വെളുത്ത രാത്രിയിലെ മാമാങ്കങ്ങൾ
text_fieldsടിക്കറ്റുണ്ടായിട്ടും സറൻസ്കിലെ പാനമ-തുനീഷ്യ മത്സരം ഉപേക്ഷിച്ചാണ് ഞങ്ങൾ സെൻറ് പീറ്റേഴ്സ്ബർഗിലെത്തിയത്. വിധി നിശ്ചയിക്കപ്പെട്ട അവസാന ഗ്രൂപ് മത്സരം കാണുന്നതിനെക്കാൾ റഷ്യയുടെ വടക്കേയറ്റത്തെ സാംസ്കാരിക നഗരം സന്ദർശിക്കാമെന്നു െവച്ചു. ഉത്തരധ്രുവ രാജ്യമായ ഫിൻലൻഡിനോടടുത്താണ് സെൻറ്പീറ്റേഴ്സ്ബർഗ്. അതുകൊണ്ടുതന്നെ ധ്രുവരാജ്യങ്ങളുടെ ഭൗമ പ്രതിഭാസങ്ങൾ ഈ റഷ്യൻ ഭാഗത്തിനും ബാധകമാണ്.
കനാൽക്കരയിൽ സെൻറ് സേവ്യർ ചർച്ചിെൻറ മുറ്റത്തൊരുക്കിയ ഫാൻ ഫെസ്റ്റിൽ ഇംഗ്ലണ്ട്-ബെൽജിയം മത്സരം അവസാനിക്കുമ്പോൾ സമയം 10 മണി. നഗരം പക്ഷേ, പകൽ വെളിച്ചത്താൽ പൂരിതം. ജൂൺ അവസാനമാകുമ്പോഴേക്ക് ഇരുട്ടില്ലാ രാത്രികൾ ആഘോഷിക്കാൻ നഗരം ഉറങ്ങാതിരിക്കും. ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള അതിഥികളെ സ്വീകരിക്കും. ആൺപ്രണയത്തിെൻറ കഥപറയുന്ന ദസ്തയേവ്സ്കിയുടെ ‘വൈറ്റ് നൈറ്റ്സ്’ എന്ന ചെറുകഥയാണ് വെളുത്ത രാത്രികൾ എന്ന സങ്കൽപം മലയാളികൾക്കു പരിചയപ്പെടുത്തുന്നത്. എത്രയോ സിനിമകൾക്കും ഈ കഥ പ്രമേയമോ പ്രചോദനമോ ആയി.
ഫ്രഞ്ച് സംവിധായകൻ റോബർട്ട് ബ്രസെൻറ ‘ഫോർ െനെറ്റ്സ് ഓഫ് എ ഡ്രീമർ’ ഇക്കൂട്ടത്തിൽ പ്രശസ്തമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ ജീവിതത്തിെൻറ ആവിഷ്കാരമെന്നതിനെക്കാൾ മനുഷ്യബന്ധങ്ങളുടെ സങ്കീർണത ഹൃദയാവർജകമായി ആവിഷ്കരിച്ചതുകൊണ്ടാവണം കുറ്റവും ശിക്ഷയും കാരമസോവ് ബ്രദേഴ്സും ചൂതാട്ടക്കാരനുമൊക്കെ മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ടതായത്. സെൻറ് പീറ്റേഴ്സ്ബർഗിൽ അദ്ദേഹം അന്നയോടൊപ്പം താമസിച്ച അപ്പാർട്മെൻറ് ഇന്ന് മ്യൂസിയമാണ്. നൂറു മുതൽ മേലോട്ട് പഴക്കമുള്ളതാണ് നഗരത്തെ കീറിമുറിച്ചൊഴുകുന്ന വീതിയേറിയ കനാൽ വഴികളും 4-5 നിലകളിലായി നിരന്നുകിടക്കുന്ന എണ്ണിയാലൊടുങ്ങാത്ത കെട്ടിട സമുച്ചയങ്ങളും. ചർച്ചിെൻറ വഴികളിലെല്ലാം കച്ചവടക്കാർ.
പരമ്പരാഗത റഷ്യൻ പാവകളും പലതരത്തിലുള്ള ലോകകപ്പ് സ്മരണികകളും വിൽപനക്കുണ്ട്. ഫിഫയുടെ ഔദ്യോഗിക സ്റ്റോറുകളിൽ എല്ലാറ്റിനും മുടിഞ്ഞ വിലയാണ്. ഔദ്യോഗിക പന്തിന് വില 9000 റൂബിൾ. ഇവയുടെ ഇമിറ്റേഷനുകളാണ് വഴിയോരക്കച്ചവടക്കാർ താരതമ്യേന ചെറിയ വിലക്ക് വിൽക്കുന്നത്. സെൻറ് പീറ്റേഴ്സ്ബർഗിലെ ലോങ് സ്ട്രീറ്റും ഇടറോഡുകളുമാകെ ഉത്സാഹത്തിമിർപ്പിലാണ്. മോസ്കോയെക്കാൾ ലോകമേളയെ സെൻറ് പീറ്റേഴ്സ്ബർഗാണ് ഏറ്റെടുത്തത് എന്നു തോന്നി.
റഷ്യ 2018െൻറ ഔദ്യോഗിക മുദ്രയോടൊപ്പം നഗരത്തിെൻറ ചരിത്രമുദ്രയായ നികളസ് ഒന്നാമെൻറ, യുദ്ധസജ്ജനായി പിൻകാലുകളിൽ എഴുന്നുനിൽക്കുന്ന കുതിരപ്പുറത്തേറിയ വെങ്കല ശിൽപമാതൃകയും എങ്ങും ആലേഖനം ചെയ്തിരിക്കുന്നു.
മഞ്ഞുകാലം വരുന്നതിെൻറ സൂചനയായി മേപ്ൾ മരത്തിെൻറ ഇലകൾ പഴുക്കുന്നതുപോലെ ജൂണിലെ ദൈർഘ്യമേറിയ പകലുകൾക്ക് നീണ്ട ശീതരാത്രികളുടെ മറുപടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
