സെനഗൽ എന്ന അപ്രിയ സത്യം
text_fields2002 ലോകകപ്പിനെ ചരിത്രം ഒാർക്കുന്നത് സെലസാവോകളുടെ അഞ്ചാം കിരീടവിജയമോ റൊണാൾഡോയുടെ ഗോളിനു പിന്നാലെ പോസ്റ്റിനു മുന്നിലിരുന്നു വിലപിച്ച ഒളിവർ ഖാെൻറ ദയനീയ രൂപമോ കൊണ്ടാവില്ല. ലോകകപ്പിലെ അരങ്ങേറ്റക്കാരായി ആഫ്രിക്കയിൽ നിന്നെത്തിയ സെനഗലിലെ 11 പിള്ളേരുടെ മുന്നിൽ അന്നത്തെ ചാമ്പ്യൻപടയായ ഫ്രാൻസ് തകർന്നു വീഴുന്ന രംഗമാവും അത്. പാപ്പാ ദിയൂഫ് നേടിയ ഒരു ഗോൾ ലോകചാമ്പ്യന്മാരുടെ സമനിലതന്നെ തെറ്റിച്ചുകളഞ്ഞു. മാൻ ഓഫ് ദ മാച്ച് അൽ ഹാജ് ദിയോഫിെൻറ പ്രകടനം ലോക ഫുട്ബാൾ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർക്കപ്പെട്ടു. പ്രീ ക്വാർട്ടറിൽ സ്വീഡനെയും വീഴ്ത്തി ക്വാർട്ടറിൽ എത്തുന്ന മൂന്നാമത്തെ ആഫ്രിക്കൻ ടീമായി മാറി.
കരുതിെവച്ച മറ്റൊരു സമാനതയാണ് 16 വർഷത്തിനുശേഷം സെനഗൽ ലോകകപ്പിന് മടങ്ങിവരുമ്പോൾ കാണുന്നത്. ഫ്രാൻസിനെ വിറപ്പിച്ചുവിട്ട ടീമിെൻറ നീക്കങ്ങൾ സംവിധാനംചെയ്ത ദിയൂഫ് അന്ന് കളിച്ചിരുന്നത് ലിവർപൂളിന് വേണ്ടിയായിരുന്നു. അതേ ലിവർപൂളിെൻറ മറ്റൊരു ഇതിഹാസ താരം സാദിയോ മാനെയുടെ കാൽക്കരുത്തിലാണ് ഇത്തവണ ‘തേരാങ്കയിലെ സിംഹങ്ങൾ’ റഷ്യയിൽ എത്തുന്നത്.
ഇത്തവണ ആഫിക്കൻ മേഖലയിൽനിന്ന് ആറു മത്സരങ്ങളിൽനിന്ന് നേടിയ 14 ഗോളുകൾ തെളിയിക്കുന്നത് ഇപ്പോഴും അവരുടെ സ്കോറിങ് ബൂട്ടുകളുടെ കരുത്തു തന്നെയാണ്.
ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം ഫിഫ ഇടപെട്ടു വീണ്ടും നടത്തേണ്ടിവന്നു. അന്ന് മത്സരം നിയന്ത്രിച്ചിരുന്ന ഘാന റഫറി ജോസഫ് ലെംപാറ്റി ദക്ഷിണാഫ്രിക്കയെ ജയിപ്പിക്കാൻ ശ്രമിച്ചുവെന്നു കണ്ടെത്തി അയാൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും മത്സരം ആവർത്തിക്കുകയും ചെയ്തു. ഏകപക്ഷീയമായ രണ്ടു ഗോൾ ജയവുമായി സാദിയോ മാനെയും കൂട്ടരും യോഗ്യത നേടുകയും ചെയ്തു.
റഷ്യയിൽ അവർക്കൊപ്പമുള്ളത് പോളണ്ടും കൊളംബിയയും ജപ്പാനുമാണ്. പോളണ്ടിനെ ആദ്യമായാണ് നേരിടുന്നത്. കൊളംബിയയുമായി ഒരു തവണ ഏറ്റുമുട്ടി.
അതു സമനിലയുമായി. ജപ്പാൻകാർക്ക് ഇതുവരെ സെനഗലിനെ വീഴ്ത്താനായിട്ടില്ല. കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടിലും വിജയം ആഫ്രിക്കക്കാർക്കായിരുന്നു. ഒരു സമനിലയും.
സാദിയോ മാനെക്കൊപ്പം മുന്നേറ്റ നിരയിൽ എ.എസ് മോണകോയുടെ യുവതാരമായ ഖേയിത ബലിയറ്റ്. അതിശക്തമായ പ്രതിരോധനിരയും മികച്ച ഗോൾകീപ്പർമാരും സെനഗലിനൊപ്പമുണ്ട്. പ്രവചനം അസാധ്യമായ ഗ്രൂപ് ‘എച്ചിൽ’ നിന്ന് അടുത്ത റൗണ്ടിൽ എത്തണമെങ്കിൽ പോളണ്ടിനെയും കൊളംബിയയെയും മറികടക്കണം. അസാധ്യമായി ഒന്നുമില്ലെന്ന് 16 വർഷം മുമ്പ് കാണിച്ചുതന്ന സെനഗലിെൻറ മറ്റൊരു അത്ഭുതം ഇക്കുറിയും കാണാം.
പ്രവചനം: ആഫ്രിക്കയുടെ വീര്യവുമായി രണ്ടാം റൗണ്ടിൽ സെനഗലുണ്ടാവും