7-0: സിറ്റിയുടെ ഷാൾകെ ദഹനം

21:41 PM
13/03/2019
ലണ്ടൻ: കളിപഠിപ്പിച്ച ക്ലബിനെ മുന്നിൽ കിട്ടിയപ്പോൾ ലെറോയ്​​ സാനെ അവരുടെ ഗുരുവായി മാറി. ചാമ്പ്യൻസ്​ ലീഗ്​ പ്രീക്വാർട്ടറിൽ ജർമൻ ക്ലബായ ഷാൾകെ എഫ്​.സി മാഞ്ചസ്​റ്റർ സിറ്റിയെ നേരിടാനെത്തിയപ്പോൾ അവ​ർക്ക്​ തലവേദനയായത്​ തങ്ങളുടെ പഴയ താരം തന്നെ.

ഷാൾകെ യൂത്ത്​ അക്കാദമിയിൽ ആറും സീനിയർ ടീമിൽ രണ്ടും വർഷം കളിച്ചു നടന്ന്​ ലോകമറിയുന്ന താരമായി സിറ്റിയിലേക്ക്​ കൂടുമാറിയ ലെറോയ്​​ സാ​െനയായിരുന്നു ഇത്തിഹാദ്​ സ്​റ്റേഡിയത്തിൽ ഷാൾകെയുടെ കൂട്ടക്കശാപ്പിന്​ നേതൃത്വം നൽകിയത്​. രണ്ടാം പാദത്തിൽ സിറ്റി 7-0ത്തിന്​ ജർമൻ ടീമിനെ ദഹിപ്പിച്ചപ്പോൾ ​സാനെയുടെ പേരിൽ ഒരു ഗോൾ മാത്രമാണ്​ രേഖപ്പെടുത്തിയത്​. എന്നാൽ, കൂട്ടുകാരെക്കൊണ്ട്​ ഗോളടിപ്പിക്കുന്നതിലായിരുന്നു ഇൗ മുൻ ഷാൾകെ താരം ആവേശംകൊണ്ടത്​.

ആദ്യപാദത്തിൽ 3-2ന് കഷ്​ടിച്ച്​​ ജയിച്ച സിറ്റി കഴിഞ്ഞ രാത്രിയിലെ ജയത്തോടെ 10-2 അ​ഗ്രിഗേറ്റ്​ വിജയവുമായി ക്വാർട്ടറിലെത്തി. സെർജിയോ അഗ്യൂറോ (35, 38) രണ്ടും, റഹിം സ്​റ്റർലിങ്​ (56), ബെർണാഡോ സിൽവ (71), ഫിൽ ഫോഡൻ (78), ഗബ്രിയേൽ ജീസസ്​ (84) എന്നിവർ ഒാരോ ​േഗാളും നേടി. ഒരു ഗോൾ നേടിയ സാനെ (42), മൂന്നു ഗോളിനാണ്​ വഴിയൊരുക്കിയത്​. ക്വാർട്ടറിലെത്തിയ സിറ്റി വിജയ മാർജിനിൽ ചാമ്പ്യൻസ്​ ലീഗ്​ റെക്കോഡിനൊപ്പമെത്തി. 2011ൽ ബയേൺ മ്യുണിക്​ ബാസലിനെയും 2014ൽ ഷാക്​തർ ഡൊണസ്​കി​നെയും തോൽപിച്ച (7-0) റെക്കോഡിനൊപ്പമാണ്​ സ്​ഥാനം. 
 
Loading...
COMMENTS