സോചി: ടെന്നിസും ചതുരംഗവും മനംമയക്കുന്ന പ്രകൃതിഭംഗിയും
text_fieldsപ്രകൃതിയുടെ വിസ്മയമാണ് സോചി. ഒരുവശത്ത് കരിങ്കടൽ, മറുവശത്ത് കാക്കസസ് മലനിരകൾ, ഇടക്ക് ഭൂമിയിലെ സ്വർഗം ഇതാണ് എന്ന് വിളിച്ചറിയിച്ചുകൊണ്ട് റഷ്യക്കാരുടെ പോഷ് നഗരം. ഒരേസമയം വിൻറർ, സമ്മർ കായിക വിനോദങ്ങൾ ഒരുമിച്ച് പരിശീലിക്കാൻ തക്ക അപൂർവ സൗകര്യങ്ങളുള്ള ഒരു നഗരം, അതാണ് സോചി. ഇതൊക്കെയാണെങ്കിലും സോചി സോചിയാകുന്നത് അവിടത്തെ ടെന്നിസ് കളിക്കാരുടെ പേരിൽ തന്നെയാണ്. ഒരുകാലത്ത് പുരുഷവിഭാഗം ലോക ഒന്നാം നമ്പർ ടെന്നിസ് കളിക്കാരനായിരുന്ന യെഗുവേനി കഫേലിനിക്കൊവിെൻറ ജന്മ നഗരം, മരിയ ഷറപോവ സ്വയം ദത്തെടുത്ത ജന്മഗൃഹം, ഇരുവരും ടെന്നിസ് കളി പഠിച്ചത് റഷ്യൻ സർക്കാർ നേരിട്ട് നടത്തുന്ന ഇവിടത്തെ ക്രസ്നോഡർ ടെന്നിസ് അക്കാദമിയിൽ നിന്നും. ഇവർ മാത്രമായിരുന്നില്ല ഇവിടെ നിന്നും ടെന്നിസ് റാക്കറ്റുമായി ലോകം കീഴടക്കിയതെന്ന് കരുതേണ്ട, എലീന വെസ്നിന അടക്കം റഷ്യക്ക് നേട്ടമുണ്ടാക്കിയ ടെന്നിസ് കളിക്കാരിൽ അധികവും ഇവിടത്തെ അക്കാദമിയിൽനിന്നും കളി പഠിച്ചവരാണ്.
കരിങ്കടലിന് ചുറ്റുമുള്ള കളിയിടങ്ങളിൽ ശാരീരിക മികവിെൻറ നിദാനങ്ങളായ കായികയിനങ്ങൾ മാത്രമാണെന്നും കരുതേണ്ട. ലോകത്ത് ഏറ്റവും അധികം ചതുരംഗ കളരികളുള്ളതും റഷ്യക്കാരുടെ അഭിമാന നഗരിയിൽ തന്നെ. 2014ൽ നമ്മുടെ വിശ്വനാഥൻ ആനന്ദ് ലോക ചാമ്പ്യനാകാൻ മാഗ്നസ് കാൾസണെ നേരിട്ടതും ഇവിടെെവച്ചായിരുന്നു.
സോചിയുടെ ചരിത്രം പരിശോധിച്ചുപോയാൽ റഷ്യക്കാർ നാണിച്ചേക്കും. റഷ്യൻ സാമ്രാജ്യ രൂപവത്കരണ കാലത്തൊന്നും റഷ്യക്കാർക്ക് ഈ നഗരത്തെക്കുറിച്ച് കാര്യമായ അറിവുകളൊന്നും ഉണ്ടായിരുന്നില്ല. സിമേറിയൻ സൈത്യൻ വംശജരുടെ കുത്തക ഭൂമിയായിരുന്നു കാക്കസസ് മേഖല. നാടോടി വിഭാഗങ്ങൾ മാറിമാറി കൈവശംെവച്ചിരുന്ന പ്രദേശം കുറച്ചുകാലം അബ്കാസിയക്കാരുടേതായി തുടർന്നു. റോമൻ സാമ്രാജ്യത്തിെൻറ അധീനതയിലായ ശേഷമാണ് റഷ്യക്കാർ അവരുടെ ചുറ്റുവട്ടത്തുള്ള ഈ സ്വപ്നഭൂമിയെക്കുറിച്ച് അറിഞ്ഞത്.
1830ൽ ഫെയഡോർ തോർന പ്രഭുവിെൻറ കാലത്താണ് സോചിയടങ്ങിയ ക്രസ്നോഡർ ക്രൈ, റഷ്യയുടെ ഭാഗമായത്. നഗരം ഇത്രയൊക്കെ വിശ്വ വിഖ്യാതമെങ്കിലും ആകെ മൂന്നരലക്ഷം ജനസംഖ്യയെ ഇവിടെയുള്ളൂ. എഫ്.സി സോചി, സെമാച്ചുസീന സോചി എന്നിവയാണ് അവരുടെ ഇഷ്ട ഫുട്ബാൾ ടീമുകൾ. താഴ്ന്ന തട്ടിൽ കളിക്കുന്ന ടീമുകളെ തങ്ങൾക്കുള്ളൂവെങ്കിലും ലോക ചാമ്പ്യന്മാരായ ജർമനിയും സ്വീഡനും ബെൽജിയവും പോർചുഗലും അടക്കം വമ്പന്മാരൊക്കെ ഇവിടത്തെ പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്നു.
2014ൽ അതുവരെ നടന്ന ഏറ്റവും മികച്ച ശൈത്യകാല ഒളിമ്പിക്സ് നടത്തിയ സോചിയിൽ ഏറ്റവും മനോഹരമായ ഒരു സ്റ്റേഡിയമാണ് പണിതുയർത്തിയിരിക്കുന്നത്. 48,000 ഇരിപ്പിടമുള്ള സോചി ഒളിമ്പിക് സ്റ്റേഡിയം. നാല് ഗ്രൂപ് മത്സരങ്ങളും ഒരു പ്രീക്വാർട്ടറും ഒരു ക്വാർട്ടറുമാണിവിടെ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
