‘ഇനിയെങ്കിലും നിർത്തൂ, നാം പിറകോട്ടാണ് സഞ്ചരിക്കുന്നത്’
text_fieldsറോം: കാത്തിരുന്നു കിട്ടിയ പുതിയ തട്ടകമാണിതെന്നും മൈതാനത്ത് ഇനി പുതിയ ഉൗർജത്തോടെ പന്തുതട്ടണമെന്നും ആവേശത്തോടെ പറഞ്ഞ് മണിക്കൂറുകൾ പിന്നിടുന്നതിനിടെയായിരുന്നു റൊമേലു ലുകാകുവെന്ന ആഫ്രിക്കൻ വംശജനായ ബെൽജിയം സൂപ്പർ സ്ട്രൈക്കർ കടുത്ത വംശീയ അധിക്ഷേപത്തിന് ഇരയായത്. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുൈനറ്റഡിൽനിന്ന് ഇറ്റലിയിലെത്തി രണ്ടാം മത്സരത്തിലായിരുന്നു അപമാനം. സാർദീഗ്ന അറീനയിൽ കാഗ്ലിയാരിക്കെതിരായ മത്സരത്തിെൻറ 72ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്കെടുക്കാൻ നീങ്ങുേമ്പാഴും അനായാസം അതു വലയിലെത്തിച്ചപ്പോഴും കാണികളിൽ ചിലർ കുരങ്ങിനെ അനുകരിച്ച് കൂക്കിവിളി നിർത്തിയില്ല. സഹതാരങ്ങൾ ഒാടിവന്ന് കെട്ടിപ്പിടിച്ച് ഗോൾ ആഘോഷിച്ചിട്ടും അറിഞ്ഞില്ലെന്ന മട്ടിൽ അപമാനിച്ചവർക്കു നേരെ നോക്കി ലുകാകു മൗനിയായി തിരിച്ചുനടന്നത് ഫുട്ബാളിലെ ദുഃഖ കാഴ്ചകളിലൊന്നായി.
ഇറ്റാലിയൻ ഫുട്ബാളിൽ ഇത് ആദ്യ സംഭവമൊന്നുമല്ല. രണ്ടു വർഷം മുമ്പ് സുലെ മുൻതാരി, കഴിഞ്ഞ വർഷം െബ്ലയിസ് മത്യൂഡി, മാസങ്ങൾക്ക് മുമ്പ് മോയിസ് കീൻ... സാർദീഗ്ന അറീന മൈതാനത്തെ പട്ടിക പിന്നെയും നീളും. കാൽപ്പന്ത് മൈതാനങ്ങളെ തീപിടിപ്പിച്ച വന്യമായ ആഫ്രിക്കൻ ചടുലതയെ നെഞ്ചേറ്റാത്തവർ വിരളം. പക്ഷേ, ഇറ്റലിയിലും യൂറോപ്പിലെ മറ്റു കളിമുറ്റങ്ങളിലും ഇവർ നേരിടുന്ന അധിക്ഷേപങ്ങൾ ഏറെയാണെന്ന് ലുകാകു സാക്ഷ്യപ്പെടുത്തുന്നു. മറ്റ് അച്ചടക്ക ലംഘനങ്ങൾക്ക് കടുത്ത നടപടി പ്രഖ്യാപിച്ച് മുന്നേ നടക്കുന്ന അധികൃതർ ഗൗരവമായ ഇൗ വിഷയത്തിൽ മാത്രം മിണ്ടാതിരിക്കുന്നതാണ് വീണ്ടും ആവർത്തിക്കാനിടയാക്കുന്നത്.
തുടർച്ചയായി അപമാനിക്കുന്ന വംശവെറിയന്മാർ ഒഴുകിയെത്തുന്ന സാർദീഗ്ന അറീനക്കെതിരെ പോലും ഇതുവരെയും ഒരു നടപടിയുമുണ്ടായിട്ടില്ല. മൈാതനം അടച്ചിട്ടും കാണികളെ വിലക്കിയും നടപടി സ്വീകരിക്കേണ്ടവർ ചെറിയ പിഴ ഇൗടാക്കാറു പോലുമില്ല. മറിച്ച്, വംശീയ അധിക്ഷേപത്തിനിരയായി മൈതാനംവിട്ട താരത്തിന് കാർഡ് നൽകി പുറത്താക്കിയ റഫറിമാരുടെ അനുഭവമുണ്ട് താനും. 2017ൽ സുലെ മുൻതാരിയായിരുന്നു റഫറിയുടെ നടപടിക്കിരയായത്, ഇതുപിന്നീട് റദ്ദാക്കപ്പെെട്ടങ്കിലും.
മൈതാനങ്ങളിൽ മതിയാക്കാത്തവർ സമൂഹമാധ്യമങ്ങളിലും തെറി വിളിക്കുന്ന അനുഭവങ്ങളുമേറെ. ഇറ്റലിയിൽ പാർലമെൻറിൽ പോലും വേരുപടർത്തിക്കഴിഞ്ഞ വംശീയതയുടെ അവസാന ഇടമാണ് ഫുട്ബാൾ മൈതാനങ്ങൾ. ഒട്ടുമിക്ക സ്റ്റേഡിയങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. പ്രതികളെ കണ്ടെത്തി കടുത്ത നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇത് ഇനിയും അനുഭവിക്കേണ്ടിവരുെമന്ന് വിലപിക്കുന്നത് ലുകാകു തന്നെ. കഴിഞ്ഞ മാസം പോലും നിരവധി പേർ വംശീയാക്രമണത്തിന് ഇരയായെന്നും തെൻറ കാര്യത്തിൽ അത് ഇത്തിരി വൈകിയെന്നേ ഉള്ളൂവെന്നും കളിക്കു ശേഷം പുറത്തുവിട്ട പ്രസ്താവനയിൽ അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഫുട്ബാളിനെ അപമാനിക്കുന്ന ഇത്തരം സ്വഭാവദൂഷ്യങ്ങൾക്കെതിരെ ഫുട്ബാൾ ഫെഡറേഷനുകൾതന്നെ രംഗത്തുണ്ടാകണമെന്ന് താരങ്ങളും ആവശ്യപ്പെടുന്നു. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻനിര ടീമുകളിൽനിന്ന് ഒാരോരുത്തരെ ചേർത്ത് പ്രേത്യക സംഘം രൂപവത്കരിച്ച് വംശവെറി വിരുദ്ധ കൂട്ടായ്മയുണ്ടാക്കാൻ സീരി എ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
