മെസ്സിഹാ, ഹീറോഹോ... ഉയിർത്തെഴുന്നേൽപ്
text_fieldsസെൻറ് പീറ്റേഴ്സ്ബർഗ്: പീറ്റർ പുണ്യാളെൻറ പേരുള്ള നഗരത്തിലെ മൈതാനത്ത് അർജൻറീനയുടെയും മിശിഹ ലയണൽ മെസ്സിയുടെയും ഉയിർത്തെഴുന്നേൽപ് ദിനമായിരുന്നു ചൊവ്വാഴ്ച രാത്രി. വിമർശനങ്ങളുടെ കൂരമ്പുകളാൽ കുരിശിൽ തറക്കപ്പെട്ട മെസ്സി ഉയിർത്തെഴുന്നേറ്റ് മനോഹരമായ ഗോളുമായി ടീമിന് മൃതസഞ്ജീവനി നൽകിയപ്പോൾ, പെനാൽറ്റിയുടെ വക്കത്തെത്തി സീറോയിൽനിന്ന് ഹീറോ ആയി ഉയർന്ന മാർകസ് റോഹോയുടെ നിർണായക ഗോൾ അർജൻറീനക്ക് നൽകിയത് പുതുജീവൻ.
ആദ്യ രണ്ട് കളികളിൽ െഎസ്ലൻഡിെൻറ ചക്രവ്യൂഹത്തിനും ക്രൊയേഷ്യയുടെ ഒറ്റപ്പെടുത്തലിനും ഇടയിൽപ്പെട്ട് അർജൻറീനയെന്ന കപ്പലിെൻറ നിയന്ത്രണം കൈമോശംവന്ന കപ്പിത്താനായിരുന്ന മെസ്സിയായിരുന്നില്ല നൈജീരിയക്കെതിരെ. അതിന് നന്ദി പറയേണ്ടത് സാഹചര്യത്തിെൻറ സമ്മർദംകൊണ്ടാണെങ്കിലും ടീമിെൻറ ഘടനയിൽ ഭാവനാപരമായ നിർണായക മാറ്റങ്ങൾ വരുത്താൻ തയാറായ പരിശീലകൻ ജോർജെ സാംപോളിയോടാണ്. റോഹോയെ കൊണ്ടുവന്ന് പ്രതിരോധമധ്യം അടച്ചുറപ്പുള്ളതാക്കുകയും കളി മെനയുന്നതിൽ മിടുക്കനായ എവർ ബനേഗയെന്ന പ്ലേമേക്കറെ കളിപ്പിച്ച് മെസ്സിക്ക് ഗോളിലേക്ക് തൊടുക്കാവുന്ന പന്തുകൾ ലഭ്യമാക്കുമെന്നുറപ്പാക്കുകയും ചെയ്ത സാംപോളി മെസ്സിക്കും ടീമിന് മൊത്തത്തിലും നൽകിയ ആത് മവിശ്വാസവും ഉൗർജവും ചെറുതായിരുന്നില്ല.
ക്രൊയേഷ്യക്കെതിരെ ഗബ്രിയേൽ െമർകാഡോയും നികളസ് ഒടമെൻഡിയും നികളസ് ടാഗ്ലിയാഫികോയുമടങ്ങിയ മൂന്നംഗ പ്രതിരോധം അേമ്പ പാളിയതിൽനിന്ന് പാഠം പഠിച്ചായിരുന്നു മാറ്റം. ഒടമെൻഡിക്കൊപ്പം റോഹോ പ്രതിരോധമധ്യത്തിൽ വന്നതോടെ മറ്റു രണ്ടുപേർക്കും തങ്ങളുടെ യഥാർഥ പൊസിഷനായ വിങ്ബാക്ക് സ്ഥാനത്തേക്ക് മാറാനും കഴിഞ്ഞു. അതിലുപരി ഒടമെൻഡിയുടെ ഭാരം കുറഞ്ഞതായിരുന്നു എടുത്തുപറയേണ്ടത്. ക്രൊയേഷ്യക്കെതിരെ താൻ മാത്രമാണ് പ്രതിരോധം കാക്കാനുള്ളവൻ എന്ന തത്രപ്പാടിൽ കളിച്ച ഒടമെൻഡിയുടെ കളി പരിഭ്രാന്തി നിറഞ്ഞതായിരുന്നു.
മധ്യനിരയിൽ എൻസോ പെരസും ഇടതുവിങ്ങിൽ തിരിച്ചെത്തിയ എയ്ഞ്ചൽ ഡിമരിയയും തിളങ്ങിയി ല്ലെങ്കിലും കളി നിയന്ത്രിച്ച ബനേഗയുടെ മികവ് ടീമിന് മുൻതൂക്കം നൽകി. പന്ത് നിയന്ത്രിക്കുന്നതിലും ഗോളിലേക്ക് പായിക്കുന്നതിലും മെസ്സിക്കുള്ള മികവ് അടിവരയിടുേമ്പാൾതന്നെ ആദ്യ ഗോളിെൻറ പ്രധാന ക്രെഡിറ്റ് ബനേഗക്കുള്ളതാണ്. മധ്യവരക്കടുത്തുനിന്ന് മെസ്സിയുടെ മുന്നേറ്റം മുന്നിൽകണ്ട് ബനേഗ തൂക്കിയിട്ടുകൊടുത്ത പന്ത് അത്രക്കും ഭാവനാസമ്പന്നവും കൃത്യതയുമുള്ളതായിരുന്നു.
മുൻനിരയിൽ ലോകോത്തര സ്ട്രൈക്കർമാർ എന്ന വിശേഷണമുള്ള ഗോൺസാലോ ഹിെഗ്വയ്നും സെർജിയോ അഗ്യൂറോയും അടക്കമുള്ളവർ നിരാശപ്പെടുത്തുന്നതിനിടെയാണ് പിൻനിരയിൽനിന്ന് കയറിവന്ന റോഹോ ഹീറോയായത്. അൽപംമുമ്പ് ബോക്സിൽവെച്ച് പന്ത് കൈയിൽ കൊണ്ടതായി വാർ പരിശോധനയിൽ വ്യക്തമായിട്ടും റഫറിയുടെ കാരുണ്യം കൊണ്ട് രക്ഷപ്പെട്ട റോഹോ ഒരു രാജ്യത്തിെൻറ മൊത്തം ഹീറോയാവുന്നത് നിമിഷങ്ങൾക്കകമാണ്. കളിതീരാൻ മിനിറ്റുകൾ ശേഷിക്കെ ബോക്സിലേക്ക് മെർകാഡോ നൽകിയ ക്രോസ് കണക്ട് ചെയ്യാൻ മെസ്സിയടക്കമുള്ള മുൻനിരക്കാരെ മറികടന്ന് കൃത്യസമയത്ത് എത്തിയതാണ് റോഹോക്ക് തുണയായത്. ടീമിെൻറ മുന്നോട്ടുള്ള പ്രയാണം തീരുമാനിച്ച നിമിഷമായിരുന്നു അത്. സമനിലയോടെ പുറത്തേക്കായിരുന്ന ടീമിനെ വിജയത്തോടെ നോക്കൗട്ട് ഘട്ടത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ മെസ്സിക്കൊപ്പം നിൽക്കുന്ന പങ്ക് തന്നെയായിരുന്നു റോഹോയുടേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
