ചെയ്യും. ഗ്രൂപ് ‘ബി’യിൽ മത്സരിക്കുന്ന ഇരുവരുടെയും മത്സരങ്ങൾക്ക് നവി മുംബൈയാണ് വേദി. ടീമുകൾ ഇൗ മാസം അവസാന വാരത്തിലെത്തുമെന്നാണ് റിപ്പോർട്ട്. സ്റ്റാർ സ്ട്രൈക്കർ വിനീഷ്യസ് ജൂനിയറിനു കീഴിലുള്ള ബ്രസീൽ ടീം 25ന് വിമാനമിറങ്ങും. മുംബൈ ഫുട്ബാൾ അറീനയിൽ പരിശീലനം നടത്തുന്ന ടീമുകൾ പരസ്പരം പരിശീലന മത്സരങ്ങളും കളിക്കും. അതിനുശേഷം മാത്രമാവും ടീമുകൾ മത്സരവേദികളിലേക്ക് പറക്കുന്നത്. കൊച്ചിയിൽ ഒക്ടോബർ ഏഴിന് സ്പെയിനിനെതിരെയാണ് ബ്രസീലിെൻറ ആദ്യ മത്സരം. ഇംഗ്ലണ്ട് എട്ടിന് ചിലിയെ നേരിടും.
കൊച്ചി സ്റ്റേഡിയം സജ്ജം
കൊച്ചി: അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾക്കായി കൊച്ചി പൂർണ സജ്ജം. ഫിഫയുടെ നിർദേശങ്ങൾ അനുസരിച്ചുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി നോഡൽ ഓഫിസർ എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. 21നാണ് സ്റ്റേഡിയം ഫിഫക്ക് കൈമാറേണ്ടത്്. ഇതിന് മുന്നോടിയായി കടകളെല്ലാം ഒഴിപ്പിക്കണം. 15ഓടെ കടകളെല്ലാം ഒഴിപ്പിക്കും. കൊച്ചിയിലെ മത്സരങ്ങൾ അവസാനിച്ചശേഷമായിരിക്കും കടകൾക്ക് അനുമതി നൽകുക. ഈ മാസം അവസാനത്തോടെ ബ്രസീൽ, സ്പെയിൻ ടീമുകളെത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുൻകാല ബ്രസീൽ, സ്പെയിൻ താരങ്ങളും കൊച്ചിയിലെത്തിയേക്കുമെന്നാണ് സൂചന. ഒക്ടോബർ ഏഴിന് നടക്കുന്ന ബ്രസീൽ, സ്പെയിൻ മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റുകളും ഒരുമാസം മുമ്പേ വിറ്റുതീർന്നി
രുന്നു.
