ഇഷ്ടം കൊഴിഞ്ഞുപോയില്ല, കളിയോടൊട്ടി അവർ വീണ്ടും
text_fieldsകൽപറ്റ: കളികളേറെക്കണ്ട മൈതാനത്ത് ഇവരുടെ കളി വേറിട്ടതുതെന്നയാണ്. അടിതടകളുടെ അങ്കക്കളരിയിൽ ഉശിരോടെ കൊമ്പുകോർക്കുേമ്പാൾ അവരുടെ മനസ്സകങ്ങളിലെ അടങ്ങാത്ത വാശി മുഖത്തു തെളിയും. സമൂഹം പിന്നാമ്പുറങ്ങളിലേക്ക് എത്ര മാറ്റിനിർത്തിയാലും ഒന്നു മുന്നേറിത്തെളിയാനുള്ള വെമ്പലുണ്ട് ആ ചുവടുകളിൽ. കരുത്തുണ്ടായിട്ടും പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങൾക്കു മുന്നിൽ കത്തിത്തെളിയാനാകാെതപോയ ഒരുകൂട്ടം ആദിവാസി യുവജനങ്ങൾ മാറ്റുരക്കുന്നുവെന്നതാണ് കേരള പണിയൻ സമാജം സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെൻറിെൻറ ഏറ്റവും വലിയ സവിശേഷതയും.
വയനാട്ടിലെ ആദിവാസി വിഭാഗക്കാരിൽ ഏറ്റവും പിന്നാക്കംനിൽക്കുന്ന പണിയ സമുദായക്കാർക്കുവേണ്ടിയാണ് വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ടൂർണെമൻറിൽ പന്തുരുണ്ടത്. ജില്ലക്കകത്തുനിന്നും നിലമ്പൂരിൽനിന്നുമായി പണിയ സമുദായക്കാർ മാത്രം ബൂട്ടുകെട്ടിയിറങ്ങിയ ടൂർണമെൻറിൽ മാറ്റുരച്ചത് 32 ടീമുകൾ. കൽപറ്റ ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ട് വേദിയായ ടൂർണമെൻറിൽ ചുരുങ്ങിയത് 300 പണിയ യുവാക്കളെങ്കിലും ഫുട്ബാളിെൻറ ആവേശത്തിനൊപ്പം കുപ്പായമിട്ടിറങ്ങി.
കരുത്തും വേഗവും പന്തടക്കവുമൊക്കെ മേളിച്ച ചടുലചലനങ്ങളുമായി ടീമുകൾ വീറോടെ പോരടിച്ചപ്പോൾ ആവേശക്കാഴ്ചകളുണ്ടായിരുന്നു ഒാരോ മത്സരത്തിലും. ഏറെ കാണികളും ഹരം പകർന്നു. കളിക്കാനെത്തിയ മിക്ക താരങ്ങളും കൂലിപ്പണിക്കാരായിരുന്നുവെന്നതാണ് ടൂർണമെൻറിെൻറ വലിയൊരു സവിശേഷത. കുഞ്ഞുനാളിൽ അപാരമായ പ്രതിഭാശേഷി കാഴ്ചവെച്ചവരായിരുന്നു കൂടുതൽ പേരും. സ്കൂൾ ടീമുകൾക്കും ജില്ല ടീമുകൾക്കുമൊക്ക ജഴ്സിയണിഞ്ഞവർ പലരുമുണ്ടായിരുന്നു കളത്തിൽ. മാർഗദർശികളോ ഗോഡ്ഫാദർമാരോ ഇല്ലാതിരുന്നതിനാൽ ജീവിതത്തിെൻറ ഒാഫ്സൈഡ് ട്രാപ് പൊട്ടിച്ചുകയറാനാകാതെ പോയ ഹതഭാഗ്യർ. ജീവിതം വെല്ലുവിളിയായപ്പോൾ പഠനം നിർത്തി കൂലിപ്പണിക്കിറങ്ങിയവരുടെ മനസ്സിൽ കളിയോടുള്ള ഇഷ്ടംമാത്രം കൊഴിഞ്ഞുപോകാതെ നിൽപുണ്ടായിരുന്നു. കൂലിപ്പണിക്കിടെ ഉച്ചഭക്ഷണത്തിനായി ലഭിച്ച ഇടവേളയിൽ ഗ്രൗണ്ടിൽ ബൂട്ടണിഞ്ഞിറങ്ങിയവരും ടൂർണെമൻറിെൻറ ആവേശക്കാഴ്ചയായി.
മത്സരങ്ങൾ അമ്പരപ്പിക്കുന്ന നിലവാരമുള്ളവയായിരുന്നുവെന്ന് റഫറിയും പ്രമുഖ പരിശീലകനുമായ ലൂയിസ് വിലയിരുത്തുന്നു: ‘‘സ്കില്ലും സ്റ്റാമിനയും കരുത്തുമൊക്കെ ഏറെയുള്ള കളിക്കാരാണിവർ. ചെറുപ്പത്തിലേ കണ്ടെത്തി ശരിയായ കോച്ചിങ്ങും നിർദേശങ്ങളുമൊക്കെ കിട്ടിയാൽ നാളെയുടെ വാഗ്ദാനങ്ങളാകാൻ പോകുന്ന ഒരുപാടുപേരുണ്ടിതിൽ.
ജില്ല എ ഡിവിഷൻ ലീഗിലെ പ്രമുഖ ടീമുകളായ വയനാട് ഫാൽക്കൺസും സുഗന്ധഗിരിയുമൊക്ക പല താരങ്ങളെയും തങ്ങളുടെ അണിയിലെത്തിക്കാൻ നീക്കം തുടങ്ങിക്കഴിഞ്ഞു.’’ 300 കളിക്കാരിൽനിന്ന് മികച്ച 20 പേരെ തിരഞ്ഞെടുത്ത് പരിശീലനം നൽകിയാൽ ഒന്നാന്തരമൊരു ടീമിനെത്തന്നെ കെട്ടിപ്പടുക്കാനാവുമെന്ന് ലൂയിസ്. കോളനികളിലെ പരിമിതമായ ചുറ്റുപാടുകളിൽനിന്നല്ല ഇൗ യുവാക്കൾ ഫുട്ബാളിനെ കാണുന്നത്. കോച്ചുമാരൊന്നുമില്ലാത്തതിനാൽ ടെലിവിഷനിൽനിന്നും യൂട്യൂബിൽനിന്നുമൊക്കെ അവർ ഫുട്ബാളിെൻറ പാഠങ്ങൾ പഠിക്കുന്നുണ്ട്.
കുറച്ചു വർഷംമുമ്പ് പൂക്കോട് എം.ആർ.സി സ്കൂളിനെ സംസ്ഥാനതല ടൂർണെമൻറിൽ ചാമ്പ്യന്മാരാക്കിയ നായകനാണ് എസ്. മണി. പാരിസ് സെൻറ് ജെർമെയ്നാണ് മണിയുടെ ഇഷ്ട ടീം. ഇഷ്ടതാരം ചെൽസിയുടെ ഇൗഡൻ ഹസാഡും. മികച്ച ഡ്രിബ്ലിങ്ങും പന്തടക്കവുമുള്ള എൻ.എഫ്.സി കമ്പളക്കാടിെൻറ ധനേഷ് ലയണൽ മെസ്സിയുടെയും ബാഴ്സലോണയുടെയും കട്ട ഫാനാണ്. കമ്പളക്കാട് പ്രീമിയർ ലീഗിൽ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട വിനീഷ് കെട്ടിടനിർമാണ ജോലിക്ക് മൂന്നു ദിവസം അവധി നൽകിയാണ് ടൂർണമെൻറിനെത്തിയത്.
ആവേശകരമായ കലാശക്കളിയിൽ എൻ.എഫ്.സി കമ്പളക്കാടിനെ ഷൂട്ടൗട്ടിൽ തോൽപിച്ച് എ.എഫ്.സി അംബയാണ് മൂന്നാമത് പണിയ ടൂർണെമൻറിൽ കിരീടം ചൂടിയത്. പണിയ സമുദായത്തിലെ താരങ്ങൾക്ക് അവസരമൊരുക്കാനും അവർക്ക് ഒത്തൊരുമിക്കാൻ ഒരു വേദി എന്ന നിലയിലുമാണ് ടൂർണെമൻറിന് രൂപം നൽകിയതെന്ന് പണിയൻ സമാജം ജില്ല പ്രസിഡൻറ് ബാലകൃഷ്ണൻ വൈത്തിരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
