Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ ഗോളിൻറെ വില...

ആ ഗോളിൻറെ വില മനസ്സിലാകാൻ മെസ്സിയുടെ ആഹ്ലാദ പ്രകടനം മാത്രം ശ്രദ്ധിച്ചാൽ മതി

text_fields
bookmark_border
ആ ഗോളിൻറെ വില മനസ്സിലാകാൻ മെസ്സിയുടെ ആഹ്ലാദ പ്രകടനം മാത്രം ശ്രദ്ധിച്ചാൽ മതി
cancel

"To Leo...I would like to speak with you and tell you that you are not to blame for anything.Absolutely nothing is your fault. I love you and I respect you like always..."

നൈജീരിയക്കെതിരായ ജീവന്മരണ പോരാട്ടത്തിനു മുന്നോടിയായി ഡീഗോ മാറഡോണ ലയണൽ മെസ്സിയോട് പറഞ്ഞ വാക്കുകളാണിത്.മെസ്സിയെ എഴുതിത്തള്ളാൻ പലരും മത്സരിച്ചപ്പോഴും അർജൻ്റീനാ ഇതിഹാസത്തിന് തൻ്റെ പിൻഗാമിയിൽ വിശ്വാസമുണ്ടായിരുന്നു.ഒരു പ്രതിഭയെ മനസ്സിലാക്കാൻ മറ്റൊരു പ്രതിഭയ്ക്ക് കഴിയും !

മാന്ത്രികവിദ്യകൾ കൈമോശം വന്ന മജീഷ്യനു സമാനമായിരുന്നു മെസ്സിയുടെ അവസ്ഥ.ഒരുപാട് പ്രതീക്ഷകളോടെ ലോകകപ്പിനെത്തിയ അർജൻ്റീന എങ്ങുമെത്താതെ കിതച്ചുനിൽക്കുകയായിരുന്നു.ആദ്യ മത്സരത്തിൽ ഐസ്ലൻഡിനെതിരെ സമനിലയിൽ കുരുങ്ങി. അടുത്ത കളിയിൽ ക്രൊയേഷ്യയോട് നാണംകെട്ടു. പ്രീക്വാർട്ടർ പ്രവേശനവും സംശയത്തിലായി.

messi-45


സ്വന്തം ഫോം മെസ്സിയെ ഒരുതരത്തിലും സഹായിച്ചിരുന്നില്ല. ഐസ്ലൻഡിനെതിരെ പെനാൽറ്റി നഷ്ടമാക്കിയപ്പോൾ, ലൂക്കാ മോഡ്രിച്ചിൻെറ സംഘത്തിനെതിരെ മെസ്സി കേവലം കാഴ്ച്ചക്കാരൻ മാത്രമായി ചുരുക്കപ്പെട്ടു. ദേശീയഗാനത്തിൻെറ സമയത്ത് നെറ്റിതടവി നിൽക്കുന്ന മെസ്സിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. അയാളുടെ ശരീരഭാഷയും നേതൃപാടവവും ചോദ്യം ചെയ്യപ്പെട്ടു. സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിലുള്ള മെസ്സിയുടെ കഴിവിൽ പലരും സംശയിച്ചു. ആ പതനം വിരോധികളും ട്രോളൻമാരും ശരിക്കും ആഘോഷിച്ചു.

അവസാന ഗ്രൂപ്പ് മത്സരത്തിൽ സൂപ്പർ ഇൗഗിൾസിനെ നേരിടുമ്പോൾ ജയത്തിൽ ക്കുറഞ്ഞതൊന്നും അർജൻ്റീനക്ക് മതിയാകുമായിരുന്നില്ല. ഇതിനുമുമ്പ് ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോഴെല്ലാം ആഫ്രിക്കൻ രാജ്യത്തെ പരാജയപ്പെടുത്താൻ അർജൻ്റീനക്ക് കഴിഞ്ഞിരുന്നു. എന്നാൽ പോയ കാല റെക്കോർഡിന് കളിക്കളത്തിൽ നിസ്സാരമായ മൂല്യമേ ഉണ്ടായിരുന്നുള്ളൂ.

അർജൻ്റീനയുടെ കളിക്കാർക്ക് കോച്ച് സാംപോളിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു. ജയിക്കാത്ത ഒരു ടീമിൽ അത്തരം അസ്വാരസ്യങ്ങൾ സ്വാഭാവികമാണ്. ഈ ദൗർബല്യം മുതലെടുക്കാനാണ് തങ്ങളുടെ ശ്രമമെന്ന് നൈജീരിയൻ ക്യാമ്പിൻെറ പ്രതിനിധികൾ പരസ്യമായി പറയുകയും ചെയ്തു. ഒരു നായകൻ മുന്നിൽ നിന്ന് നയിക്കേണ്ട സാഹചര്യമാണ് ഒത്തുവന്നത്. മെസ്സി അത് ഭംഗിയായി ചെയ്യുന്നതിന് സെൻ്റ് പീറ്റേഴ്സ്ബർഗ്ഗ് സാക്ഷ്യംവഹിച്ചു.


ആദ്യമേ തന്നെ അയാൾ ഭയത്തെ ജയിച്ചിരുന്നു.അതായിരുന്നു പ്രധാനം ! ചിരിച്ചുകൊണ്ടാണ് മെസ്സി പരിശീലനത്തിലേർപ്പെട്ടത്. ജോൺ ഒബി മൈക്കലിൻെറ ടീമിനെതിരെ മെസ്സി കളത്തിലിറങ്ങിയപ്പോൾ ദോഷൈകദൃക്കുകൾ അയാളുടെ ബോഡി ലാംഗ്വേജ് നിരീക്ഷിച്ചു.അ ത് തികച്ചും പോസിറ്റീവ് ആയിരുന്നു. ഒരുപക്ഷേ പതിനാലാമത്തെ മിനുട്ടിൽ അർജൻ്റീനയ്ക്ക് ലഭിച്ചത് അതിൻ്റെ ഫലമാവാം. എവർ ബനേഗയുടെ പാസ്...പന്ത് മെസി തൻെറ ഇടതുതുട കൊണ്ട് നിയന്ത്രിച്ചു. അവിടെ നിന്ന് ഇടതുപാദത്തിലേക്കും തുടർന്ന് വലതുകാലിലേക്കും. പെനൽറ്റി ബോക്സിലെത്തിയപ്പോൾ മെസ്സിയുടെ തടസ്സം 19 വയസ്സു മാത്രം പ്രായമുള്ള ഫ്രാൻസിസ് ഉസോഹോ ആയിരുന്നു. ടീനേജറായ ഗോൾകീപ്പർ പ്രതികരിക്കുന്നതിനു മുമ്പേ തന്നെ പന്ത് അയാളെക്കടന്ന് പോസ്റ്റിലേക്കു പോയി! ലോകം കാത്തിരുന്ന നിമിഷമെത്തി. ടൂർണ്ണമ​​​​െൻറിലെ പതിമൂന്നാമത്തെ ശ്രമത്തിൽ മെസ്സി ലക്ഷ്യം കണ്ടു. ഗാലറിയിൽ മാറഡോണ ആവേശഭരിതനായി പ്രാർത്ഥിച്ചു. ആരാധകർ കണ്ണീരണിഞ്ഞു.

മെസ്സി ഗോളടിക്കുന്ന നൂറാമത്തെ സ്റ്റേഡിയമായി സെൻ്റ് പീറ്റേഴ്സ്ബർഗ്ഗ് മാറി. ഇൗ കണക്ക് അയാളുടെ കഴിവിനെക്കുറിച്ച് ചിലതെല്ലാം സംസാരിക്കുന്നുണ്ട്. അധികം വൈകാതെ ഒരു ഗോൾകൂടി മെസ്സി നേടുമായിരുന്നു. ഡി മരിയയെ ലിയോൺ ബാലോഗൺ ഫൗൾ ചെയ്തപ്പോൾ ലഭിച്ച ഫ്രീകിക്ക് കൃത്യമായ രീതിയിലാണ് നായകൻ പായിച്ചത്. പക്ഷേ പന്ത് ഗോൾകീപ്പറുടെ വിരലുകളെ ചുംബിച്ച് പോസ്റ്റിലിടിച്ച് തെറിച്ചതുകണ്ടപ്പോൾ മെസ്സി നിരാശയോടെ ചിരിച്ചു. ആ മനസ്സ് പറഞ്ഞിരിക്കാം-''ഒരിഞ്ച്...ഒരേയൊരിഞ്ചിൻ്റെ നഷ്ടം....!''

കളിക്കിടെ മഷറാനോയ്ക്ക് പരിക്കേറ്റപ്പോൾ
 


പക്ഷേ അർജൻ്റീനയുടെ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. നൈജീരിയയുടെ മറുപടി ഗോൾ മോസസ് നേടി. ആ പെനൽറ്റിക്ക് വഴിയൊരുക്കിയത് അർജൻ്റീനയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഹാവിയർ മഷെറാനോയായിരുന്നു. ഇതോടെ കഴുകൻമാർ ഉണർന്നു. മെസ്സിക്ക് ചുറ്റും എപ്പോഴും നാലുപേരെങ്കിലും വട്ടമിട്ടു പറന്നു. മറ്റൊരു പെനാൽറ്റിയിൽ നിന്ന് അർജൻ്റീന കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സുവർണ്ണാവസരങ്ങൾ തുലയ്ക്കപ്പെട്ടു. മിസ്പാസുകളുടെ ബഹളം. അതുവരെ മാച്ചിലെ ഹീറോയായിരുന്ന ബനേഗ പോലും പിഴവുകൾ വരുത്തുന്നത് മെസ്സി ഞെട്ടലോടെ കണ്ടുനിന്നു. ടീം പത്താം നമ്പറുകാരനെ ആവശ്യത്തിൽ കൂടുതൽ ആശ്രയിക്കുകയാണോ എന്ന ചോദ്യമുയർന്നു.

സ്കോറിങ്ങ് ചുമതലകൾ പങ്കുവെയ്ക്കാൻ ഒരാൾ മെസ്സി ആഗ്രഹിച്ചത് അതാണ്. മാർക്കസ് റോഹോയിലൂടെ അത് നടപ്പിലാക്കപ്പെട്ടു. കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കിയുള്ളപ്പോൾ വന്ന ആ ഗോളിൻറെ വില മനസ്സിലാകാൻ മെസ്സിയുടെ ആഹ്ലാദപ്രകടനം മാത്രം ശ്രദ്ധിച്ചാൽ മതിയാകും. റൗണ്ട് ഒാഫ് സിക്സ്റ്റീനിലേക്ക് അർജൻ്റീന നടന്നുകയറി. തൻെറ ഗോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിലോ മഞ്ഞക്കാർഡ് ലഭിച്ചതിലോ മെസ്സി വിഷമിക്കുമെന്ന് തോന്നുന്നില്ല. അയാളെ സംബന്ധിച്ചിടത്തോളം ടീമിൻ്റെ വിജയം മാത്രമാവും പ്രധാനം.


സെക്കൻഡ് ഹാഫിന് മുന്നോടിയായി ടീം അംഗങ്ങളോട് സംസാരിക്കുമ്പോൾ മെസ്സിയുടെ മുഖത്ത് ആത്മവിശ്വാസം തെളിഞ്ഞുകാണാമായിരുന്നു. ഇൗ മനോഭാവമാണ് കളിയിൽ സഹായിച്ചത്. സ്കോർനില 1-1 ആയപ്പോഴും മെസ്സിയും കൂട്ടരും സമചിത്തത വെടിഞ്ഞില്ല. എല്ലാം കൈവിട്ടുപോയവരെപ്പോലെ അർജൻ്റീന കളിച്ചില്ല. അതിൻ്റെ ഫലമാണ് ഈ വിജയം. കഴിഞ്ഞ ലോകകപ്പിൽ നൈജീരിയയെ തോൽപ്പിച്ചത് മെസ്സിയുടെ ബ്രെയ്സ് ആണ്. അർജൻ്റീനക്ക് വേണ്ടി 65 ഗോളുകളും 43 അസിസ്റ്റുകളുമായി ഈ 1.7 മീറ്ററുകാരൻ ഉയർന്നുനിൽക്കുകയാണ്. സ്നേഹക്കൂടുതൽ കൊണ്ട് മെസ്സിയെ വിമർശിക്കുന്നവരും ധാരാളമുണ്ട്. കുറ്റം പറയുമ്പോഴും അർജൻ്റീനയെ മുന്നോട്ട് നയിക്കാൻ മെസ്സിയേ ഉള്ളൂ എന്ന ബോദ്ധ്യം നമുക്കുണ്ട്. 


കളികാണാനെത്തുന്ന മാറഡോണ രണ്ടു വാച്ചുകൾ ധരിക്കാറുണ്ട്. ഒന്നിൽ റഷ്യൻ സമയമാണെങ്കിൽ അടുത്ത വാച്ചിൽ അർജൻ്റീനാ സമയമാണ്. അർജ്റീനയുടെ സമയം ശരിയാക്കാൻ മെസ്സി തന്നെ വേണമെന്ന് മാറഡോണക്കറിയാം. അതുകൊണ്ടാണല്ലോ അദ്ദേഹം മെസ്സിയുടെ പത്താം നമ്പർ ജഴ്സിയിൽ ഉമ്മവെച്ച് ഗാലറിയിൽ തുള്ളിച്ചാടുന്നതും ! മെസ്സീ,ലോകത്തിൻെറ പ്രതീക്ഷകൾ നിങ്ങളിലുണ്ട്. നാലുതവണ കൂടി വിജയിക്കാൻ കഴിയുമെന്ന് മനസ്സിനെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തൂ. ഇതുപോലെ ആത്മവിശ്വാസത്തോടെ കളിക്കൂ. നിങ്ങൾക്ക് അസാദ്ധ്യമായി ഒന്നുമില്ലെന്ന സാംപോളി വചനം യാഥാർത്ഥ്യമാക്കൂ. കമോൺ ലിയോ,യൂ കാൻ ഡൂ ഇറ്റ്....!!
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports news
News Summary - messi fifa worldcup 2018- Sports news
Next Story