സന്തോഷ് ട്രോഫി: സര്‍വിസസിനും യോഗ്യത

കോഴിക്കോട്: തമിഴ്നാടിന്‍െറ ശക്തമായ വെല്ലുവിളി അതിജീവിച്ച് പട്ടാളപ്പട ഫൈനല്‍ റൗണ്ടില്‍. 71ാമത് സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത റൗണ്ടിലെ ഗ്രൂപ് ‘ബി’യിലെ നിര്‍ണായക മത്സരത്തില്‍ തമിഴ്നാടിനെ 2-1ന് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാര്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഇതോടെ എട്ടു ടീമുകള്‍ ഏറ്റുമുട്ടിയ യോഗ്യത റൗണ്ടില്‍ ദക്ഷിണ മേഖലയില്‍നിന്ന് കേരളവും സര്‍വിസസും ഫൈനല്‍ റൗണ്ടില്‍ കളിക്കും. സര്‍വിസസിനെതിരെ മികച്ച കളി പുറത്തെടുത്താണ് തമിഴ്നാടിന്‍െറ മടക്കം.

യോഗ്യത കടമ്പ താണ്ടാന്‍ ഒരു സമനിലയെങ്കിലും മതിയായിരുന്ന സര്‍വിസസ് ഗ്രൂപ് ‘ബി’യില്‍ മൂന്നു വിജയങ്ങളോടെ ഒമ്പതു പോയന്‍റുകള്‍ കരസ്ഥമാക്കി കരുത്തുകാട്ടി. പട്ടാളത്തെ ഞെട്ടിച്ച് 32ാം മിനിറ്റില്‍ ജാക്സണ്‍ ദാസ് നേടിയ ഗോളിലൂടെ തമിഴ്നാടാണ് മുന്നിലത്തെിയത്. എന്നാല്‍, സമനില വീണ്ടെടുത്ത സര്‍വിസസ് രണ്ടാം പകുതിയില്‍ തിരിച്ചടിച്ചു. 52ാം മിനിറ്റില്‍ അര്‍ജുന്‍ ടുഡുവും 71ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്രിട്ടോയും പട്ടാളപ്പടക്ക് ജയം സമ്മാനിച്ചു.

ലക്ഷദ്വീപിന് ജയം

സന്തോഷ് ട്രോഫിയില്‍ കന്നിമത്സരത്തിന് കോഴിക്കോട് കപ്പലിറങ്ങിയ ലക്ഷദ്വീപിന് അവസാന മത്സരത്തില്‍ ജയത്തോടെ മടക്കം. യോഗ്യത റൗണ്ടില്‍നിന്ന് നേരത്തേ പുറത്തായെങ്കിലും ചൊവ്വാഴ്ച തെലങ്കാനക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്‍െറ വിജയത്തോടെ തലയുയര്‍ത്തിപ്പിടിച്ചാണ് ദ്വീപുകാര്‍ മടങ്ങിയത്. 54ാം മിനിറ്റില്‍ കെ.പി. ഉമ്മറാണ് വിജയഗോള്‍ നേടിയത്.

COMMENTS