റയലിന് കിരീടം ഒരു ജയം മാത്രമകലെ
text_fieldsഅബൂദബി: ക്ലബ് ലോകത്തെ വിശ്വകിരീടം മൂന്നാം തവണയും സാൻറിയാഗോ ബെർണബ്യൂവിലെത്താൻ ലോക ചാമ്പ്യന്മാർക്ക് ഇനി വേണ്ടത് ഒരേ ഒരു ജയം മാത്രം. സെമിഫൈനലിൽ യു.എ.ഇ ക്ലബ് അൽജസീറയെ 2-1ന് തോൽപിച്ച് റയൽ മഡ്രിഡ് ഫൈനലിൽ പ്രവേശിച്ചു.
കരീം ബെൻസേമയുെട പകരക്കാരനായെത്തി ഗോൾ നേടിയ ഗാരത് ബെയ്ലാണ് റയലിെൻറ രക്ഷകനായത്. ശനിയാഴ്ച അബൂദബിയിലെ സയ്യിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് കലാശപ്പോര്. ബ്രസീലിയൻ ക്ലബ് ഗ്രീമിയോയാണ് എതിരാളികൾ.
ആതിഥേയ ക്ലബായ അൽജസീറയെ എളുപ്പം കീഴടക്കാമെന്നായിരുന്നു കിരീടങ്ങളും പോരാട്ടങ്ങളും ഏറെ കണ്ട സ്പാനിഷ് വമ്പന്മാർ കരുതിയിരുന്നതെങ്കിലും കാര്യങ്ങൾ പ്രതീക്ഷിച്ചപോലെയായിരുന്നില്ല. സ്വന്തം ആരാധകരുടെ ആർപ്പുവിളിക്കൊപ്പം ഡിഫൻസീവ് മത്സരം കാഴ്ചവെച്ച അൽജസീറക്കു മുന്നിൽ റയൽ അൽപം വിയർത്താണ് ജയിച്ചത്. അൽജസീറയുടെ ബ്രസീൽ താരം റൊമാരീന്യോ (41) ആദ്യം ഗോൾ നേടിയെങ്കിലും രണ്ടാം പകുതിയിൽ റയൽ വിജയത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. 53ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും 81ാം മിനിറ്റിൽ ഗാരത് ബെയ്ലുമാണ് അൽജസീറയുടെ വലകുലുക്കിയത്.
