തടഞ്ഞിടാൻ സെർബുകൾ
text_fields2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ജർമനിയെ ഗ്രൂപ് മത്സരങ്ങളിൽ പരാജയപ്പെടുത്തിയ സെർബിയ ഒരു ഇടവേളക്കുശേഷമാണ് വിശ്വേപാരാട്ടത്തിനെത്തുന്നത്. അയർലൻഡ്, വെയ്ൽസ്, ഒാസ്ട്രിയ, ജോർജിയ, മൾഡോവ എന്നിവരുടെ ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരായാണ് ഇത്തവണ യോഗ്യത നേടിയത്. ആറു വിജയങ്ങളും മൂന്നു സമനിലകൾക്കും ഒപ്പം മൾഡോവയോടേറ്റ ഒരു തോൽവിയും. എങ്കിലും ഗ്രൂപ്പിൽ സെർബുകൾ ജേതാക്കളായി.
സെർബിയ എന്ന രാജ്യത്തിനും സെർബിയൻ ഫുട്ബാൾ ഫെഡറേഷനും ഇതിനകം നിരവധിതവണ വേഷവും പേരും രൂപവും മാറേണ്ടിവന്നിട്ടുണ്ട്. സ്വതന്ത്ര രാജ്യമായിരുന്ന െസർബിയ ഒന്നാം ലോകയുദ്ധത്തിനുശേഷം 1919ൽ ക്രൊയേഷ്യ, സ്ലൊവീനിയ എന്നിവക്കൊപ്പം കിങ്ഡം ഒാഫ് യൂഗോസ്ലാവ്യ ആയിത്തീർന്നു.
എന്നാൽ, രണ്ടാം ലോകയുദ്ധം വരെയേ നിലനിൽപുണ്ടായുള്ളൂ. 1945ൽ ക്രൊയേഷ്യ, സെർബിയൻ റിപ്പബ്ലിക്, ബോസ്നിയ, മാസഡോണിയ, മോണ്ടിനെഗ്രോ എന്നിവ ചേർന്ന് മാർഷൽ ടിറ്റോയുടെ സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യുഗോസ്ലാവ്യ ആയി രൂപംപ്രാപിച്ചു. അടുത്ത ഒരു യുദ്ധത്തോടെ അതും അവസാനിച്ചു. പത്തുവർഷത്തെ ആഭ്യന്തര യുദ്ധത്തിനിടയിൽ ‘സെർബിയ മോണ്ടിനെഗ്രോ’ എന്നപേരിൽ പുതിയ രാജ്യമായി. 2006ൽ അതും വേർപെട്ടതോടെ ഒരിക്കൽകൂടി സ്വതന്ത്ര സെർബിയയായി.
ജർമനിയോടാണ് സെർബിയ ഫുട്ബാളിന് കടപ്പെട്ടിരിക്കുന്നത്. 1896ൽ ബർലിനിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനുപോയ ഹുഗോ ബൂളി എന്ന വിദ്യാർഥി കൊണ്ടുവന്ന ഒരു തുകൽപന്തിൽനിന്നാണ് യുഗോസ്ലാവ്യയുടെ പന്തുകളിയുടെ ചരിത്രം തുടങ്ങുന്നത്. ബെൽഗ്രെഡ് ജിംനാസ്റ്റിക് സൊസൈറ്റി സാക്കോയിലാണ് 1896 മേയ് 12ന് ദക്ഷിണ-പശ്ചിമ യൂറോപ്പിലെ ആദ്യ ഫുട്ബാൾ മത്സരം അരങ്ങേറിയത്. സെർബ് വംശജരുടെ സ്വന്തം നാട് എന്നാണ് സെർബിയയുടെ അർഥം. മിക്കവാറും എല്ലാ മഹായുദ്ധങ്ങൾക്കും വഴിമരുന്നിട്ടവരാണ് സെർബുകൾ.
മുഖ്യ കായിക വിനോദമായ ടെന്നിസ് കഴിഞ്ഞേ ഫുട്ബാളിന് സെർബിയയിൽ സ്ഥാനമുള്ളൂ. നൊവാക് ദ്യോകോവിച്, അന്ന ഇവാനോവിച്ച്, എലീന യാങ്കോവിച്, ജാങ്കോ ടിപ്സർവിച് എന്നിവരൊക്കെ സെർബിയയുടെ വിഖ്യാത ടെന്നിസ് താരങ്ങളാണ്.
അട്ടിമറിയുടെ
സെർബ് കരുത്ത്
അഞ്ചാം ലോകകപ്പിനെത്തുന്ന സെർബിയക്ക് ഗ്രൂപ് ‘ഇ’യിൽ ബ്രസീൽ, സ്വിറ്റ്സർലൻഡ്, കോസ്റ്ററീക എന്നിവരാണ് എതിരാളി. ബ്രസീലുമായുള്ള അവരുടെ ഇതുവരെയുള്ള 19 ഏറ്റുമുട്ടലുകളിൽ പത്ത് പരാജയങ്ങളും രണ്ടു വിജയവും ഏഴു സമനിലകളുമാണ് ചരിത്രം. സ്വിസ് ടീമിനെ 13 തവണ നേരിട്ടപ്പോൾ ആറു ജയവും അഞ്ചു സമനിലയും. കോസ്റ്ററീകയുമായി ഇതുവരെ അവർ കളിച്ചിട്ടില്ല.മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ നെമാന്യ മാറ്റിച്ചിെൻറ ടീം എന്ന് വിശേഷണേത്താടെയാണ് സെർബിയയുടെ വരവ്. പരമ്പരാഗത ഡിഫൻസീവ് ടീം എന്ന ഖ്യാതിക്കൊപ്പം ഇത്തവണ ശക്തമായ ഒരു മുൻനിരകൂടി ഒരുക്കിക്കൊണ്ടാണ് റഷ്യയിൽ എത്തുന്നത്.
അലക്സാണ്ടർ കൊളറോവ്, ബറിൻസ്ലാവ് ഇവാനോവിച്, നെമാന്യ മാറ്റിച് എന്നിവരുടെ സാന്നിധ്യം ബ്രസീലിനുപോലും വിഷമം സൃഷ്ടിക്കും. പഴയ ഇറ്റാലിയൻ കാറ്റനാച്ചിയോ പ്രതിരോധ തന്ത്രം പ്രായോഗികമാക്കിയവരാണ് മുൻ യുഗോസ്ലാവ്യക്കാർ.
പ്രവചനം
ബ്രസീലിനൊപ്പം പ്രീ ക്വാർട്ടറിൽ പ്രതീക്ഷിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
