മിടുമിടുക്കർ പാരിസ്
text_fieldsപാരിസ്: ഫ്രാൻസിലെ പരൽമീനുകളെ മാത്രമല്ല. ജർമനിയിലെ വൻ സ്രാവുകളെയും വിഴുങ്ങി പാരിസ് സെൻറ് െജർമയ്ൻ ജൈത്രയാത്ര യൂറോപ്യൻ ഫുട്ബാളിെൻറ പറുദീസയിലേക്ക്. ലോകഫുട്ബാളിലെ സൂപ്പർ താരങ്ങൾ ഒന്നിച്ചപ്പോഴും പി.എസ്.ജിയുടെ കരുത്തിൽ സംശയിച്ച വിമർശകർ ഇനി വായടച്ചേ മതിയാവൂ. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്‘ബി’യിലെ രണ്ടാം അങ്കത്തിൽ മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തരിപ്പണമാക്കിയ ഫ്രഞ്ച് ചാമ്പ്യന്മാർ യൂറോപ്പിലെ വമ്പന്മാർക്കെല്ലാം ഒരിക്കൽകൂടി മുന്നറിയിപ്പ് നൽകി.
പ്രതിരോധവും ആക്രമണവും ഒരുപോലെ ആയുധമാക്കിയ ബുണ്ടസ് ലിഗ ചാമ്പ്യന്മാർ പന്തിനു പിറകിലെ കാഴ്ചക്കാർ മാത്രമായപ്പോൾ കളംനിറഞ്ഞു കളിച്ച് നെയ്മർ-എഡിൻസൺ കവാനി-കെയ്ലിയൻ എംബാപെ ത്രയം യൂറോപ്യൻ പോരാട്ടം തങ്ങളുടേത് മാത്രമാക്കി മാറ്റി. കളിയുടെ ഇരുപകുതികളിലുമായി ഡാനി ആൽവസ് (രണ്ടാം മിനിറ്റ്), എഡിൻസൺ കവാനി (31), നെയ്മർ (63) എന്നിവർ നേടിയ ഗോളിലായിരുന്നു പി.എസ്.ജി സ്വന്തം തട്ടകത്തിൽ മ്യൂണിക്കുകാരെ വീഴ്ത്തിയത്.
ബയേണിെൻറ ലെവൻഡോവ്സ്കി-മ്യൂള്ളർ-റോഡ്രിഗസ് മുന്നേറ്റത്തെ തിയാഗോ സിൽവയുടെ നേതൃത്വത്തിൽ തടഞ്ഞുനിർത്തിയപ്പോൾ, പി.എസ്.ജി മധ്യനിര പന്തുമായി ബയേൺ കോട്ടയിൽ പന്തെത്തിച്ചുകൊണ്ടേയിരുന്നു. ആരാധകരെ അദ്ഭുതപ്പെടുത്തി രണ്ടാം മിനിറ്റിൽ തന്നെ ബയേണിെൻറ വലകുലുങ്ങി. നെയ്മറിെൻറ പാസിൽനിന്ന് ഡാനി ആൽവസാണ് ബയേണിനെ ഞെട്ടിച്ചത്. പിന്നാലെ, കവാനിയും ഗോളാക്കിയതോടെ ഇൗ രാവിൽ ഒരു ഗോൾമഴ ആരാധകർ പ്രതീക്ഷിച്ചു. എംബാപ്പെയുടെ സൂപ്പർ മുന്നേറ്റത്തിനൊടുവിൽ കവാനിയാണ് സ്കോർ ചെയ്തത്.
‘സെൽഫിൽ’ ജയിച്ച്
ബാഴ്സലോണ
ഗ്രൂപ് ‘ഡി’യിൽ പോർചുഗലിലെ സ്പോർട്ടിങ്ങിെൻറ തട്ടകത്തിൽ എവേ മത്സരത്തിനിറങ്ങിയ ബാഴ്സക്ക് സെൽഫ് ഗോളിൽ ജയം. 49ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സിയെടുത്ത ഫ്രീകിക്ക് ക്ലിയർ ചെയ്യാനുള്ള സ്പോർട്ടിങ് പ്രതിരോധതാരം സെബാസ്റ്റ്യൻ കോറ്റാസിെൻറ ശ്രമം പാളിയത് ഗോളായപ്പോൾ ബാഴ്സ കഷ്ടിച്ച് രക്ഷപ്പെട്ടു.
റെമേലു ലൂക്കാക്കു നിറഞ്ഞു കളിച്ചപ്പോൾ ഗ്രൂപ് ‘എ’യിൽ മാഞ്ചസ്റ്റർ യുൈനറ്റഡ് സി.എസ്.കെ.എ മോസ്കോയെ (4-1) തകർത്തു. ലുക്കാക്കു രണ്ടു തവണ (4, 26 മിനിറ്റ്) വലകുലുക്കിയപ്പോൾ അേൻറാണി മാർഷ്യലും (18) ഹെൻട്രിക് മിഖിത്ര്യാനും പട്ടികതികച്ചു. ഗ്രൂപ് ‘സി’യിൽ ചെൽസി അത്ലറ്റികോ മഡ്രിഡിനെയും (2-1) ‘ഡി’യിൽ യുവൻറസ് ഒളിമ്പിയാകോസിനെ (2-0) വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
