ടിറ്റെ തുടരും; ഖത്തർ ലോകകപ്പ് വരെ
text_fieldsറിയോ െഡ ജനീറോ: കാനറികൾക്ക് തന്ത്രം പറഞ്ഞു കൊടുക്കാൻ ടിറ്റെ ഖത്തർ ലോകകപ്പ് വരെയുണ്ടാവും. ബ്രസീൽ മാനേജറെ 2022 ലോകകപ്പ് വരെ നിലനിർത്താൻ ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ തീരുമാനിച്ചു. ലോകകപ്പിൽ ബെൽജിയത്തോട് ക്വാർട്ടറിൽ തോറ്റ് പുറത്തായെങ്കിലും ടീം എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് കോച്ചിനെ നിലനിർത്താൻ ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ തീരുമാനിച്ചത്.
ലോകകപ്പിനു ശേഷം കോച്ചിനെ മാറ്റണമെന്ന് ഫുട്ബാൾ ഫെഡറേഷനിലെ അംഗങ്ങളിൽ പലർക്കും അഭിപ്രായമുണ്ടായിരുന്നെങ്കിലും നെയ്മർ അടക്കമുള്ള താരങ്ങളുടെ പിന്തുണ ടിറ്റെക്ക് തുണയായി. താരങ്ങളുമായി മാനേജർ എന്നതിലുപരി ടിറ്റെ ആത്മബന്ധം പുലർത്തിയിരുന്നു.
2016ൽ ദുംഗയുടെ സ്ഥാനം തെറിച്ചതിനു പിന്നാലെയാണ് ടിറ്റെ ബ്രസീൽ പരിശീലകനായി എത്തുന്നത്. ടിറ്റെ എത്തിയതിനുശേഷം 26 മത്സരത്തിൽ 20തിലും ടീം ജയിച്ചിരുന്നു. നാലു മത്സരം സമനിലയിലായപ്പോൾ തോറ്റത് രണ്ടെണ്ണത്തിൽ മാത്രം.
അദ്ദേഹം വളർത്തിയെടുത്ത പ്രതിരോധം കനപ്പിച്ചുള്ള ആക്രമണശൈലി സ്വീകരിച്ചതോടെ ടീം 53 ഗോളുകൾ എതിർ വലയിലെത്തിച്ചപ്പോൾ, വഴങ്ങിയത് എട്ടു ഗോളുകൾ മാത്രമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
