ബാഴ്സക്ക് വിജയത്തുടക്കം; ലിവർപൂൾ മാഞ്ചസ്റ്ററിനെ തരിപ്പണമാക്കി
text_fieldsന്യൂയോർക്: പ്രീസീസൺ പോരാട്ടങ്ങൾക്ക് വിജയത്തുടക്കം കുറിച്ച് ബാഴ്സലോണ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടൻഹാമിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് കറ്റാലന്മാർ കുതിപ്പുതുടങ്ങിയത്. ഇൗ സീസണിൽ ബാഴ്സലോണ ക്ലബിലെത്തിച്ച ബ്രസീലിയൻ താരങ്ങളായ മാൽകമും ആർദറും അരങ്ങേറ്റംകുറിച്ച മത്സരത്തിൽ, നിശ്ചിത സമയത്ത് 2-2ന് കളി സമനിലയിലായി.
അലാവസിൽനിന്ന് തിരിച്ചെത്തിയ മുനീറുൽ ഹദ്ദാദിയും (15) ആർദറുമാണ് (29) ബാഴ്സയുടെ രണ്ടു ഗോളുകൾ നേടിയത്. എന്നാൽ, രണ്ടാം പകുതിയിൽ രണ്ടു മിനിറ്റിെൻറ വ്യത്യാസത്തിൽ ടോട്ടൻഹാമിെൻറ ഹോങ് മിൻ സണും (73) കെവിൻ എൻകോഡോയും (75) തിരിച്ചടിച്ചതോടെ കളി സമനിലയിലായി. ബാഴ്സ താരങ്ങളെല്ലാം ലക്ഷ്യംകണ്ട ഷൂട്ടൗട്ടിനൊടുവിൽ 5-3ന് ടോട്ടൻഹാമിനെ കറ്റാലന്മാർ തോൽപിക്കുകയായിരുന്നു. അണ്ടർ 17 ലോകകപ്പിൽ കൊച്ചിയിൽ കളിച്ച ആബേൽ റൂയിസും ബ്രസീൽ താരം മാൽകമും ഉന്നം പിഴക്കാതെ ഗോളാക്കി.

ഇംഗ്ലീഷ് പോരാട്ടമായ മറ്റൊരു മത്സരത്തിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെ 4-1ന് തരിപ്പണമാക്കി. സാദിയോ മനെ (28), ഡാനിയൽ സ്റ്ററിഡ്ജ് (66), ഷീയി ഒജോ (74), സീസണിൽ ലിവർപൂളിലെത്തിയ ഷർദാൻ ഷാക്കിരി (82) എന്നിവരാണ് ലിവർപൂളിെൻറ ഗോൾ നേടിയത്. ആന്ദ്രെസ് പിറെയ്റ (31) യുനൈറ്റഡിെൻറ ആശ്വാസ ഗോൾ നേടി. മറ്റൊരു മത്സരത്തിൽ ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റു.
പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സിറ്റി 3-2നാണ് ബയേണിനെ തോൽപിച്ചത്. ബെർണാഡോ സിൽവ (45, 70) ലൂകാസ് മെച (51) എന്നിവർ സിറ്റിക്കായി ഗോൾ നേടിയപ്പോൾ, മെറിട്ടൻ ഷബാനി (15), ആർയൻ റോബൻ (24) എന്നിവരാണ് ബയേണിെൻറ സ്കോറർമാർ. പോയൻറ് പട്ടികയിൽ ഡോർട്മുണ്ട് (7), ലിവർപൂൾ(6), യുവൻറസ് (5) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.