ആഴ്സനലിനെയും തോൽപിച്ച് മാഞ്ചസ്റ്ററിെൻറ കുതിപ്പ്; പൊഗ്ബക്ക് ചുവപ്പ് കാർഡ്
text_fieldsലണ്ടൻ: ചുവപ്പു കാർഡ് ലഭിച്ച് പോൾ പൊഗ്ബ പുറത്തായിട്ടും മാഞ്ചസ്റ്റർ യുനൈറ്റഡിനെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ തളക്കാൻ ആഴ്സനലിനായില്ല. ഗണ്ണേഴ്സിനെ 3-1ന് തോൽപിച്ച് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് കുതിപ്പു തുടരുന്നു. 90 മിനിറ്റും നിറഞ്ഞു കളിച്ചത് ആഴ്സനലും ഗോളടിച്ചത് മാഞ്ചസ്റ്റർ യുനൈറ്റഡുമായിരുന്നു.
ആദ്യ 11 മിനിറ്റിനിടെ രണ്ടു തവണ ഗണ്ണേഴ്സിെൻറ വലകുലുങ്ങി. വലൻസിയയും (4) പിന്നാലെ ജെസ്സി ലിൻഗാർഡുമാണ് (11) ആഴ്സൻ വെങ്ങറിെൻറ കണക്കുകൂട്ടൽ തെറ്റിച്ചത്. രണ്ടാം പകുതിയിൽ അലക്സാണ്ടർ ലാകസെറ്റയിലൂടെ (49) തിരിച്ചുവരാൻ ഗണ്ണേഴ്സ് ഒരുങ്ങിയെങ്കിലും ലിൻഗാർഡ്(63) എതിരാളികളുടെ പ്രതീക്ഷ വീണ്ടും തകർത്തു. രണ്ടു ഗോളിന് വഴിയൊരുക്കിയ പൊഗ്ബ 74ാം മിനിറ്റിലാണ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോവുന്നത്. ഇതോടെ, യുനൈറ്റഡ് പൂർണമായി പ്രതിരോധത്തിലേക്ക് വലിഞ്ഞ് കോട്ടകെട്ടിയതോടെ സീസണിൽ ഗണ്ണേഴ്സിന് അഞ്ചാം തോൽവിയായി. 35 പോയൻറുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുനൈറ്റഡ്.
