ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗം പി.പി. ലക്ഷ്മണന് അന്തരിച്ചു
text_fieldsകണ്ണൂർ: ഫുട്ബാൾ സംഘടന രംഗത്തെ അതികായനും ഫിഫ അപ്പീൽ കമ്മിറ്റി അംഗവും അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ മുൻ പ്രസിഡൻറും സെക്രട്ടറിയുമായിരുന്ന പി.പി. ലക്ഷ്മണൻ (83) നിര്യാതനായി. തിങ്കളാഴ്ച പുലർച്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ലസി ഹോസ്പിറ്റലിനു സമീപത്തെ ഭവനമായ ‘രോഹിണി’യിൽ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലുമണിക്ക് പയ്യാമ്പലത്ത് . കെ.പി.സി.സി അംഗമായിരുന്ന ലക്ഷമണൻ കണ്ണൂർ നഗരസഭ ചെയർമാനുമായിരുന്നു.
കണ്ണൂർ നഗരത്തിനടുത്ത് അലവിലെ പൂവേൻ തറവാട്ടിൽ കുമാരൻ-രോഹിണി ദമ്പതികളുടെ മകനായി 1935 ഫെബ്രുവരി പത്തിനാണ് ജനനം. പത്താം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം ദക്ഷിണാഫ്രിക്കയിൽ ജോലി തേടിപ്പോയി. ഇൗസ്റ്റ് ആഫ്രിക്കയിൽ റെയിൽവേ ക്ലർക്കായി. പിന്നീട് സ്റ്റേഷൻ മാസ്റ്ററായി. പിന്നീട് നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് ഫുട്ബാൾ സംഘാടനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചത്. 1969-71ൽ കണ്ണൂർ ഫുട്ബാൾ അസോസിയേഷെൻറ പ്രസിഡൻറായി. 1980-88ൽ കെ.എഫ്.എ പ്രസിഡൻറ് പദവി വഹിച്ചു. 1982-84ൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനിൽ എത്തി ജൂനിയർ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ, വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ലക്ഷ്മണൻ സെക്രട്ടറിയായിരുന്ന കാലത്ത് എ.െഎ.എഫ്.എഫ് സെക്രട്ടറി ആസ്ഥാനം കണ്ണൂരിൽ ആണ് പ്രവർത്തിച്ചത്.
1983-90 കാലഘട്ടത്തിൽ ഫെഡറേഷൻ കപ്പ് ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ, സൗത്ത് കൊറിയയിൽ നടന്ന എഷ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിെൻറ ഡെലിഗേഷൻ മേധാവി എന്നീ സ്ഥാനങ്ങളും വഹിച്ചു. 1995-96ൽ സൗത്ത് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറായിരുന്നു. പാകിസ്താനിൽ നടന്ന സാഫ് ഗെയിംസിൽ ഡെപ്യൂട്ടി മീഷ് ദ് മിഷൻ, 1982ൽ ഡെൽഹിയിൽ നടന്ന എഷ്യൻ ഗെയിംസിെൻറ സെറിമണി വിഭാഗം ചെയർമാൻ എന്നീ പദവികളും വഹിച്ചു. 2006ൽ ജർമനിയിൽ നടന്ന ലോകകപ്പിലാണ് ഫിഫ അപ്പീൽ കമ്മിറ്റി അംഗമെന്ന നിലയിൽ മുഴുവൻ സമയം ചുമതല ലഭിച്ചത്.
‘ഉൗടും പാവും’ എന്ന പേരിൽ ആത്മകഥ രചിച്ചു. ഭാര്യ: ഡോ. പ്രസന്ന ലക്ഷ്മണൻ. മക്കൾ: ഷംല സുജിത്, ഡോ. സ്മിത, ലസിത, നമിത, നവീൻ. മരുമക്കൾ: സുജിത് (ടെക്സ്ൈറ്റൽസ് എക്സ്പോർട്ടർ, കോയമ്പത്തൂർ), സതീഷ് കുമാർ(മെക്കാനിക്കൽ എൻജിനീയർ, അമേരിക്ക), ജയ്കൃഷ്ണ രാമൻ (കെമിക്കൽ എൻജിനീയർ, മുംബൈ), പ്രകാശ് (അബൂദബി), സിമിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
