വമ്പന്മാരുടെ പോരാട്ടത്തിൽ റയലിന് ജയം; പി.എസ്.ജിയെ 3-1ന് തകർത്തു
text_fieldsമഡ്രിഡ്: സാൻറിയാഗോ ബെർണബ്യൂവിൽ ഒരു രാജാവ് മാത്രമെയുള്ളൂ, ക്രിസ്റ്റ്യാനോ റൊണാൾഡോ, പ്രത്യേകിച്ച് അങ്കത്തട്ട് ചാമ്പ്യൻസ് ലീഗാവുേമ്പാൾ. പാരിസിൽ നിന്നെത്തിയ നെയ്മർ രാജകുമാരനെയും കൂട്ടരെയും മഡ്രിഡുകാർ നന്നായി ‘സൽക്കരിച്ച്’ വിട്ടു. ലാ ലിഗയിൽ കിതക്കുന്ന റയൽ മഡ്രിഡിെൻറ ശവപ്പെട്ടിയിൽ അവസാന ആണിയടിക്കാൻ ഫ്രാൻസിൽ നിന്നും ഒരു സംഘം വരുന്നുണ്ടെന്ന വീരവാദങ്ങളെല്ലാം ഒറ്റരാത്രിെകാണ്ട് അവസാനിച്ചു. ലോകം കണ്ണിമ വെട്ടാതെ ഉറ്റുനോക്കിയ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിെൻറ ആദ്യ പാദ പോരാട്ടത്തിൽ നടപ്പുചാമ്പ്യന്മാർക്ക് 3-1െൻറ ആധികാരിക വിജയം. മറ്റൊരു കളിയിൽ ലിവർപൂൾ മടക്കമില്ലാത്ത അഞ്ചു ഗോളുകൾക്ക് എഫ്.സി പോർേട്ടായെ തകർത്തുവിട്ടു.
ചാമ്പ്യൻസ് ലീഗിൽ ഒരു ക്ലബിനു വേണ്ടി 100ാം ഗോൾ നേടുന്ന ആദ്യ കളിക്കാരനെന്ന റെക്കോഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ കളിയിലെ താരമായി. രണ്ട് ഗോൾ നേടിയ ക്രിസ്റ്റ്യാനോക്കൊപ്പം മാഴ്സലോയും ലക്ഷ്യം കണ്ടപ്പോൾ പി.എസ്.ജിയുടെ നെയ്മർ-കവാനി-എംബാെപ മുന്നേറ്റ ത്രയം നിഷ്പ്രഭരായി. എണ്ണപ്പണം വാരിയെറിഞ്ഞ് ബ്രസീലിെൻറ മിന്നും താരത്തെ സ്വന്തമാക്കിയ പി.എസ്.ജി മുതലാളി നാസർ അൽഖലീഫിക്ക് മുടക്കിയ തുക പാഴായോ എന്നറിയാൻ രണ്ടാം പാദം വരെ കാത്തിരിക്കാം. പി.എസ്.ജിയുടെ തട്ടകത്തിൽ മാർച്ച് ആറിനാണ് രണ്ടാം പാദ മത്സരം. മഡ്രിഡിൽ നേടിയ വിലപ്പെട്ട എവേ ഗോളുമായി പി.എസ്.ജിക്ക് കാത്തിരിക്കാം.

റാബിയോട്ടിലൂടെ റയലിനെ ഞെട്ടിച്ച് പി.എസ്.ജി
ആദ്യ പത്തുമിനിറ്റ് കളി മുഴുവൻ റയൽ താരങ്ങളിലായിരുന്നു. എന്നാൽ, മൈതാനമധ്യത്തിൽ മാർകോ വെറാറ്റിയും ആൻഡ്രിയൻ റാബിയോട്ടും പതുക്കെ പന്തിെൻറ നിയന്ത്രണം ഏറ്റെടുത്തതോടെ കളി പി.എസ്.ജിയിലേക്കെത്തി. 33ാം മിനിറ്റിൽ വലതുവിങ്ങിലൂടെ കുതിച്ച എംബാപ്പെ ബോക്സിലുള്ള നെയ്മറിനെ ലക്ഷ്യമാക്കി നിൽകിയ പാസ് നാച്ചോ തട്ടിയകറ്റിയത് റാബിയോട്ടിെൻറ മുന്നിലേക്കാണ്. ഫ്രഞ്ച് താരം അനായാസം പന്ത് വലയിലാക്കി. സ്റ്റേഡിയം നിശ്ശബ്ദമായ നിമിഷം.
ക്രിസ്റ്റ്യാനോയിലൂടെ തിരിച്ചടി
ഇടവേളക്ക് വിസിലൂതാൻ സെക്കൻഡുകൾ മാത്രം. ടോണി ക്രൂസിനെ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിസിലൂതി. ഫൗൾ ചെയ്തിട്ടില്ലെന്ന് പി.എസ്.ജി താരങ്ങൾ തർക്കിച്ചെങ്കിലും കാര്യമുണ്ടായില്ല. കിക്കെടുത്ത ക്രിസ്റ്റ്യാനോ ബുള്ളറ്റ് വേഗത്തിൽ പന്ത് വലയിലെത്തിച്ചു. റയൽ ജഴ്സിയിൽ താരത്തിെൻറ നൂറാം ചാമ്പ്യൻസ് ലീഗ് ഗോൾ.

കളിമാറി അവസാന പത്ത് മിനിറ്റ്
ആവനാഴിയിലെ അസ്ത്രങ്ങൾ റയൽ കോച്ച് സിനദിൻ സിദാൻ ഉപയോഗിച്ചിരുന്നില്ല. ഗരത് ബെയ്ൽ, ലൂകാസ് വസ്ക്വസ്, മാർകോ അസെൻസിയോ എന്നിവരെ രണ്ടാം പകുതിയിൽ ഇറക്കിയതോടെ കളിമാറി. ഏതുനിമിഷവും പി.എസ്.ജിയുടെ വലയിൽ പന്തെത്തുമെന്ന അവസ്ഥ. 83, 86 മിനിറ്റുകളിൽ അസെൻസിയോയുടെ ക്രോസുകളിൽ പി.എസ്.ജി കറങ്ങിവീണു. ഭാഗ്യത്തിെൻറ അകമ്പടിയോടെ ആദ്യം ക്രിസ്റ്റ്യാനോയും പിന്നാലെ മാഴ്സലോയും വലകുലുക്കി പി.എസ്.ജിയുടെ കഥകഴിച്ചു.
പോർേട്ടായിൽ ലിവർപൂൾ മാത്രം
പോർേട്ടായുടെ തട്ടകത്തിൽ ലിവർപൂൾ മാത്രമായിരുന്നു ചിത്രത്തിൽ. ആൻഫീൽഡിലെ രണ്ടാം പാദത്തിനു മുെമ്പ ലിവർപൂൾ ക്വാർട്ടറിലേക്കുള്ള പാതി ദൂരം പിന്നിട്ടുകഴിഞ്ഞു. സെനഗൽ താരം സാദിയോ മനെയുടെ മിന്നും ഹാട്രിക്കിെൻറ (25, 53, 85 മിനിറ്റ്) പകിട്ടിൽ പോർേട്ടായെ ലിവർപൂൾ തരിപ്പണമാക്കുകയായിരുന്നു. സീസണിൽ ഗോൾ നേടുന്നത് ഹരമാക്കി മാറ്റിയ മുഹമ്മദ് സലാഹ് (29), റോബർട്ട് ഫിർമീന്യോ (69) എന്നിവരാണ് മറ്റു സ്കോറർമാർ.