മാറ്റങ്ങൾക്ക് വിസിൽ മുഴക്കി സെവൻസ് സീസണിന് കിക്കോഫ്
text_fieldsമലപ്പുറം: സെവൻസ് ഫുട്ബാൾ 2017-18 സീസണിന് വെള്ളിയാഴ്ച തുടക്കമായത് നൂതന പരിഷ്കാരങ്ങളോടെ. വിദേശ താരങ്ങളുടെ എണ്ണം വർധിപ്പിച്ചതോടൊപ്പം കളി നിയമങ്ങളിലും മാറ്റങ്ങൾ വരുത്തിയാണ് സെവൻസ് ഫുട്ബാൾ അസോസിയേഷൻ ടൂർണമെൻറുകൾക്ക് വിസിലൂതിയത്. തൃശൂർ ജില്ലയിലെ വലപ്പാട് നിന്നാണ് പുതിയ സീസണിെൻറ ആരംഭം. അസോസിയേഷന് കീഴിൽ ഇക്കുറി 66 ടൂർണമെൻറുകൾ നടക്കും.
പരമാവധി രണ്ട് വിദേശ താരങ്ങളെ കളിപ്പിക്കാൻ ടീമുകൾക്ക് നൽകിയ അനുമതി മൂന്നാക്കി. സെമി ഫൈനൽ ഇനി ലീഗ് മത്സരങ്ങളായാണ് നടത്തുക. നോക്കൗട്ട് റൗണ്ടിൽ നാല് ടീമുകൾക്ക് രണ്ട് മത്സരങ്ങളാണുണ്ടായിരുന്നത്. മേലിൽ ഇവർ പരസ്പരം ഏറ്റുമുട്ടുമ്പോൾ കളികളുടെ എണ്ണം ആറാവും. ഫ്രീ കിക്ക് സമയത്ത് അന്താരാഷ്ട്ര മത്സര മാതൃകയിൽ വാനിഷിങ് സ്പ്രേ ഉപയോഗിക്കും. ഫൗളിന് ചുവപ്പ് കാർഡ് കാണുന്ന താരം അടുത്ത കളിയിലും പുറത്തിരിക്കേണ്ടി വരും. മൈതാനത്ത് എൽ.ഇ.ഡി ടൈമർ നിർബന്ധമാക്കി.
കളി സമയം പിന്നിട്ടതും ബാക്കിയും അറിയാൻ റഫറിയെ ആശ്രയിക്കേണ്ട. മത്സരങ്ങൾ നിയന്ത്രിക്കാൻ റഫറിമാരുടെ സംഘങ്ങളെ ടൂർണമെൻറ് കമ്മിറ്റികൾ ചുമതലപ്പെടുത്തുന്ന പതിവ് മാറ്റി. അസോസിയേഷൻ നേരിട്ട് നിയോഗിക്കും. കളിക്കാർക്ക് പവലിയനും നിർബന്ധമാക്കി. 2015ലാണ് സെവൻസിന് കേരള ഫുട്ബാൾ അസോസിയേഷൻ അംഗീകാരം നൽകിയത്. മലപ്പുറം ജില്ലയിലാണ് ഇപ്രാവശ്യവും കൂടുതൽ ടൂർണമെൻറുകൾ 22. തൃശൂർ 13, കണ്ണൂർ 11, പാലക്കാട് 10, കാസർകോട് 6, കോഴിക്കോട് 4 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ.
അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത സംസ്ഥാനത്തെ 32 ടീമുകളും പുറത്ത് നിന്ന് എഫ്.സി ഗോവ, എഫ്.സി മുംബൈ എന്നിവയും കളിക്കും. നൈജീരിയ, ലൈബീരിയ, ലിബിയ, കാമറൂൺ, ഘാന, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ഇവരുടെ ജഴ്സിയണിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
