സ്വപ്നാടനക്കാരനായ സയ്യിദ്
text_fields‘സൈദോ’ എന്നാൽ, സെനഗാളിലെ പ്രാദേശിക ഭാഷയിൽ സ്വപ്നം കാണുന്നവൻ എന്നാണ് അർഥം. എന്നാൽ, വിശ്വാസികളായ മാതാപിതാക്കൾ അവനു നൽകിയത് ശ്രേഷ്ഠൻ എന്ന് അർഥമുള്ള സയ്യിദ് എന്ന പൗരാണിക നാമവും - എന്നാൽ, നമ്മുടെ മാനെ വളർന്നതും ശ്രേഷ്ഠനായതും സ്വപ്നം കണ്ടുകൊണ്ടുതന്നെയായിരുന്നു. ആ സ്വപ്നം അങ്ങനെ ‘സയ്യിദ്’ (ശ്രേഷ്ഠം) ആയിത്തീരുകയും ചെയ്തു. പട്ടിണിയായിരുന്നു എന്നും ആ വീട്ടിൽ. തെൻറ ഓമന മകന് ഒരു നേരത്തെ വിശപ്പടക്കുവാനുള്ള ഭക്ഷണം നൽകുവാൻ കഴിയാതിരുന്ന ആ പിതാവ് അവനെ അടുത്ത ഒരു ബന്ധുവിനോടൊപ്പം അയച്ചു. എങ്ങനെയെങ്കിലും പട്ടിണി ഇല്ലാതാകട്ടെ എന്ന് മാത്രമായിരുന്നു പിതാവിെൻറ ആഗ്രഹം. മറ്റു കൂട്ടുകാർക്കൊപ്പം സ്കൂളിൽ പോകുവാൻ മോഹിച്ചിരുന്ന നമ്മുടെ സ്വപ്നാടനക്കാരൻ ചെക്കന് പക്ഷേ, വനത്തിനുള്ളിലുള്ള തെൻറ പുതിയ പാർപ്പിടം മറ്റൊരു വഴിയാണ് കാണിച്ചുകൊടുത്തത്. അടച്ചിട്ടിരുന്ന മുറിക്കുള്ളിലെ ജനലിലൂടെ കുറെ പിള്ളേർ സ്വന്തമായി നിർമിച്ച പന്തുപയോഗിച്ചു ഫുട്ബാൾ കളിക്കുന്നത് അവൻ കണ്ടിരുന്നു. താമസിയാതെ അവരോടൊപ്പം കൂടി. അൽപ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ നേതാവും ആയി. ഇതൊക്കെ കണ്ട അവെൻറ പുതിയ രക്ഷിതാവ് അവർക്കു കളിക്കുവാൻ ശരിക്കുള്ള ഒരു തുകൽപന്തും സമ്മാനിച്ചു. പിന്നെ നമ്മുടെ കൊച്ചു സയ്യിദ് തിരിഞ്ഞുനോക്കിയിട്ടില്ല. ഒടുവിൽ പ്രീമിയർ ലീഗ് വരെ അവെൻറ കളിമികവ് ചെന്നെത്തുകയും ചെയ്തു.
സെനഗാൾ എന്ന പടിഞ്ഞാറൻ ആഫ്രിക്കയിലെ വനമേഖലയായ ബാംബാലിയിൽ ആണ് സയ്യിദ് മാനെ ജനിച്ചത്. ബന്ധുവീട്ടിൽനിന്ന് മുഴുവൻ സമയം പന്തുകളിക്കാരനായിത്തീർന്ന കൊച്ചു സയ്യിദിനു മറ്റൊരു ഭാഗ്യംകൂടി കിട്ടി; പ്രീമിയർ ലീഗ് മത്സരങ്ങൾ ഇടക്കിടക്ക് അവിടെ സംപ്രേഷണം ചെയ്തത് അടുത്തുള്ള ഒരു ലൈബ്രറിയിൽനിന്നു അവനു കാണുവാനുള്ള മഹാഭാഗ്യം! വലിയ ആളായശേഷം അദ്ദേഹം അതേക്കുറിച്ച് പറഞ്ഞത് ശ്രദ്ധിക്കുക: ‘‘എെൻറ മാതാപിതാക്കൾക്കു എന്നെ സ്കൂളിലയച്ചു പഠിപ്പിക്കുവാനുള്ള കഴിവില്ലായിരുന്നു. മറ്റൊരു മാർഗവും ഇല്ലാത്തതുകൊണ്ട് അവരെന്നെ ഞങ്ങളുടെ ഒരു ബന്ധുവിനൊപ്പം പറഞ്ഞുവിട്ടു. അവിടെ ഞാൻ ദിവസം മുഴുവൻ വഴിയോരങ്ങളിൽ പന്തുകളിച്ചു നടന്നു. ഇടക്കു മിയർ ലീഗ് മത്സരങ്ങൾ എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചു. എന്നെങ്കിലും ഞാൻ അവിടെ പന്ത് തട്ടുമെന്നു ഞാൻ കിനാവുകണ്ടു നടന്നു. ഒരിക്കലും പൂവണിയാത്ത സ്വപ്നം ആണെന്നേ ഞാൻ അന്ന് കരുതിയിരുന്നുള്ളൂ. 15 വയസ്സുവരെ പന്തുമായിട്ടുള്ള ആ സൗഹൃദം സയ്യിദിനെ ഒരു ഫുട്ബാൾ കലാകാരനാക്കിമാറ്റി. അവെൻറ ഓരോ ചലനങ്ങളിലും വന്യമായ ഒരു സൗന്ദര്യവും കാണാനായി.
2002ലെ സെനഗാളിെൻറ ലോകകപ്പു വിസ്ഫോടനം കൊച്ചു സയ്യിദിെൻറ സ്വപ്നങ്ങൾക്കു പരിധികളില്ലാതാക്കി. അവെൻറ വിസ്മയിപ്പിക്കുന്ന പന്തുകളി മികവ് കണ്ടറിഞ്ഞ അടുത്ത ഒരു ബന്ധു അവനെയും കൂട്ടി നഗരത്തിലെ അക്കാദമി ജനറേഷൻ ഫൂട്ടിലെത്തി. ഒരു അവസരത്തിന് വേണ്ടി. എല്ലും തോലും ആയുള്ള ചെക്കനെക്കണ്ടു അവർക്കു ആദ്യം പുച്ഛമായിരുന്നു. എന്നാൽ, ടെസ്റ്റുകഴിഞ്ഞപ്പോൾ അവർ അവനെ ഇരു കൈയും നീട്ടി സ്വീകരിച്ചു. അവടെ പഠിപ്പിച്ചവരേക്കാൾ കാര്യങ്ങൾ അവനറിയാമായിരുന്നു. അവെൻറ കളിയുടെ സൗന്ദര്യവും അവെൻറ അച്ചടക്കവും അവരെ അതിശയിപ്പിച്ചു. ഒടുവിൽ 2011ൽ ഫ്രഞ്ച് ക്ലബ് മെറ്റിസിൽ ചെന്നെത്തി, അതേക്കുറിച്ചു മാനേ തന്നെ പറയുന്നു: ‘‘എനിക്കതു വിശ്വസിക്കുവാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ വിമാനം കയറുംവരെ ഞാൻ അത് ആരോടും പറഞ്ഞില്ല. എെൻറ മാതാപിതാക്കൾക്കു ആശ്ചര്യം അടക്കാനാവാതെ എന്തെങ്കിലും സംഭവിച്ചേക്കുമെന്ന് കരുതി അവരോടും അതേക്കുറിച്ചു മിണ്ടിയില്ല. എന്നാൽ, അവർക്കു മുടങ്ങാതെ മൂന്നുനേരം ഭക്ഷണം നൽകുവാൻ കഴിയുന്നതാകും ആ യാത്ര എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.’’
മെറ്റ്സിൽ കളിച്ച ഒരു സീസണിൽ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കുവാൻ മാനെക്ക് കഴിഞ്ഞില്ല. 22 മത്സരങ്ങളിൽ നിന്ന് നേടിയത് കേവലം രണ്ടു ഗോളുകൾ! തൊട്ടടുത്ത വർഷം ഒാസ്ട്രിയയിലെ റെഡ്ബുൾ സാൾസുബുർഗിൽ എത്തിയപ്പോഴായിരുന്നു മാെനയുടെ കാൽക്കരുത്തിെൻറ വന്യ സൗന്ദര്യം ലോകം കാണുന്നത്. 63 മത്സരങ്ങളിലെ 31 ഗോളുകൾ മാത്രമായിരുന്നില്ല, വിങ്ങുകളിലൂടെയുള്ള ആ പറന്നുകയറ്റവും ‘സ്വിഫ്റ്റ്’ പക്ഷിയെപ്പോലുള്ള ആ ഗതി മാറ്റവും പന്ത് കൈമാറ്റവും ഒാസ്ട്രിയക്കാരെ ആഹ്ലാദത്തിെൻറ പാരമ്യതയിൽ കൊണ്ടെത്തിച്ചു. അപ്പോഴേക്കും കൊച്ചു സയ്യിദിെൻറ സ്വപ്നം യാഥാർഥ്യമാക്കി പ്രീമിയർ ലീഗിലെ വിളിയെത്തി. ആദ്യം സതാംപ്ടണിൽ. പിന്നെയാണ് നമ്മുടെ സ്വപ്നാടനക്കാരൻ ലോക ഫുട്ബാളിലെ മഹാരഥന്മാർക്കൊപ്പമെന്നോണം ലിവർപൂളിൽ പടയോട്ടത്തിനെത്തുന്നത്. ലിവർപൂൾ മാനെക്ക് വെറും ഒരു ക്ലബ് ടീം മാത്രമായിരുന്നില്ല, സ്വന്തം തറവാട്ടിൽ പ്രിയ കാരണവർക്കൊപ്പം ചെന്നുപെട്ട അനുഭവം. യുർഗൻ ക്ലോപ് എന്ന പച്ചയായ മനുഷ്യനിൽ അയാൾ ഒരു രക്ഷാകർത്താവിനെ കണ്ടെത്തി. വാത്സല്യ പൂർവമായ ക്ലോപ്പിെൻറ സമീപനം ആ ആഫ്രിക്കൻ പ്രതിഭയുടെ കഴിവുകൾ മുഴുവൻ പുറത്തെടുത്തു.
2012ൽ സെനഗാൾ അണ്ടർ-23 ടീമിൽ കളിച്ചശേഷം അതേ വർഷം സീനിയർ ടീമിലെത്തിയ മാനെ ഇതുവരെ അവർക്കു വേണ്ടി 49 മത്സരങ്ങളിൽനിന്ന് 14 ഗോളുകളും നേടി. 2002നു ശേഷം അവരെ ലോകകപ്പിൽ എത്തിച്ചതും മാെനയുടെ വിസ്മയ ഗോളുകൾ ആയിരുന്നു. അതേ ഗതിവേഗവും സ്കോറിങ് മികവും ആയിരിക്കും മാനേ എന്ന മനുഷ്യപ്പറ്റുള്ള കളിക്കാരനെ റഷ്യയിലും താരങ്ങളുടെ താരമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
