സാഫ് കപ്പ് ഫുട്ബാൾ ഇന്ന് ഇന്ത്യ x പാക് സെമി
text_fieldsധാക്ക: സാഫ് കപ്പ് ഫുട്ബാൾ സെമിയിൽ ഇന്ന് ഇന്ത്യ-പാകിസ്താൻ പോരാട്ടം. സാഫ് കപ്പിൽ ഏഴു തവണ ചാമ്പ്യന്മാരാണ് ഇന്ത്യയെങ്കിൽ, ഒരു തവണപോലും കിരീടമണിയാത്ത പാകിസ്താൻ ഏഷ്യൻ ഫുട്ബാളിലെ ഏറ്റവും ദുർബലസംഘമാണ്. ഗ്രൂപ് റൗണ്ടിൽ ശ്രീലങ്കക്കും മാലദ്വീപിനുമെതിരെ നേടിയ തുടർച്ചയായ രണ്ടു ജയവുമായാണ് ഇന്ത്യ അയൽക്കാർക്കെതിരെ ബൂട്ടണിയുന്നത്. രാഷ്ട്രീയ വൈരികൾ തമ്മിലെ മത്സരമെന്ന നിലയിലെ വാർത്താപ്രാധാന്യങ്ങളിലൊന്നും ടീം ശ്രദ്ധിക്കുന്നില്ലെന്ന് കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറൻ വ്യക്തമാക്കുന്നു.
‘‘മത്സരത്തെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ട്. എന്നാൽ, കഴിഞ്ഞ കളിയിൽനിന്നൊന്നും ഇതും വ്യത്യസ്തമല്ല. അതേപോലെ മറ്റൊരു മത്സരംമാത്രം. സെമിയിൽ പാകിസ്താനെ തോൽപിച്ച് ഫൈനലിലെത്തുകയാണ് ലക്ഷ്യം’’ -കോൺസ്റ്റൈൻറൻ പറഞ്ഞു. 2013 സാഫ് കപ്പിലായിരുന്നു ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യക്കായിരുന്നു ജയം. 1959 മുതലുള്ള കണക്കുകളിൽ ഇതുവരെ 23 തവണയാണ് അയൽക്കാർ കളിച്ചത്. 10 കളിയിൽ ഇന്ത്യ ജയിച്ചപ്പോൾ, മൂന്നെണ്ണത്തിൽ മാത്രമേ പാകിസ്താന് ജയിക്കാനായുള്ളൂ. ശേഷിച്ച 10 മത്സരവും സമനിലയിൽ പിരിഞ്ഞു. നേപ്പാളും മാലദ്വീപും തമ്മിലാണ് രണ്ടാം സെമിഫൈനൽ.