കോവിഡിനെ പ്രതിരോധിക്കാൻ കോടികൾ നൽകി മെസി, റൊണാൾഡോ, ഗ്വാർഡിയോള

17:58 PM
25/03/2020
messi-guardiola

മഡ്രിഡ്: കളിക്കളത്തിന് പുറത്ത് കോവിഡ് 19 എന്ന പൊതു എതിരാളിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുകയാണ് ഫുട്ബാളിലെ സൂപ്പർ താരങ്ങൾ. കോവിഡ് 19നെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്ക് കായിക ലോകത്തുനിന്ന് നിരവധി സഹായഹസ്തങ്ങളാണെത്തുന്നത്. മഹാമാരിയെ നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് കോടികളാണ് ഫുട്ബാൾ മാന്ത്രികരായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമൊക്കെ സംഭാവന നൽകിയത്. ബാഴ്സലോണ നായകൻ ലയണൽ മെസി ബാഴ്സലോണയിലെ ഹോസ്പിറ്റൽ ക്ലിനിക്, അർജന്റീനയിലെ മെഡിക്കൽ സ​​െൻറർ എന്നിവിടങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം യൂറോ (ഏകദേശം 8 കോടി രൂപ) സംഭാവന ചെയ്തു. 

മെസി സംഭാവന നൽകിയ വിവരം ഹോസ്പിറ്റൽ ക്ലിനിക് അധികൃതർ ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. "നന്ദി മെസി... നിങ്ങളുടെ പിന്തുണക്കും പ്രതിബദ്ധതക്കും"- ആശുപത്രി അധികൃതർ ട്വിറ്ററിൽ കുറിച്ചു. യുറോപ്യൻ രാജ്യങ്ങളിൽ വൈറസ് ബാധ ഏറ്റവുമധികമുള്ള രണ്ടാമത്തെ രാജ്യമാണ് സ്പെയിൻ.

യുവന്റസ് സൂപർ താരം റൊണാൾഡോയും 10 ലക്ഷം ഡോളർ കോവിഡ് പോരാട്ടത്തിന് സംഭാവന നൽകി. പോർച്ചുഗലിലെ വിവിധ ആശുപത്രികൾക്ക് കോവിഡ് ചികിൽസക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും വാങ്ങാൻ ഈ തുക ഉപയോഗിക്കും. 

മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയും കോവിഡിനെ തുരത്തിയോടിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണയുമായെത്തി. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് ഏയ്ഞ്ചൽ സോളെർ ഡാനിയേൽ ഫൗണ്ടേഷന് 10 ലക്ഷം യുറോ ആണ് ഗ്വാർഡിയോള നൽകിയത്. കാറ്റലോണിയയിലെ വിവിധ ആശുപത്രികൾക്ക് മാസക്, ഗ്ലൗസ് തുടങ്ങിയവ വിതരണം ചെയ്യാൻ ഈ തുക ഉപയോഗിക്കും.
ക്രൊയേഷ്യൻ ഫുട്ബാൾ ടീം അടുത്തിടെ 5,60,000 യൂറോ സംഭാവന നൽകിയിരുന്നു.

 

LATEST VIDEO

Loading...
COMMENTS