ഇനി നമുക്ക് പോളണ്ടിനെകുറിച്ചു മിണ്ടാം
text_fieldsയൂറോപ്പിലെ മലപ്പുറം എന്ന് വിശേഷിപ്പിക്കാവുന്നതാണ് പോളണ്ടിലെ കാൽപന്തുകളിയെയും ആരാധകരെയും. യൂറോപ്പിൽ ഏറ്റവും അധികം ഗോതമ്പു വയലുകളുള്ള അവിടെ വിളവെടുപ്പു കഴിഞ്ഞാൽ പാടങ്ങളെല്ലാം പന്തുകളിക്കളമാകും. പന്തു കളിക്കുവാൻ പ്രത്യക ഇടങ്ങളും വേണ്ട. മെയിൻ റോഡും ഇടവഴിയും പള്ളിയും സ്കൂളും ഒക്കെ കളിയിടമാവും. അവരുടെ പോപ്പും പിന്നെ പ്രസിഡൻറായിരുന്ന സോളിഡാരിറ്റി നേതാവ് ലഹ് വാലെൻസായും മന്ത്രിമാരും ഒക്കെ പന്തുകളിച്ചു വളർന്നവരും അതേക്കുറിക്കു അറിവും വിവരവും ഉള്ളവരുമാണ്. അതുകൊണ്ടായിരുന്നല്ലോ രണ്ടുതവണ ടീം ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരായതും ഒരുതവണ ഒളിമ്പിക് ഫുട്ബാൾ സ്വർണവും രണ്ടു തവണ വെള്ളി മെഡലുകളും നേടിയത്. അന്ന് ലാറ്റോ എന്നൊരു കളിക്കാരെൻറ ഗോളടി മികവിൽ ലോക ഫുട്ബാളിലെ അറിയപ്പെടുന്ന ശക്തിയായപ്പോൾ ചരിത്രത്തിെൻറ തനിയാവർത്തനംപോലെ ഇന്ന് റോബർട്ട് ലെവൻഡോവ്സ്കി എന്നൊരു മുന്നേറ്റക്കാരെൻറ മികവിൽ പോളണ്ട് ലോക ഫുട്ബാളിലേക്കു മടങ്ങിവന്നിരിക്കുന്നു.
ഇത്തവണ യൂറോപ്യൻ ഗ്രൂപ് ‘ഇ’യിൽ ഡെന്മാർക്ക്, മൊണ്ടിനെഗ്രോ, റുമേനിയ, അർമീനിയ, കസാഖ്സ്താൻ എന്നീ താരതമ്യേന ശക്തന്മാരുടെ ഇടയിൽനിന്ന് ഡെന്മാർക്കിനെ പിന്തള്ളിക്കൊണ്ട് അവർ യോഗ്യത നേടിയത് ബയേൺ മ്യൂണിക്കിെൻറ റോബർട്ട് ലെവൻഡോവ്സ്ക്കിയുടെ എണ്ണം പറഞ്ഞ ഗോളുകളുടെ മികവിൽത്തന്നെയായിരുന്നു.
മൊണ്ടിനെഗ്രോക്കെതിരായ നിർണായക മത്സരം പോളണ്ടിന് അനുകൂലമായത് ലെവയുടെ മനോഹരമായ ഗോളിലൂടെയായിരുന്നു. 10 മത്സരങ്ങളിൽനിന്ന് 16 ഗോളുകൾ നേടിയ പോളണ്ടിെൻറ പുതിയ ‘ലാറ്റോ’ തന്നെയാണ് റഷ്യൻ ലോകകപ്പിലും അവരുടെ തുറുപ്പുശീട്ട്. മുമ്പ് ലെവക്കൊപ്പം ബൊറൂസിയ ഡോർട്മുണ്ടിൽ കളിച്ചിരുന്ന ലൂക്കസ് പിസ്ച്ചേക്കും, യാക്കൂബ് ബ്ലാഷിക്കോവ്സ്ക്കിയും ഒരുമിച്ചുള്ള യോഗ്യത മത്സരങ്ങളിലെ മുന്നേറ്റം റഷ്യയിലും ആവർത്തിച്ചേക്കും.
യുവതാരങ്ങളായ അർക്കഡ്യുഷ് മീലിക്ക്, പിയോറ്റാർ സീലിൻസ്കി എന്നിവർ നാപോളിക്കു കളിക്കുന്ന അതേ ഒരുമയോടെ ദേശീയ ടീമിന് അണിനിരക്കുമ്പോൾ മധ്യനിര ശ്രദ്ധേയമാകുന്നു. എ.എസ് മോണേകായുടെ കാമിൽ ഗ്ലിക്ക്, ക്രിസ്റ്റൽ പാലസിെൻറ യുവതാരം യാരീസ്ലാവ് യഹ്, ൈഡനാമോ കിയവിെൻറ തോമാശ് കെഡിസിയോറ എന്നിവർ അണിനിരക്കുന്ന പ്രതിരോധം മറികടക്കാൻ സെനഗാളിെൻറ സാദിയോ മാനെക്കും കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസിനും നന്നേ വിയർക്കേണ്ടി വരും.ഗോൾവല കാക്കാൻ ആരെ നിയോഗിക്കും എന്നതാണ് പ്രഫസർ എന്ന വിശേഷണമുള്ള പ്രിയപ്പെട്ട കോച്ച് ആഡം നവൽക്കയെ അലട്ടുന്ന പ്രശ്നം.
ഏറ്റവും പ്രഗല്ഭരായ രണ്ടു ഗോളിമാരുമായിട്ടാണവർ ഇത്തവണ റഷ്യയിെലത്തുന്നത്. യുവൻറസിെൻറ വോയിശേഷ് സെസ്നിയും സ്വാൻസിയുടെ ലൂക്കാസ് ഫാബിയാൻസ്ക്കിയും. ഇരുവരും മുൻ ആഴ്സനൽ താരങ്ങളാണ്. റഷ്യയിൽ ഗ്രൂപ് റൗണ്ടിലെ എതിരാളികൾ സെനഗാൾ, കൊളംബിയ, ജപ്പാൻ എന്നിവരാണ്. സെനഗാളിനെതിരെ ഇതുവരെ കളിച്ചിട്ടില്ല. കൊളംബിയയെ അഞ്ചു തവണ നേരിട്ടപ്പോൾ മൂന്ന് തോൽവിയും രണ്ടു ജയവും. എന്നാൽ, ഏഷ്യക്കാരോട് ഇതുവരെ ജയിക്കാൻ കഴിഞ്ഞിട്ടില്ല. ജപ്പാനുമായി ഏറ്റുമുട്ടിയപ്പോൾ രണ്ടുതവണയും പരാജയം ഏറ്റുവാങ്ങി.
പ്രവചനം: കെട്ടുറപ്പുള്ള ടീം. ലെവൻഡോവ്സ്ക്കിയുടെ ഗോളടി മികവ്, ഗോളിമാരുടെ അസാധാരണത്വം എന്നിവ നോക്കിയാൽ ഗ്രൂപ് ജേതാക്കളായി പോളണ്ട് മുന്നേറും.