ആവേശകരമായി സ്പാനിഷ് സൂപ്പർ കപ്പ്; റയൽ മാഡ്രിഡ് ഫൈനലിൽ
text_fieldsജിദ്ദ: കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സ്പാനിഷ് സൂപ്പർ കപ്പ് ഒന്നാം സെമി ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡിന് മികച്ച ജയം. വലൻസിയക്കെതിരെ 3-1 എന്ന സ്കോറിനാണ് റയൽ മാഡ്രിഡ് വിജയിച്ചത്. സ്റ്റേഡിയത്തി ൽ ഒരുമിച്ചു കൂടിയ ഫുട്ബാൾ പ്രേമികളെ ആവേശത്തിലാക്കി കളിയുടെ 15 ആം മിനുറ്റിൽ റയൽ മാഡ്രിഡ് മിഡ് ഫീൽഡർ ടോണി ക്രൂസ് എ ടുത്ത മനോഹരമായ കോർണർ കിക്കായിരുന്നു വലൻസിയക്കെതിരെ പിറന്ന ആദ്യ ഗോൾ.
കോർണറിൽ നിന്നും ക്രൂസ് തൊടുത്തുവിട്ട പന്ത് വലൻസിയ ഗോളി ജോം ഡൊമിനിക്കിനെ കബളിപ്പിച്ച് നേരെ പോസ്റ്റിനകത്തേക്കു ഊളിയിടുകയായിരുന്നു. തുടർന്ന് കളിയുടെ 39 ആം മിനുറ്റിൽ പെനാൽറ്റി ബോക്സിനകത്തു നിന്നും ഇസ്‌കോയുടെ കാലിൽ നിന്നും പായിച്ച പന്ത് വലൻസിയയുടെ വല കുലുക്കിയതോടെ റയൽ മാഡ്രിഡിന്‍റെ രണ്ടാം ഗോളും പിറന്നു. ഒന്നാം പകുതി പിന്നിട്ടതോടെ മത്സരത്തിന് അൽപ്പം ചടുലത വന്നെങ്കിലും കോച്ച് സിനദിൻ സിദാന്റെ റയൽ മാഡ്രിഡിന്റെ പടക്കുതിരകൾക്കു മുമ്പിൽ വലൻസിയക്ക് കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ സാധിച്ചില്ല.
65 ആം മിനുറ്റിൽ ലൂക്ക മോഡ്രിക് വലൻസിയയുടെ ഡിഫന്റർമാർക്കിടയിലൂടെ ചെത്തി അടിച്ചുവിട്ട പന്തിലൂടെ റയൽ മാഡ്രിഡ് മൂന്നാം ഗോളും നേടി. കളിയുടെ അവസാനം ഇഞ്ചുറി ടൈമിൽ റയൽ മാഡ്രിഡിനെതിരെ സെർജിയോ റാമോസിന്റെ ഹാന്റ് ബാളിലൂടെ ലഭിച്ച പെനാൽറ്റിയിലൂടെയാണ് വലൻസിയക്ക് ആശ്വാസ ഗോൾ നേടാനായത്. പെനാൽറ്റി കിക്കെടുത്ത ഡാനിയൽ പറേജൊക്ക് ഉന്നം തെറ്റിയില്ല. ഗോൾ പോസ്റ്റിന്റെ വലതു കോർണറിലൂടെ പായിച്ച പന്ത് ഗോളി മാർക്ക് കോർട്ടോയിസിനെയും മറികടന്നു റയൽ മാഡ്രിഡിന്റെ വലകുലുക്കി.
ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ബാഴ്‌സലോണ-അത്‌ലറ്റികോ മാഡ്രിഡ് ടീമുകൾ ഏറ്റുമുട്ടും. ബാഴ്‌സലോണ ക്ലബിന് വേണ്ടി കളിക്കുന്ന ലോക ഫുട്ബോളർ ലയണൽ മെസ്സിയുടെ കളി നേരിൽ കാണാനുള്ള ആവേശത്തിലാണ് മലയാളികളടക്കം ജിദ്ദയിലെ ഫുട്ബാൾ പ്രേമികൾ. ഇന്നലെ നടന്ന മത്സരം നേരിൽ കാണാനായി നിരവധി മലയാളികളാണ് കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലെത്തിയത്. ഇന്നത്തെ വിജയികളും റയൽ മാഡ്രിഡ് ക്ലബും തമ്മിലുള്ള ഫൈനൽ മത്സരം ഞായറാഴ്ച നടക്കും.