തുടർച്ചയായ 14 ജയം; മാഞ്ചസ്റ്റർ സിറ്റിക്ക് റെക്കോഡ്
text_fieldsലണ്ടൻ: പ്രീമിയർ ലീഗിൽ ഒരു സീസണിൽ തുടർച്ചയായ 14 ജയങ്ങളെന്ന അപൂർവ റെക്കോഡ് പെപ് ഗാർഡിയോളയും സംഘവും സ്വന്തമാക്കുമോയെന്നായിരുന്നു മാഞ്ചസ്റ്ററിലെ നാട്ടങ്കത്തിന് മുമ്പ് ഫുട്ബാൾ ലോകത്തിെൻറ ആകാംക്ഷ. റെക്കോഡിെൻറ പടിവാതിൽക്കലിൽ സിറ്റിയെ യുനൈറ്റഡ് തടയുമെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ, ആധികാരികമായി ജയിച്ച സിറ്റി റെക്കോഡും സ്വന്തംപേരിലാക്കി. ഡേവിഡ് സിൽവയുടെയും നികോളസ് ഒാട്ടമെൻഡിയുടെയും ഗോളുകളിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജയം. ഇതോടെ ചെൽസിയുടെ പേരിലെ തുടർജയമെന്ന റെക്കോഡ് (13) ഗാർഡിയോളയുടെ സംഘം സ്വന്തമാക്കി. 2002ൽ ആഴ്സനലും ഇൗ നേട്ടം കൈവരിച്ചിരുന്നെങ്കിലും അത് രണ്ടു സീസണുകളിലായിരുന്നു.
ഒാൾഡ് ട്രഫോഡിൽ പന്തടക്കത്തിലും ഷോട്ടുകളിലും പാസിലും സിറ്റി ബഹുദൂരം മുന്നിലായിരുന്നു. 65 ശതമാനം പന്ത് കൈവശം െവച്ചപ്പോൾ, യുനൈറ്റഡിന് പന്തുതൊടാനായത് 35 ശതമാനം മാത്രം. ഷോട്ടുകളിൽ സിറ്റി 14ഉം യുനൈറ്റഡ് എട്ടും. 502 പാസുകൾ സിറ്റി പൂർത്തിയാക്കിയപ്പോൾ യുനൈറ്റഡിെൻറ കൃത്യപാസുകൾ 225 മാത്രം. ഒാൾഡ് ട്രഫോഡിലായിരുന്നു സിറ്റിയുടെ ഇൗ ആധിപത്യമെന്നത് ജയത്തിെൻറ മാറ്റുകൂട്ടുന്നു. പോൾ പോഗ്ബ സസ്പെൻഷനിലായത് യുനൈറ്റഡിെൻറ മധ്യനിര നീക്കങ്ങളെ സാരമായി ബാധിച്ചത് മത്സരത്തിലുടനീളം കാണാമായിരുന്നു. 16 മത്സരങ്ങളിൽ ഇതോടെ സിറ്റിക്ക് 46 പോയൻറായി. രണ്ടാമതുള്ള യുനൈറ്റഡിനേക്കാൾ 11 പോയൻറ് ലീഡ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇത്തവണ പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദ് സ്റ്റേഡിയത്തിലെത്തുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
