സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ട്: കേരളത്തിന് ഇന്ന് ‘ഫൈനല്‍’
text_fieldsകോഴിക്കോട്: സന്തോഷ് ട്രോഫി യോഗ്യത റൗണ്ടില്‍ കേരളത്തിന് തിങ്കളാഴ്ച ‘ഫൈനല്‍’ പോരാട്ടം. തുടര്‍ച്ചയായി രണ്ടു ജയവുമായിറങ്ങുന്ന ആതിഥേയര്‍ തിങ്കളാഴ്ച കര്‍ണാടകയോട് തോല്‍ക്കാതിരുന്നാല്‍ യോഗ്യത കടമ്പ അനായാസം കടക്കാം. ഗ്രൂപ്പില്‍ കേരളത്തിന്‍െറ മുഖ്യ എതിരാളിയാണെങ്കിലും ഒരു തോല്‍വിയുടെ ക്ഷീണത്തിലാണ് കര്‍ണാടകയുടെ പടപ്പുറപ്പാട്.
കളിച്ച രണ്ടു മത്സരത്തിലും ഗോളുകളൊന്നും വഴങ്ങാതെ ആറു ഗോളുകള്‍ എതിര്‍വലയിലേക്ക് തൊടുത്തുവിട്ട കേരളം സുരക്ഷിതരാണ്. കര്‍ണാടകക്കെതിരെ സമനില നേടിയാലും യോഗ്യത ഉറപ്പിക്കാം. ആന്ധ്രയും പുതുച്ചേരിയും തമ്മിലുള്ള മത്സരം കഴിയുന്നതോടെ വഴി കൂടുതല്‍ തെളിയും.
മധ്യനിര ഫോം മെച്ചപ്പെടുത്തിയതും മുന്നേറ്റനിരയുടെ മൂര്‍ച്ച കൂടിയതും കേരളത്തിന് അനുകൂല സാഹചര്യം നല്‍കുന്നു. മധ്യനിരയില്‍ സീസന്‍ മികവു തെളിയിച്ചത് ടീമിനു കരുത്താകും. സീനിയര്‍ താരം ഫിറോസും യുവതാരങ്ങളായ ജോബി ജസ്റ്റിനും ജിഷ്ണുവും സഹലുമടങ്ങുന്ന കേരള നിര മികച്ച വിജയം നേടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകരും. ക്യാപ്റ്റന്‍ വിഗ്നേഷ് ഗുണശേഖറിന്‍െറ നേതൃത്വത്തില്‍ അവസാന അങ്കത്തിനിറങ്ങുന്ന കര്‍ണാടകയുടെ പ്രതീക്ഷ മുന്നേറ്റനിരയിലാണ്.
മികച്ച മാര്‍ജിനില്‍ വിജയം ലക്ഷ്യംവെച്ചിറങ്ങുന്ന കര്‍ണാടക ആക്രമണ ശൈലിയാകും പുറത്തെടുക്കുക. ആന്‍േറാ സാവിയര്‍, മഗേഷ് സെല്‍വ, ആമിയോസ് എന്നിവരടങ്ങുന്നതാണ് ടീമിന്‍െറ കരുത്ത്. തിങ്കളാഴ്ച വൈകീട്ട് നാലിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഉച്ചക്ക് 1.45ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പുതുച്ചേരി ആന്ധ്രയെ നേരിടും. ദുര്‍ബലരായ പുതുച്ചേരി യോഗ്യത റൗണ്ടില്‍നിന്ന് നേരത്തേ പുറത്തായതാണ്.
സര്‍വിസസിനും തമിഴ്നാടിനും ജയം; തെലങ്കാന പുറത്ത്
സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപിനെതിരെ അനായാസ വിജയം നേടി സര്‍വിസസ്. ദ്വീപുകാരെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് സര്‍വിസസ് യോഗ്യത സാധ്യത സജീവമാക്കിയത്. എട്ടാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് ഇര്‍ഷാദും 25, 56 മിനിറ്റുകളില്‍ സരോജ് റായിയും അധികസമയത്തിന്‍െറ അവസാന മിനിറ്റില്‍ അര്‍ജുന്‍ ടുഡുവുമാണ് സര്‍വിസസിനായി ഗോള്‍ നേടിയത്.
കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് നാലിന് നടന്ന മത്സരത്തില്‍ ആദ്യ മിനിറ്റുകളില്‍തന്നെ സര്‍വിസസ് ലക്ഷദ്വീപ് അതിര്‍ത്തിയിലേക്കുള്ള ആക്രമണങ്ങള്‍ തുടങ്ങിയിരുന്നു. സരോജ് റായിയുടെ പാസില്‍ മുഹമ്മദ് ഇര്‍ഷാദിന്‍െറ മനോഹരമായ ഗോളിലൂടെയാണ് സര്‍വിസസ് അക്കൗണ്ട് തുറന്നത്. കളിയുടെ ആദ്യ പകുതിയില്‍ ലക്ഷദ്വീപ് ഗോളിയുടെ മികച്ച സേവുകള്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ തുണച്ചു. 25ാം മിനിറ്റില്‍ സരോജ് റായിയുടെ ബൂട്ടില്‍നിന്ന് രണ്ടാം ഗോളും പിറന്നു. മധ്യനിരയില്‍നിന്നു കൈമാറിക്കിട്ടിയ പന്ത് ഗോളിയെ കാഴ്ചക്കാരനാക്കി സരോജ് റായിയുടെ ഷോട്ട് വലകുലുക്കുമ്പോള്‍ സര്‍വിസസ് രണ്ടു ഗോളിന് മുന്നില്‍.
പകുതി സമയത്തിനുശേഷം 56ാം മിനിറ്റില്‍ വലതു വിങ്ങില്‍നിന്ന് കുതിച്ചത്തെിയ മധ്യനിരക്കാരന്‍ ബ്രിട്ടോ അളന്നുമുറിച്ചു നല്‍കിയ ക്രോസ്ഷോട്ട് സരോജ് റായി കൃത്യമായി വലയിലത്തെിച്ച് മൂന്നാം ഗോള്‍. കളി അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കിനില്‍ക്കെ സര്‍വിസസിന്‍െറ നാലാം ഗോളും നേടി അര്‍ജുന്‍ ടുഡു പട്ടിക പൂര്‍ത്തീകരിച്ചു.
ഞായറാഴ്ച നടന്ന ആദ്യ കളിയില്‍ തെലങ്കാനയെ തമിഴ്നാട് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് തകര്‍ത്തു. ക്യാപ്റ്റന്‍ റീഗന്‍െറ ഹാട്രിക്ക് ഗോളും എസ്. നന്ദകുമാര്‍ നേടിയ ഒരു ഗോളുമാണ് തമിഴ്നാടിന് മികച്ച വിജയം സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ ഏറ്റുവാങ്ങിയ തെലങ്കാന യോഗ്യത നേടാതെ പുറത്തായി. ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള സര്‍വിസസാണ് ഇനി തമിഴ്നാടിന് വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
