ലീഗ് കപ്പ് സെമി ഫൈനല്‍: ആദ്യ പാദം കടന്ന് യുനൈറ്റഡ്; ഹള്‍സിറ്റിയെ 2-0ന് തോല്‍പിച്ചു

23:06 PM
11/01/2017
ഗോള്‍ നേടിയ ഫെല്ളെയ്നിയെ അഭിനന്ദിക്കുന്ന യുനൈറ്റഡ് മാനേജര്‍ ഹൊസെ മൗറീന്യോ
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ആദ്യ കപ്പ് ഓള്‍ഡ് ട്രഫോഡിലത്തെിക്കാന്‍ ഹൊസെ മൗറീന്യോക്ക് ഇനി കാത്തിരിക്കേണ്ടത് രണ്ടു മത്സരങ്ങള്‍ കൂടി മാത്രം. ലീഗ് കപ്പിലെ ആദ്യ പാദ സെമിഫൈനലില്‍ ഹള്‍സിറ്റിയെ 2-0ന് തോല്‍പിച്ചതോടെ ഫൈനല്‍ പ്രവേശനം ഏറക്കുറെ ഉറപ്പിച്ചു. സ്വന്തം തട്ടകത്തില്‍ നടന്ന വാശിയേറിയ മത്സരത്തിന്‍െറ  56ാം മിനിറ്റില്‍ സ്പാനിഷ് താരം യുവാന്‍ മാറ്റയും 87ാം മിനിറ്റില്‍ ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ മൗറെയ്ന്‍ ഫെല്ളെയ്നിയും നേടിയ ഗോളിലാണ് യുനൈറ്റഡിന്‍െറ ജൈത്രയാത്ര. എവേ മത്സരത്തിന് രണ്ടാം പാദത്തിനിറങ്ങുമ്പോള്‍ ഹള്‍സിറ്റിയുടെ കെ.സി.ഒ.എം സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് ആരാധകരുടെ ആരവങ്ങള്‍ മറികടന്ന് മുന്നേറാനായാല്‍ യുനൈറ്റഡിന് ഫൈനല്‍ പ്രവേശനം ഉറപ്പ്. അടുത്തിടെ വിജയിച്ച് മാത്രം മുന്നേറുന്ന യുനൈറ്റഡിന് ഈ ഫോമില്‍ ഹള്‍സിറ്റിയെ എളുപ്പം മറികടക്കാനാവും. 

ജനുവരി 27നാണ് രണ്ടാം പാദം. രണ്ടാം സെമിഫൈനല്‍ മത്സരം സതാംപ്ടണും-ലിവര്‍പൂളും തമ്മിലാണ്. രണ്ടാം പകുതിയില്‍ യുനൈറ്റഡ് നേടിയ ഇരു ഗോളുകളും മനോഹരമായിരുന്നു. വലതുവിങ്ങില്‍ നിന്നും എക്വഡോര്‍ താരം അന്‍േറാണിയോ വലന്‍സിയ നല്‍കിയ നീളന്‍ ക്രോസ് ഹെന്‍റിക് മിഖിത്ര്യാന്‍ ഹെഡ്ചെയ്ത് യുവാന്‍ മാറ്റക്ക് നല്‍കിയതാണ് ഗോളായി മാറിയത്. പോസ്റ്റിന്‍െറ വലതുമൂലയിലേക്കു നീങ്ങിയ പന്ത് യുവാന്‍ മാറ്റ ഓഫ്സൈഡ് കെണി മറികടന്ന് വലയിലാക്കുകയായിരുന്നു. പിന്നീട് കളിതീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ഡിഫന്‍ഡര്‍ മാറ്റിയോ ഡാര്‍മിയാന്‍ ഇടതു വശത്തുനിന്നും ഫെല്ലിനിയെ ലക്ഷ്യമാക്കി നല്‍കിയ ക്രോസ് ബെല്‍ജിയം താരം ഗോള്‍ലൈന്‍ കടത്തുകയായിരുന്നു.
COMMENTS