ഇനി സിനിമയിൽ ഒരു കൈ നോക്കണം -ക്രിസ്റ്റ്യാനോ റൊണാൾഡോ
text_fieldsദുബൈ: കളംവിട്ടാൽ പരിശീലക കുപ്പായവും കമൻററി ബോക്സിലെ കളിപറച്ചിലുമൊക്കെയാണ് ഫുട്ബാൾ താരങ്ങളുടെ ഓപ്ഷൻ. എന്നാൽ, സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നു കളിമതിയാക്കിയാലും ആരാധകർക്ക് മുന്നിൽ സ്ക്രീനിലുണ്ടാവുമെന്ന്. ടി.വി സ്ക്രീനിൽനിന്ന് ബിഗ്സക്രീനിലേക്ക് കൂടുമാറി, അഭിനയത്തിൽ ഒരു കൈ നോക്കാനാണ് പോർചുഗീസ് ഇതിഹാസത്തിെൻറ ആഗ്രഹം.
ശനിയാഴ്ച ദുബൈ ഇൻറർനാഷനൽ സ്പോർട്സ് കോൺഫറൻസിൽ സംസാരിക്കവേയാണ് ക്രിസ്റ്റ്യാനോ ഫുട്ബാളിന് ശേഷമുള്ള സ്വപ്നം പങ്കുവെച്ചത്. ഇക്കാര്യത്തിൽ ക്രിസ്റ്റ്യാനോക്ക് ഫുട്ബാളിൽ കുറച്ച് മുൻഗാമികളുമുണ്ട്. മുൻ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാം, വെയ്ൽസിെൻറയും ചെൽസിയുടെയും താരമായിരുന്ന വിന്നീ ജോൺസ്, മുൻ ഫ്രഞ്ച് മുന്നേറ്റനിരക്കാരനും മാഞ്ചസ്റ്റർ യുനൈറ്റഡ് താരവുമായ എറിക് കേൻറാണ എന്നിവർ കളി നിർത്തിയ ശേഷം അഭിനയത്തിലും മികവ് തെളിയിച്ചവരാണ്.
തെൻറ വിരമിക്കലിനെ കുറിച്ചും ക്രിസ്റ്റ്യാനോ വിശദമാക്കി. ‘കളിക്കളത്തിൽ ശരീരം എപ്പോൾ വഴങ്ങാതിരിക്കുന്നുവോ, അന്ന് കളി മതിയാക്കും. ഇപ്പോൾ 34ാം വയസ്സിലും കളിക്കാനും വിജയം തുടരാനും കിരീടം നേടാനുമുള്ള ഫിറ്റ്നസ് നിലനിർത്തുന്നുണ്ട്’ -താരം പറയുന്നു. കളി മതിയാക്കിയ ശേഷം പഠനം തുടരാനുള്ള താൽപര്യവും അദ്ദേഹം വെളിപ്പെടുത്തി.