പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് കിക്കോഫ്
text_fieldsന്യൂഡൽഹി: കൗമാര ലോകകപ്പ് ഫുട്ബാളിൽ ഗ്രൂപ് കളിയുടെ ദിനങ്ങൾ കഴിഞ്ഞു. ഇനി ജയിക്കുന്നവർ മുന്നോട്ടും തോൽക്കുന്നവർ നാട്ടിലേക്കും. 24 ടീമുകൾ ആറു ഗ്രൂപ്പുകളിൽ ആറു നഗരങ്ങളിലായി നടത്തിയ പോരാട്ടത്തിനൊടുവിൽ എട്ടു പേർ മടക്കടിക്കറ്റുമായി പോയപ്പോൾ അവശേഷിച്ച 16 പേർ ഇന്നു മുതൽ വീണ്ടും മൈതാനത്തേക്ക്.
ഇന്ന് ന്യൂഡൽഹിയിൽ രണ്ടു പ്രീക്വാർട്ടർ പോരാട്ടങ്ങേളാടെയാണ് നോക്കൗട്ട് മത്സരങ്ങൾക്ക് കിക്കോഫ് കുറിക്കുന്നത്. ആദ്യ മത്സരത്തിൽ കൊളംബിയ-ജർമനിയെ നേരിടും. രാത്രി എട്ടിന് അമേരിക്കയും പരഗ്വേയും ഇതേ വേദിയിൽ തന്നെ ഏറ്റുമുട്ടും.
നാളെ ഗോവ, കൊൽക്കത്ത, ഗുവാഹതി എന്നിവിടങ്ങളിലായി നാലു മത്സരങ്ങൾ അരങ്ങേറും. 18നാണ് കൊച്ചിയിലെ ബ്രസീൽ-ഹോണ്ടുറസ് മത്സരം.
കൊളംബിയ x ജർമനി
ഗ്രൂപ് ‘എ’യിലെ റണ്ണർ അപ്പായ കൊളംബിയയും ഗ്രൂപ് ‘സി’യിലെ റണ്ണർ അപ്പായ ജർമനിയും തമ്മിലാണ് ആദ്യ മത്സരം. ഇരുവരും രണ്ടു ജയവും ഒരു തോൽവിയുമായി തുല്യനിലയിൽ.
പക്ഷേ, അപ്രതീക്ഷിത അട്ടിമറികളിൽ പതറിയവരുമാണ്. ഗോവയിൽ ഗ്രൂപ് മത്സരങ്ങൾ കളിച്ച ജർമനി ചാമ്പ്യൻ ഫേവറിറ്റായാണ് ഇന്ത്യയിലെത്തിയതെങ്കിലും ഇറാനോടേറ്റ (4-0) വൻ തോൽവി ടീമിെൻറ ആത്മവിശ്വാസത്തെ തന്നെ ഉലച്ചുകളഞ്ഞു.
ഒടുവിൽ, കണ്ണീരോടെ കൊച്ചിയിലെത്തിയ ജർമനി, ഗിനിയുടെ വെല്ലുവിളി മറികടന്നാണ് ഗ്രൂപ്പിലെ രണ്ടാമന്മാരായി പ്രീക്വാർട്ടറിൽ കടന്നത്.
എതിരാളിയായ കൊളംബിയയാവെട്ട, ആദ്യ മത്സരത്തിൽ ഘാനയോട് ഒരു ഗോളിന് തോറ്റ ശേഷമാണ് തിരിച്ചെത്തിയത്. ഇന്ത്യയെയും (2-1) അമേരിക്കയെയും (3-1) കീഴടക്കിയ ലാറ്റിനമേരിക്കൻ സംഘം ഗ്രൂപ്പിലെ രണ്ടാമന്മാരായി. കപ്പടിക്കാനെത്തിയ രണ്ടു പ്രബലർ പ്രീക്വാർട്ടറിൽ മുഖാമുഖമിറങ്ങുേമ്പാൾ മികച്ച പോരാട്ടമാവും ആരാധകർക്ക് വിരുന്നൊരുക്കുന്നത്.
സ്റ്റാർ വാച്ച്
ഇതിനകം മൂന്നു ഗോൾ നേടിയ യുവാൻ പെനലോസയാണ് കൊളംബിയയുടെ തുറുപ്പുശീട്ട്. മൂന്നു കളിയിലും കളത്തിലിറങ്ങിയാണ് മുന്നേറ്റനിര താരം ഗോളടിച്ചത്.
യാൻഫീറ്റ് ആർപാണ് ജർമനിയുടെ പ്രതീക്ഷ. മൂന്നു കളിയിൽ രണ്ടു ഗോളായിരുന്നു ആർപിെൻറ സംഭാവന.
അമേരിക്ക x പരഗ്വേ
മൂന്നിൽ മൂന്നും ജയിച്ച് ഗ്രൂപ് ‘ബി’ ചാമ്പ്യന്മാരായാണ് പരഗ്വേയുടെ കുതിപ്പ്. പത്ത് ഗോളടിച്ച് കൂട്ടിയവർ 2015ലെ റണ്ണർ അപ്പായ മാലിയെയും വെള്ളം കുടിപ്പിച്ചു. മറുപാതിയിൽ ബൂട്ടിടുന്ന അമേരിക്കയും മോശക്കാരല്ല. ഗോളെണ്ണം കുറഞ്ഞതും ഒരു കളിയിൽ അപ്രതീക്ഷിതമായി തോറ്റതും മാറ്റിനിർത്തിയാൽ പരഗ്വേയെ പിടിച്ചുകെട്ടാൻ പോന്നവർതന്നെ.
സ്റ്റാർ വാച്ച്
രണ്ടു ഗോൾ വീതം നേടിയ അലൻ റോഡ്രിഗസും അനിബാൽ വെഗയുമാണ് പരഗ്വേയുടെ ഗോൾവേട്ടക്കാരിൽ മുന്നിൽ. ഇവർക്കു പുറമെ ശക്തമായ മധ്യനിരയും ടീമിന് കരുത്താവുന്നു.
യുവതാരം ജോഷ് സാർജൻറ്, തിമോ വിയ, ആൻഡ്ര്യൂ കാൾട്ടൻ എന്നിവരാണ് താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
