സൂപ്പർ ആഴ്സനൽ
text_fieldsലണ്ടൻ: യൂറോപ ലീഗ് സെമി ഒന്നാം പാദ പോരാട്ടങ്ങളിൽ ഇംഗ്ലീഷ് കരുത്തർക്ക് ജയവും സമനിലയും. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്നെണ്ണം അടിച്ചുകയറ്റി സ്പാനിഷ് ടീമായ വലൻസിയയെ വീഴ്ത്തിയ ഗണ്ണേഴ്സ് കലാശപ്പോരിന് അരികെയെത്തിയപ്പോൾ ജർമൻ ടീമായ ഫ്രാങ്ക്ഫുർട്ടിന് മുന്നിൽ ചെൽസി സമനിലയിൽ വീണു.
ഗണ്ണേഴ്സ് വാഴ്ച
തുടക്കം പിഴച്ചതിന് തല്ലുവാങ്ങുകയും കിേട്ടണ്ടത് കിട്ടിയതോടെ എല്ലാം ശരിയാക്കി നല്ല കുട്ടികളായി പന്തു തട്ടുകയും ചെയ്ത ആഴ്സനലിെൻറ ദിനമായിരുന്നു ഇന്നലെ. ആദ്യ മിനിറ്റുകളിൽ മൈതാനം നിറഞ്ഞുകളിച്ച വലൻസിയ 11ാം മിനിറ്റിൽ മുഖ്താർ ഡിയകാബിയിലൂടെ ലീഡ് പിടിച്ചു. വലൻസിയ താരം പരയോ ഇടതുവശത്തുനിന്ന് എടുത്ത കോർണർ കിക്ക് എതിർ പ്രതിരോധത്തിെൻറ കത്രികപ്പൂട്ടിനിടയിൽനിന്ന ദിയാകാബി ഉയർന്നുചാടി തലകൊണ്ട് വലയിലാക്കുകയായിരുന്നു.
സ്വന്തം തട്ടകമായ എമിറേറ്റ്സ് മൈതാനത്ത് മെല്ലെപ്പോക്ക് നയവുമായി അതുവരെയും ഉഴപ്പിനടന്ന ആഴ്സനൽ നിരയെ ഉണർത്താൻ ഒറ്റ ഗോളേ വേണ്ടിവന്നുള്ളൂ. മിനിറ്റുകൾക്കുള്ളിൽ ആഴ്സനലിന് ലീഡ് നൽകിയ ലക്കാസെറ്റ് 26ാം മിനിറ്റിൽ വീണ്ടും ഗോളടിച്ച് ടീമിന് ലീഡ് നൽകി. താൻതന്നെ തുടക്കമിട്ട ഭാവനാസമ്പന്നമായ നീക്കത്തിനൊടുവിലായിരുന്നു ഗോളി ഒഴിഞ്ഞ പോസ്റ്റിൽ ലക്കാസെറ്റിെൻറ ആദ്യ ഗോൾ. എട്ടു
മിനിറ്റ് കഴിഞ്ഞ് ബാക്പോസ്റ്റിൽ ഷാക നൽകിയ ക്രോസിന് ലക്കാസെറ്റ് തലവെച്ചപ്പോൾ വലൻസിയ ഗോളി നെറ്റോ തടുത്തിെട്ടങ്കിലും ഗോൾലൈൻ കടന്നതോടെ റഫറി ഗോൾ അനുവദിക്കുകയായിരുന്നു. തിരിച്ചുവരാൻ വലൻസിയ നടത്തിയ എല്ലാ ശ്രമങ്ങളെയും തച്ചുടച്ച് ലക്കാസെറ്റും സംഘവും നടത്തിയ തുടർ ആക്രമണങ്ങളുടെ പൂർത്തിയെന്നോണമാണ് 90ാം മിനിറ്റിൽ മൂന്നാം ഗോൾ എത്തിയത്. ലക്കാസെറ്റ് അടിച്ച ഷോട്ട് നെറ്റോ തടഞ്ഞിെട്ടങ്കിലും എത്തിയത് ആഴ്സനൽ നിരയിലെ കൊലാസിനച്ചിെൻറ കാലുകളിൽ. അദ്ദേഹം നൽകിയ ക്രോസ് ഒബാമയാങ് അനായാസം ഗോളാക്കി മാറ്റി. പിന്നെയും ആഴ്സനൽ നിരന്തരം ആക്രമണം നടത്തിയെങ്കിലും നിർഭാഗ്യത്തിന് വഴിമാറി. ജയത്തോടെ, വലൻസിയയുടെ മൈതാനത്ത് നടക്കുന്ന സെമി രണ്ടാം പാദ മത്സരം ടീമിന് എളുപ്പമായി.
ജർമൻ കുരുക്കിൽ ചെൽസി
ബുണ്ടസ്ലിഗയിൽ മികച്ച പ്രകടനവുമായി നിറഞ്ഞുനിൽക്കുന്ന എയിൻട്രാഷ് ഫ്രാങ്ക്ഫുർട്ടിനെ അവരുടെ കളിമുറ്റത്ത് ഒരു ഗോളിന് ചെൽസി സമനില പിടിച്ചതോടെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ നടക്കുന്ന രണ്ടാം പാദം തീപാറും. സ്റ്റാർ സ്ട്രൈക്കർ എഡൻ ഹസാർഡിനെ പുറത്തിരുത്തിയ കോച്ച് സറിയെ ഞെട്ടിച്ച് ആദ്യം സ്കോർ ചെയ്തത് ജർമൻ ടീമാണ്. 23ാം മിനിറ്റിൽ ഫിലിപ് കോസ്റ്റിച് നൽകിയ ക്രോസ് പോസ്റ്റിെൻറ വലതുമൂലയിലേക്ക് തട്ടിയിച്ച് ജോവിച്ചാണ് ഫ്രാങ്ക്ഫർട്ടിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതി അവസാനിക്കുംമുമ്പ് പെഡ്രോയിലൂടെ സമനില പിടിച്ച ചെൽസി ഏറെ വൈകാതെ ഹസാർഡിനെ ഇറക്കിയെങ്കിലും വിജയം അകന്നുനിന്നു. അടുത്തയാഴ്ചയാണ് രണ്ടാം പാദ മത്സരങ്ങൾ.