റയലിന് വമ്പൻ ജയം
text_fieldsമഡ്രിഡ്: കൊച്ചിയിൽ നടന്ന ലാലിഗ വേൾഡ് ഫുട്ബാൾ ടൂർണമെൻറ് വഴി മലയാളി ആരാധകർക്ക് സുപരിചിതരായ ജിറോണ എഫ്.സിയെ 4-1ന് തകർത്ത് റയൽ മഡ്രിഡ് ലാലിഗയിലെ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഒരു ഗോളിനു പിറകിൽനിന്ന ശേഷമായിരുന്ന പെനാൽറ്റി ഗോളുകളുടെ മികവിൽ റയലിെൻറ ഗംഭീര മടങ്ങി വരവ്. ഇരട്ടഗോൾ നേടിയ ഫ്രഞ്ച് താരം കരീം ബെൻസേമ, ഗാരത് ബെയ്ൽ, ക്യാപ്റ്റൻ സെർജിയോ റാമോസ് എന്നിവരാണ് സ്കോറർമാർ.
ആദ്യ പകുതിയുടെ 16ാം മിനിറ്റിൽ ബോർജോയിലൂടെ ജിറോണ റയലിനെ ഞെട്ടിച്ചു. ഏറെ വൈകാതെ 39ാം മിനിറ്റിൽ മാർക് മുനീസ അസൻസിയോയെ ഫൗൾചെയ്തതിനു ലഭിച്ച പെനാൽറ്റിയിലൂെട റാമോസ് സമനില ഗോൾ സ്വന്തമാക്കി. ലാ ലിഗ ചരിത്രത്തിൽ 15 സീസണിൽ തുടർച്ചയായി ഗോൾ നേടുന്ന പ്രതിരോധ താരമെന്ന അപൂർവ റെക്കോഡിനും ഉടമയായിരിക്കുകയാണ് റാമോസ്.
ഇരു ടീമുകളും ഒരോ ഗോളടിച്ച് ആദ്യ പകുതി അവസാനിച്ചു. റയലിെൻറ രണ്ടാമത്തെ ഗോളും പെനാൽറ്റിയിലൂടെയായിരുന്നു. ഇക്കുറിയും ഫൗളിനിരയായത് അസൻസിയോതന്നെ. കിക്കെടുക്കാൻ അവസരം ലഭിച്ചത് ബെൻസേമക്കും. ഫ്രഞ്ച് താരം പന്ത് അനായാസം വലയിൽ കയറ്റി. 59ാം മിനിറ്റിൽ ഇസ്കോ നൽകിയ പന്തുമായി കുതിച്ചുപാഞ്ഞ ബെയ്ൽ തെൻറ ഇടങ്കാൽകൊണ്ട് വലയുടെ വലതുമൂലയിലേക്ക് പന്ത് ചെത്തിയിട്ട് മൂന്നാം ഗോൾ സ്വന്തമാക്കി. 80ാം മിനിറ്റിൽ ബെയ്ലിെൻറ അസിസ്റ്റിൽ ഇരട്ടഗോൾ തികച്ച് ബെൻസേമ പട്ടിക പൂർത്തിയാക്കി. റയൽ പോയൻറ് പട്ടികയിൽ ഒന്നാമതെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
