ഗോളടിയിൽ റെക്കോഡിട്ട് ലെവൻഡോവ്സ്കി; രണ്ടാം സ്ഥാനം ഉറപ്പിച്ച് ഡോർട്മുണ്ട്
text_fieldsമ്യൂണിക്: തുടർച്ചയായി എട്ടാം കിരീടമണിഞ്ഞിട്ടും ജൈത്രയാത്ര അവസാനിപ്പിക്കാതെ ബയേൺ മ്യൂണിക്. ബുണ്ടസ് ലിഗയിൽ തങ്ങളുടെ 33ാം മത്സരത്തിൽ ഫ്രിബർഗിനെ 3-1നാണ് കീഴടക്കിയത്. റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോളടിച്ചപ്പോൾ ജോഷ്വാ കിമ്മിഷിെൻറ വകയായിരുന്നു ഒരു ഗോൾ. ഇതോടെ സീസണിൽ ഗോളെണ്ണം 33ലെത്തിച്ച ലെവൻഡോവ്സ്കി ബുണ്ടസ് ലിഗയിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന വിദേശതാരമായി. പിയറി എംറിക് ഒബുമെയാങ്ങിനെയാണ് മറികടന്നത് (31 ഗോൾ, 2016-17 ബൊറൂസിയ ഡോർട്മുണ്ട്).
ലീഗിലെ രണ്ട്, മൂന്ന് സ്ഥാനക്കാർ നേരിട്ട് ഏറ്റുമുട്ടിയ മത്സരത്തിൽ കരുത്തരായ ആർ.ബി ലെപ്സിഷിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപിച്ച് ബൊറൂസിയ ഡോർട്മുണ്ട് റണ്ണേഴ്സ് അപ്പായി. നോർവീജിയൻ കൗമാര താരം എർലിങ് ഹാലൻഡ് ഇരട്ടഗോൾ േനടി. 30ാം മിനിറ്റിലും ഇഞ്ച്വറി സമയത്തുമായിരുന്നു ഹാലൻഡിെൻറ ഗോളുകൾ.
റെഡ്ബുൾ സാൽസ്ബർഗിൽ നിന്നും സീസൺ മധ്യത്തിൽ ജർമനിയിലെത്തിയ ഹാലൻഡ് 14 മത്സരങ്ങളിൽ നിന്നും 13 ഗോൾ നേടി. സീസണിൽ ഇതുവരെ സാൽസ്ബർഗിനും ഡോർട്മുണ്ടിനുമായി 39 മത്സരങ്ങളിൽ നിന്നായി ഹാലൻഡ് 44 ഗോളുകളാണ് അടിച്ചുകൂട്ടിയത്. അവസാനക്കാരായ പഡേർബോണിനെ 3-1ന് തോൽപിച്ച് മോൻഷൻഗ്ലാഡ്ബാഹ് ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കി.
33 മത്സരങ്ങളിൽ നിന്നും ഡോർട്മുണ്ടിന് 69 പോയൻറും ലെപ്സിഷിന് 63 പോയൻറുമാണുള്ളത്. മറ്റൊരു മത്സരത്തിൽ എഫ്.എസ്.വി മെയ്ൻസിനോട് 3-1ന് തോറ്റ വെർഡർ ബ്രെമൻ തരംതാഴ്ത്തൽ മേഖലയിലെത്തി. 33 മത്സരങ്ങളിൽ നിന്നും 28 പോയൻറ് മാത്രമുള്ള ബ്രെമന് 28 പോയൻറാണുള്ളത്.
ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കും രണ്ടാം സ്ഥാനക്കാരായി ഡോർട്മുണ്ടും ചാമ്പ്യൻസ് ലീഗ് ബെർത്തുറപ്പിച്ചു. ലെപ്സിഷ്, ബൊറൂസിയ മോൻഷൻഗ്ലാഡ്ബാഹ്, ബയേർ ലെവർകുസൻ എന്നീ ടീമുകളാണ് ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി പോരാടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
