മെസ്സിക്ക് 40ാം ഹാട്രിക്; തോൽവിയറിയാതെ ബാഴ്സക്ക് 38
text_fieldsമഡ്രിഡ്: ലയണൽ മെസ്സിയുടെ ഹാട്രിക് മികവിൽ സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണക്ക് അപരാജിത കുതിപ്പ്. മെസ്സി ട്രിക്കിൽ ലെഗാനസിനെ 3-1ന് വീഴ്ത്തി ബാഴ്സ സ്പെയിനിൽ മറ്റൊരു റെക്കോഡിനൊപ്പവും ഇടംപിടിച്ചു. രണ്ട് സീസണിലായി തോൽവിയറിയാതെ 38 മത്സരം. 1979-80 സീസണിൽ റയൽ സൊസീഡാഡ് നടത്തിയ െഎതിഹാസിക കുതിപ്പിനൊപ്പമാണ് (38) ബാഴ്സ ഇടംപിടിച്ചത്. ഇൗ സീസണിൽ 31കളി ജയിച്ച കറ്റാലൻമാർ, കഴിഞ്ഞ സീസണിലെ അവസാന ഏഴു മത്സരത്തിലും തോൽവിയറിഞ്ഞിട്ടില്ല.
ലെഗാനസിനെതിരെ നുകാംപിൽ ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ നേടിയ മെസ്സി കളിതീരാൻ മൂന്നു മിനിറ്റ് ശേഷിക്കേ മൂന്നാം വട്ടവും വലകുലുക്കി. കരിയറിൽ മെസ്സിയുടെ 40ാം ഹാട്രിക്കാണിത്. ലാലിഗയിലെ 29ാമത്തെയും. 68ാം മിനിറ്റില്‍ നബീൽ എല്സാറിലൂടെ ലെഗനെസ് ഒരു ഗോള്‍ മടക്കിയെങ്കിലും ബാഴ്സക്കെതിരെ വെല്ലുവിളി ഉയർത്താനായില്ല.
30 വാരെ അകലെനിന്ന് മെസ്സി നേടിയ അതി മനോഹരമായ ഒരു ഫ്രീകിക്കിലൂടെയാണ് ആദ്യഗോൾ പിറന്നത്. 2006-2007 സീസണിൽ റൊണാൾഡീന്യോ നേടിയ ആറ് ഫ്രീകിക്ക് ഗോളുകൾക്കുശേഷം ഇൗ നേട്ടം കൈവരിക്കുന്ന ആദ്യ താരവും മെസ്സിയാണ്. ഇതോടെ ലീഗിലെ മെസ്സിയുടെ ഗോൾ സമ്പാദ്യം 29 ആയി. സീസണിൽ ഏഴ് മത്സരങ്ങൾ ബാക്കി നിൽക്കേ 79 പോയൻറുള്ള ബാഴ്സലോണക്ക് രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡിനെക്കാൾ ലീഡായി (12). റയൽ മഡ്രിഡ് (63) മൂന്നും വലൻസിയ (62) നാലും സ്ഥാനത്താണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
