മെസ്സി സഹായിച്ചു; സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് ജയം
text_fieldsബാഴ്സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്സലോണ എയ്ബറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്‍പ്പിച്ചു. സൂപ്പർ താരം ലയണൽ മെസ്സിയുടെ പാസിൽ നിന്നായിരുന്നു ബാഴ്സയുടെ ഗോളുകൾ. ജയത്തോടെ ലാലിഗയിൽ രണ്ടാമതുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയൻറ് വിത്യാസം ബാഴ്സ പത്താക്കി ഉയർത്തി.
അവസാന രണ്ട് ലീഗ് മത്സരങ്ങളിലും സമനില വഴങ്ങിയ ബാഴ്സ ഇത്തവണയും നന്നേ വിയര്‍ത്താണ് മൂന്ന് പോയിന്‍റ് സ്വന്തമാക്കിയത്. ബാള്‍ പൊസഷനില്‍ പോലും മേധാവിത്വം നേടാന്‍ ബാഴ്സലോണക്കായില്ല.
തുടക്കം മുതല്‍ എയ്ബര്‍ ബാഴ്സയുടെ പ്രതിരോധത്തെ വിറപ്പിച്ചു. പക്ഷെ കളിയുടെ ഒഴുക്കിന് വിപരീതമായി 16ാം മിനുട്ടില്‍ മെസിയുടെ തകര്‍പ്പന്‍ ത്രൂ പാസ്സില്‍ നിന്ന് ലൂയീസ് സുവാരസ് ബാഴ്സക്കായി ആദ്യ ഗോൾ നേടി.
ഗോൾ വീണെങ്കിലും എയ്ബര്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. രണ്ടാം പകുതിയില്‍ മികച്ച അവസരങ്ങള്‍ അവരെ തേടിയെത്തിയെങ്കിലും മുതലാക്കാനായില്ല. ഒടുവില്‍ 88ാം മിനുട്ടില്‍ ജോര്‍ഡി ആല്‍ബയിലൂടെ ബാഴ്സ ലീഡുയര്‍ത്തി.