ഒടുവിൽ കോർട്ടുവ റയൽ മഡ്രിഡിൽ
text_fieldsലണ്ടൻ: ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ബെൽജിയൻ ഗോൾ കീപ്പർ തിബോ കോർട്ടുവ ഒടുവിൽ റയൽ മഡ്രിഡിലെത്തി. ഗോൾകീപ്പർക്കുള്ള അഞ്ചാമത്തെ വലിയ തുകയായ 35 ദശലക്ഷം യൂറോ നൽകി (274 കോടി രൂപ) ആറു വർഷത്തെ കരാറിലാണ് 26കാരനെ റയൽ ടീമിലെത്തിച്ചത്. ഇതോടെ രണ്ട് സീസണുകളിലായുള്ള റയലിെൻറ കോർട്ടുവ വേട്ടക്ക് ശുഭപര്യവസാനമായി. ഇതേ കരാറിെൻറ ഭാഗമായി ക്രൊയേഷ്യൻ മിഡ്ഫീൽഡർ മാറ്റിയോ കൊവാസിചിനെ റയൽ ഒരു വർഷത്തേക്ക് വായ്പാടിസ്ഥാനത്തിൽ ചെൽസിക്ക് കൈമാറി.
മികച്ച പ്രകടനത്തോടെ ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വന്തമാക്കിയതിനുപിന്നാലെ കോർട്ടുവക്കായുള്ള ശ്രമം റയൽ പ്രസിഡൻറ് ഫ്ലോറൻറീനോ പെരസ് ശക്തമാക്കിയിരുന്നു. റയലിലേക്ക് മാറുന്നതിനുള്ള സമ്മർദ തന്ത്രത്തിെൻറ ഭാഗമായി കോർട്ടുവ ചെൽസിയുടെ പ്രീസീസൺ പരിശീലനത്തിൽനിന്നു വരെ വിട്ടുനിൽക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് താരത്തെ വിട്ടുനൽകാൻ ചെൽസി തയാറായത്.
മികച്ച പകരക്കാരനെ ലഭിച്ചാൽ മാത്രമേ കോർട്ടുവയെ നൽകൂവെന്ന് ചെൽസി വ്യക്തമാക്കിയിരുന്നു. ഗോൾകീപ്പർക്കുള്ള ലോക റെക്കോഡ് തുകക്ക് സ്പാനിഷ് ഗോളി കെപ അരിസബലാഗയെ കൈക്കലാക്കിയതോടെയാണ് കോർട്ടുവക്ക് മുകളിലുള്ള പിടിത്തം അയക്കാൻ ചെൽസി തയാറായത്. എന്നാൽ, മുൻനിര ക്ലബിൽ മികവ് തെളിയിച്ചിട്ടില്ലാത്ത കെപക്കുവേണ്ടി 80 ദശലക്ഷം യൂറോ (636 കോടി രൂപ) മുടക്കാൻ തയാറായ ചെൽസിക്ക് ഗംഭീര ഫോമിലുള്ള കോർട്ടുവയെ നൽകുന്ന വകയിൽ അതിെൻറ പകുതി പോലും തുക ഇൗടാക്കാൻ കഴിഞ്ഞില്ലെന്നത് തിരിച്ചടിയായി.
ഇൗ സീസണോടെ കരാർ അവസാനിക്കുന്നതിനാൽ ഇപ്പോൾ വിടുതൽ നൽകിയില്ലെങ്കിൽ അടുത്ത വർഷം കോർട്ടുവയെ സൗജന്യമായി പോകാൻ അനുവദിക്കേണ്ടിവരുമെന്ന അവസ്ഥ നടത്താൻ പറ്റാത്ത സ്ഥിതിവിശേഷമുണ്ടാക്കി.
ആറടി ആറിഞ്ചിൽ ഗോൾ പോസ്റ്റ് നിറഞ്ഞുനിൽക്കുന്ന കോർട്ടുവ 2011ൽ സ്വന്തം നാട്ടിലെ ക്ലബായ ജെൻകിൽനിന്നാണ് ചെൽസിയിലെത്തിയത്. എന്നാൽ ഉടൻ താരത്തെ അത്ലറ്റികോ മഡ്രിഡിന് വായ്പാടിസ്ഥാനത്തിൽ കൈമാറി. 2014 വരെ അത്ലറ്റികോയുടെ വല കാത്ത കോർട്ടുവയുടെ മികവ് തിരിച്ചറിഞ്ഞ ചെൽസി താരത്തെ തിരിച്ചുവിളിച്ചു. സ്പാനിഷ് ലീഗിലെ മികവ് പ്രീമിയർ ലീഗിലും ആവർത്തിച്ച കോർട്ടുവക്ക് പക്ഷേ കുടുംബം താമസിക്കുന്ന സ്പെയിനിലേക്ക് തിരിച്ചുപോവാനായിരുന്നു താൽപര്യം. മൂന്ന് സീസൺ മുമ്പ് മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് ഡേവിഡ് ഡിഹയയെ ടീമിലെത്തിക്കാനുള്ള ശ്രമം അവസാന നിമിഷം പാളിയതോടെ റയലിെൻറ നോട്ടം തന്നിലേക്കായതും കോർട്ടുവക്ക് തുണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
