ആഴ്സനൽ പരിശീലകനാകാൻ മൈക്കൽ ആർതെറ്റ
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി പരിശീലക സംഘത്തിൽ പെപ് ഗ്വാർഡിയോളയുടെ വലംകൈയും ആഴ്സൻ വെങ്ങർ യുഗത്തിൽ ആഴ്സനൽ ക്യാപ്റ്റനുമായിരുന്ന മൈക്കൽ ആർതെറ്റ ഉനായ് എംറിയുടെ പകരക്കാരനാവുമെന്ന് ഏകദേശ ധാരണയായി. അഞ്ചു ദശലക്ഷം യൂറോ പ്രതിഫലത്തിലായിരിക്കും കരാർ. 2018ൽ വെങ്ങർ പരിശീലക സ്ഥാനമൊഴിഞ്ഞ സമയത്തും ഗണ്ണേഴ്സിന് തന്ത്രമോതാൻ ആർതെറ്റയെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുെന്നങ്കിലും എംറിക്ക് നറുക്ക് വീഴുകയായിരുന്നു.
ശനിയാഴ്ച എവർട്ടണെതിരെ നടക്കുന്ന മത്സരത്തിൽ സ്പെയിൻകാരൻ ടീമിെൻറ കടിഞ്ഞാൺ ഏറ്റെടുക്കുമെന്നാണ് സൂചന. അഞ്ചു വർഷം ക്ലബിനോടൊപ്പം ചെലവിട്ട ആർടെറ്റ 2016ൽ ഇവിടെ കളിച്ചാണ് കരിയർ അവസാനിപ്പിച്ചത്. തനിക്കൊപ്പം സഹപരിശീലകൻ റൊഡോൾഫോ ബോറലിനെ എമിറേറ്റ്സിലെത്തിക്കാനുള്ള ആർതെറ്റെയുടെ ശ്രമം സിറ്റി കോച്ച് ഗ്വാർഡിയോളയെ ചൊടിപ്പിച്ചിട്ടുണ്ട്.
