മലപ്പുറത്തെ ഒരു താരം കൂടി ഐ ലീഗിലേക്ക്

23:16 PM
12/08/2017

മലപ്പുറം: ഫുട്​ബാള്‍ പ്രേമികൾക്ക് ആവേശം പകർന്ന് വീണ്ടും മലപ്പുറത്തുനിന്ന്​ ഒരു താരം ഐ ലീഗിലേക്ക്. മലപ്പുറം കാവുങ്ങല്‍ സ്വദേശി മഷ്ഹൂറാണ്​ ചെന്നൈ സിറ്റി എഫ്.സിക്കായി കളിക്കുക. ചെന്നൈ ലീഗില്‍ ഹിന്ദുസ്ഥാന്‍ ഈഗിള്‍സിന് വേണ്ടി നടത്തിയ മിന്നും പ്രകടനമാണ് ഈ മധ്യനിരക്കാരനെ ഐ ലീഗിലെത്തിച്ചത്. ആഗസ്​റ്റ് അവസാനം ടീമില്‍ ചേരാനാണ് ധാരണ. 

പനമ്പള്ളി നഗര്‍ സർക്കാർ ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസിലെത്തിയതോടെയാണ് മഷ്​ഹൂർ കളിയിൽ കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത്. ബിരുദ പഠനത്തിനായി കണ്ണൂര്‍ സി.എം കോളജിലെത്തിയപ്പോൾ പ്രകടനം കൂടുതൽ മെച്ചപ്പെട്ടു. ഇവിടെ മുന്‍ ഇന്ത്യന്‍ ഫുട്‌ബാള്‍ താരം ധനേഷായിരുന്നു പരിശീലകൻ. രണ്ടുതവണ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കായി കളത്തിലിറങ്ങി.  

2015ല്‍ എം.ജി യൂനിവേഴ്‌സിറ്റിക്കായി ഒാള്‍ ഇന്ത്യ ടൂർണമ​െൻറ് കളിച്ചു. ചെന്നൈ ആരോ, എയര്‍ ഇന്ത്യ മുംബൈ, കൊല്‍ക്കത്ത പ്രയാഗ് യുനൈറ്റഡ് എന്നീ ക്ലബുകളില്‍ കളിച്ചശേഷമാണ് ഹിന്ദുസ്ഥാന്‍ ഈഗിള്‍സിലെത്തിയത്. ബുധനാഴ്ചയാണ് ഐ ലീഗ് ക്ലബ്​ ചൈന്നൈ സിറ്റി എഫ്.സിയുമായി കരാര്‍ ഒപ്പിട്ടത്. മുന്‍ കെ.എസ്.ഇ.ബി താരം ഷാജറുദ്ദീനായിരുന്നു ആദ്യകാല പരിശീലകന്‍. കാവുങ്ങല്‍ തങ്ങളകത്ത് ശരീഫ്^ഫാത്തിമ ദമ്പതികളുടെ മകനാണ്. ഷാഹിയ, ഫാത്തിമ എന്നിവർ സഹോദരിമാരാണ്. 
 

COMMENTS