'വാറി'ൽ കുടുങ്ങി ബ്രസീൽ; വെനിസ്വേലക്കെതിരെ സമനില

08:17 AM
19/06/2019

ബെലൊഹൊറിസോണ്ടോ: കോപ അമേരിക്കയിൽ രണ്ടാം ജയം തേടിയിറങ്ങിയ ബ്രസീലിന് സമനില. വെനിസ്വേലയാണ് ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. മൂന്നുവട്ടം എതിരാളികളുടെ ഗോൾവല കുലുക്കിയെങ്കിലും ഒരു തവണ ഫൗൾ വിളിയിൽപെട്ടും രണ്ട് തവണ വിഡിയോ അസിസ്റ്റൻറ് റഫറീ (വാർ) സംവിധാനത്തിലൂടെ ഒാഫ് സൈഡ് വിധിച്ചും ഗോൾ നിഷേധിക്കപ്പെടുകയായിരുന്നു. 

38ാം മിനിറ്റിൽ ബ്രസീലിന്‍റെ റോബർട്ടോ ഫെർമീഞ്ഞോ പന്ത് വലക്കകത്താക്കിയെങ്കിലും റഫറി ഫൗൾ വിളിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഗബ്രിയേൽ ജീസസ് ലക്ഷ്യം കണ്ടുവെങ്കിലും വിഡിയോ അസിസ്റ്റൻറ് റഫറീ സംവിധാനത്തിൽ ഒാഫ് സൈഡാണെന്ന് കണ്ടതോടെ ഗോൾ നിഷേധിക്കപ്പെട്ടു. 

കളിയുടെ അവസാനത്തോടടുത്ത് 87ാം മിനിറ്റിൽ കുടീഞ്ഞോ ബ്രസീലിനായി വീണ്ടും വല കുലുക്കിയത് ഗോളെന്നുറച്ചെങ്കിലും ഇതും 'വാർ' പരിശോധനയിലൂടെ ഒാഫ് സൈഡാണെന്ന് തെളിഞ്ഞു. ഇതോടെ മൂന്നുവട്ടം ലക്ഷ്യം കണ്ടിട്ടും ഗോൾ ലഭിക്കാതെ ആതിഥേയർക്ക് സമനില വഴങ്ങേണ്ടിവന്നു. 

ഉദ്ഘാടന മത്സരത്തിൽ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച ബ്രസീൽ വെനിസ്വേലക്കെതിരെയും മികച്ച കളിയാണ് പുറത്തെടുത്തത്. 69 ശതമാനം സമയവും പന്ത് കൈവശംവെച്ച് കളിച്ച ബ്രസീൽ വെനിസ്വേലക്ക് കൂടുതൽ അവസരങ്ങൾ നൽകിയില്ല. 

നിലവിൽ നാല് പോയിന്‍റുമായി ബ്രസീൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ്. 23ന് പെറുവുമായാണ് ബ്രസീലിന്‍റെ അടുത്ത കളി. 
 

Loading...
COMMENTS