സിറ്റിക്ക് തോൽവി; ലിവർപൂളിന് ആശ്വാസം
text_fieldsലണ്ടൻ: പ്രീമിയർ ലീഗ് കിരീടത്തിലേക്കു കുതിക്കുന്ന ലിവർപൂളിന് ആശ്വാസമായി മാഞ്ചസ്റ്റർ സിറ്റിയുടെ തോൽവി വാർത്ത. പോയൻറ് പട്ടികയിൽ തൊട്ടുപിറകിലുള്ള നിലവിലെ ചാമ്പ്യന്മാരെ ന്യൂകാസിൽ യുനൈറ്റഡ് അട്ടിമറിച്ചു. ന്യൂകാസിലിെൻറ തട്ടകത്തിൽ നടന്ന മത്സരത്തിലാണ് 2-1ന് മാഞ്ചസ്റ്റർ സിറ്റി തോറ്റത്. ഇതോടെ, ലെസ്റ്റർ സിറ്റിക്കെതിരെ ജയിച്ചാൽ ലിവർപൂളിന് സിറ്റിയുമായുള്ള പോയൻറ് വ്യത്യാസം ഏഴ് ആക്കി ഉയർത്താം. 23 മത്സരങ്ങളിൽ ലിവർപൂളിന് 60 പോയൻറും 24 കളികളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് 56 പോയൻറുമാണ്.
അതിവേഗം ഗോൾ നേടിയായിരുന്നു സിറ്റിയുടെ തുടക്കം. ആദ്യ ടച്ചിൽതന്നെ കോർത്തിണക്കിയ നീക്കവുമായി ന്യൂകാസിലിെൻറ ഗോൾമുഖത്തേക്ക് കുതിച്ച സിറ്റി, സെർജിയോ അഗ്യൂറോയിലൂടെ ഗോൾ നേടുേമ്പാൾ സമയബോർഡിൽ ഒരു മിനിറ്റ് പൂർത്തിയായിരുന്നില്ല. സീസണിലെ വേഗമേറിയ ഗോളായിരുന്നു ഇത്. എന്നാൽ, രണ്ടാം പകുതി റാഫേൽ ബെനിറ്റസിെൻറ പോരാളികൾ തിരിച്ചുവരുന്നതാണ് കണ്ടത്. സാലോമൊൻ റൊൺഡോണും (66) പിന്നാലെ പെനാൽറ്റിയിൽ മാറ്റ് റിച്ചിയും(80) സിറ്റിയുടെ പ്രതീക്ഷകൾ തകർത്തു.
അതേസമയം, അമരക്കാരനായെത്തിയതിനുശേഷം തുടർച്ചയായ എട്ടു മത്സരങ്ങളിൽ വിജയക്കുതിപ്പ് തുടർന്ന ഒലെ സോൾഷെയറുടെ ടീമിന് സഡൻബ്രേക്ക്. ബേൺലിക്കു മുന്നിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് 2-2ന് സമനിലയിലായി. എങ്കിലും ഏറെ നാടകീയതകൾ നിറഞ്ഞ മത്സരത്തിൽ തോൽക്കാതിരുന്നത് സോൾഷെയറിന് ആശ്വസിക്കാം. അവസാന അഞ്ചു മിനിറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് യുനൈറ്റഡ് സമനില പിടിക്കുന്നത്. ആഷ്ലി ബാർനസ് (51), ക്രിസ്വൂഡ് (81) എന്നിവരുടെ ഗോളിൽ പിന്നിലായ യുനൈറ്റഡിനെ പോൾ പോഗ്ബയും (പെനാൽറ്റി-87), വിക്ടർ ലിൻഡോഫും (92) രക്ഷപ്പെടുത്തുകയായിരുന്നു. 45 പോയൻറുമായി ആറാമതാണ് യുനൈറ്റഡ്. മറ്റൊരു മത്സരത്തിൽ കാർഡിഫ് സിറ്റിയെ ആഴ്സനൽ 2-1ന് തോൽപിച്ചു.