മൈതാനിയിൽ താരമായി മുഹമ്മദ്​ സലാഹും മകൾ മക്കയും video

16:24 PM
15/05/2019
Salah-and-daughter

വൂൾവ്​സും ലിവർപൂളും തമ്മിൽ ആൻഫീൽഡിൽ നടന്ന ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൻെറ അവസാന മത്സരവേദി കൗതുകക്കാഴ്​ചക്ക്​ വേദിയായി. മൈതാനത്ത്​ മാസ്​മരിക നീക്കങ്ങൾ നടത്തിയ ഫുട്​ബോൾ താരങ്ങൾക്ക്​ വേണ്ടി ആരവം മു​ഴക്കിയ ഗ്യാലറി മത്സരശേഷം ഒരിക്കൽ കൂടി ആരവം മുഴക്കി. അത്​ ഒരു കൊച്ചു താരത്തിൻെറ പ്രകടനത്തിനായിരുന്നു. 

മറ്റാരുമല്ല, ഈജിപ്​ഷ്യൻ ഫുട്​ബോൾ താരവും ലിവർപൂളിൻെറ നെടുംതൂണുമായ മുഹമ്മദ്​ സലാഹിൻെറ മകൾ മക്കയായിരുന്നു ഇരു ടീമുകളു​ടെയും ആരാധകർക്ക്​ കാഴ്​ച വിരുന്നൊരുക്കിയ കൊച്ചു മിടുക്കി. നാല്​ വയസ്സുകാരി മക്ക, ഗോൾ പോസ്​റ്റിലേക്ക്​ പന്ത്​ തട്ടിയിടുന്നതും ഗ്യാലറി ആരവം മു​ഴക്കുന്നതുമായ വിഡിയോ വൈറലായിരിക്കുകയാണ്​. ഈ പ്രകടനം കണ്ട സലാഹ്​ പുഞ്ചിരിച്ചുകൊണ്ട്​ മകളെ എടുത്തുയർത്തുന്നതും ദൃശ്യത്തിലുണ്ട്​. 

കളി അവസാനിച്ച്​ പുരസ്​കാര ദാനവും കഴിഞ്ഞ ശേഷം പന്തുമായി മൈതാനത്തേക്കിറങ്ങിയ കൊച്ചു മക്ക ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി. ഈ സമയം സലാഹ്​ മകളുടെ കളി കണ്ട്​ രസിക്കുകയായിരുന്നു. പതിയെ ആസ്വദിച്ച്​ പന്ത്​ തട്ടി ശ്രദ്ധാപൂർവം മുന്നോട്ടു നീങ്ങിയ മക്ക ഗോൾപോസ്​റ്റിനടുത്തേക്ക്​ എത്തുകയും പോസ്​റ്റിലേക്ക്​ പന്ത്​ തട്ടിയിടുകയും ചെയ്തതോടെ ആരാധകർ ആർപ്പു വിളിച്ചു. 

താരങ്ങളേക്കാൾ ആരാധക ശ്രദ്ധ താരപുത്രിമാരിലേക്ക്​ എത്തുന്നത്​ ഇത്​ ആദ്യമല്ല.​ ഇന്ത്യൻ ക്രിക്കറ്റ്​ താരം ധോണിയുടെ മകൾ സിവയും ആരാധകർക്ക്​ ഏറെ പ്രിയങ്കരിയാണ്​. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൻെറ അവസാന മത്സരത്തോടെ മുഹമ്മദ്​ സലാഹ്​ ഗോൾഡൻ ബൂട്ടിന്​ അർഹനായിട്ടുണ്ട്​.

Loading...
COMMENTS